വന്‍ വിജയം നേടിയ അഖണ്ഡയുടെ രണ്ടാം ഭാഗം

മലയാളത്തില്‍ നിന്നുള്ള നിരവധി നടിമാര്‍ മറുഭാഷാ പ്രേക്ഷകരുടെയും കൈയടി നേടിയിട്ടുണ്ട്. ആ നിരയിലേക്ക് ഇടം പിടിച്ചിരിക്കുകയാണ് സംയുക്തയും. 2016 ല്‍ മലയാള ചിത്രങ്ങളിലൂടെ അഭിനയ ജീവിതം ആരംഭിച്ച സംയുക്ത തീവണ്ടി, ഉയരെ, വെള്