വിവാദങ്ങൾക്ക് പിന്നാലെ താൻ ആരാധിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ പേരുൾപ്പെടെ തന്റെ രാഷ്ട്രീയ നിലപാടും അദ്ദേഹം വ്യക്തമാക്കി.

മലയാളത്തിലെ ക്ലാസിക് ചിത്രം 'സ്ഫടികത്തിൽ' മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ചുകൊണ്ട് സിനിമയിൽ അരങ്ങേറ്റം കുറിച്ചയാളാണ് രൂപേഷ് പീതാംബരൻ. പിന്നീട് ദുൽഖറിനെ നായകനാക്കി തീവ്രം, ടോവിനോ തോമസ് ചിത്രം യൂ ടൂ ബ്രൂട്ടസ് തുടങ്ങീ ചിത്രങ്ങളും രൂപേഷ് സംവിധാനം ചെയ്യുകയുണ്ടായി. ടോം ഇമ്മട്ടി സംവിധാനം ചെയ്ത ടൊവിനോ തോമസ് ചിത്രം ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിലും മികച്ച വേഷം രൂപേഷ് കൈകാര്യം ചെയ്തിരുന്നു.

മെക്സിക്കൻ അപാരതയുടെ കഥയുമായി ബന്ധപ്പെട്ട് അടുത്തിടെ വലിയ വിവാദങ്ങളും രൂപപ്പെട്ടിരുന്നു. മെക്സിക്കൻ അപാരതയുടെ വാണിജ്യ വിജയം മുന്നിൽ കണ്ടുകൊണ്ടാണ് കെ.എസ്.യുവിന്റെ കഥ എസ്.എഫ്.ഐ ആക്കിയത് എന്നായിരുന്നു രൂപേഷിന്റെ വെളിപ്പെടുത്തൽ.ഇതിന് പിന്നാലെ ചിത്രത്തിന്റെ സംവിധായകൻ ടോം ഇമ്മട്ടി രംഗത്തെത്തുകയും, അത് ചെഗുവേരയുടെ കഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ചെയ്തതെന്നും പറഞ്ഞു. എന്നാൽ ചിത്രത്തിലെ പ്രധാന താരങ്ങളിലൊരാളായ ജിനോ ജോൺ മെക്സിക്കൻ അപാരത തന്റെ ജീവിത കഥയാണെന്ന് ചൂണ്ടികാണിച്ച് രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട വാദ പ്രതിവാദങ്ങൾ തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തന്റെ രാഷ്ട്രീയം എന്താണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് രൂപേഷ് പീതാംബരൻ. താൻ കോളേജിൽ കെഎസ്‍യുകാരനായി മത്സരിച്ച് വിജയിച്ച ആളാണെന്നും, നരേന്ദ്ര മോദി, നായനാർ, കരുണാകരൻ, ജയലളിത, വാജ്‌പേയ്, എന്നിവരാണ് താൻ ആരാധിക്കുന്ന നേതാക്കളെന്നും ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ രൂപേഷ് പീതാംബരൻ പറയുന്നു.

"ഞാൻ കോളേജിൽ പഠിക്കുമ്പോൾ KSUയുടെ പാനലിൽ നിന്ന് പ്രീ-ഡിഗ്രി പ്രതിനിധിയായി (Pre-degree Rep) വിജയിച്ചിട്ടുള്ളവനാണ്. മെക്സിക്കൻ അപാരതയിൽ KSUകാരനായിട്ടും അഭിനയിച്ചിട്ടുണ്ട്. പക്ഷെ എന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ നിഷ്പക്ഷമാണ്. ഞാൻ ആരാധിക്കുന്ന നേതാക്കൾ ഇവരാണ്: കെ. കരുണാകരൻ (Indian National Congress) ഇ. കെ. നയനാർ (Marxist) അടൽ ബിഹാരി വാജ്പേയി (Janata Party), ജെ. ജയലളിത (AIADMK) നരേന്ദ്ര മോദി (BJP) അതിനാൽ പൊളിറ്റിക്കൽ അജണ്ട ഒന്നുമില്ലാതെ, മെക്സികൻ അപാരതയിൽ ഉണ്ടായ കാര്യം സത്യസന്ധമായിട്ടാണ് ഞാൻ പറഞ്ഞത്. “പച്ചക്കള്ളം” ഞാൻ പറഞ്ഞുവെന്ന് ടോം ഇമ്മട്ടി ആരോപിച്ചപ്പോൾ ഞാൻ പ്രതികരിച്ചു. എന്നാൽ, ആ പ്രതികരണത്തിലൂടെ ജിനോ ജോണിന്റെ സത്യം പുറത്തുവന്നതിൽ എനിക്ക് വളരെ അധികം സന്തോഷമുണ്ട് അഭിമാനമുണ്ട്. സത്യമേവ ജയതേ." രൂപേഷ് കുറിച്ചു.

അവാർഡ് ലോബി

2016 ൽ നടന്ന കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തെ കുറിച്ചതും രൂപേഷ് വിമർശനമുന്നയിച്ചിരുന്നു. അത്തവണത്തെ അവാർഡിൽ ലോബിയിങ്ങ് ഉണ്ടായിരുന്നുവെന്നായിരുന്നു രൂപേഷിന്റെ വെളിപ്പെടുത്തൽ. "കേരളത്തില്‍ കഴിഞ്ഞ പത്ത് കൊല്ലത്തിനിടെ ഉണ്ടായൊരു സംഭവമുണ്ട്. ഞാനതിന് സാക്ഷിയാണ്. പറഞ്ഞാല്‍ ഏത് സിനിമയാണെന്ന് മനസിലാകും. എങ്കിലും പറയാം. ഭരിക്കുന്ന പാര്‍ട്ടിയിലെ ആളുകള്‍ നായകന്റെ വളരെ അടുത്ത സുഹൃത്തുക്കളാണ്. അവനൊരു പടം ചെയ്തു. ഗംഭീര വിജയമായി. സുഹൃത്തായ രാഷ്ട്രീയക്കാരനോട് എന്താടോ നമുക്കൊന്നും അവാര്‍ഡില്ലേ എന്ന് ചോദിച്ചു. വിശ്വസിക്കാനാകില്ല. ആ സിനിമയ്ക്ക് നടന്‍, സംവിധായകന്‍, സിനിമ, നടി എല്ലാ സ്‌റ്റേറ്റ് അവാര്‍ഡും കിട്ടി. അതിലെ ഒരു നിര്‍മാതാവ് നടനാണ്. ഈ സിനിമയ്ക്ക് കൊടുക്കാന്‍ പറ്റാത്തതിനാല്‍ വേറൊരു സിനിമയിലെ അഭിനയത്തിന് സ്റ്റേറ്റ് അവാര്‍ഡ് കൊടുത്തു. മൊത്തം അവാര്‍ഡും ആ ടീമിനായിരുന്നു. സിനിമയുടെ പേരും വര്‍ഷവും പറയില്ല. ലോബിയിങ് ആണ്. എന്റെ സിനിമകളൊന്നും അവാര്‍ഡിന് അയച്ചിട്ടില്ല. ഇനി ചെയ്യുന്ന സിനിമകളും അയക്കില്ല." ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു രൂപേഷിന്റെ വെളിപ്പെടുത്തൽ.

രൂപേഷ് പറഞ്ഞ ചിത്രമേത്?

അതേസമയം രൂപേഷ് ആരോപിച്ച സിനിമ ദുൽഖർ സൽമാൻ നായകനായി എത്തിയ 'ചാർളി' ആണെന്നായിരുന്നു സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. മികച്ച നടൻ, സംവിധായകന്‍, സിനിമ, നടി, ഛായാഗ്രഹണം തുടങ്ങീ എട്ട് പുരസ്കാരങ്ങളായിരുന്നു ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ലഭിച്ചിരുന്നത്. ചിത്രത്തിന്റെ സഹ നിർമ്മാതാക്കളിൽ ഒരാളായിരുന്ന ജോജു ജോർജിന് ആ വർഷം തന്നെ, ലുക്ക ചുപ്പി, ഒരു സെക്കന്റ് ക്ലാസ് യാത്ര എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് പ്രത്യേക ജൂറി പുരസ്കാരവും ലഭിച്ചിരുന്നു.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News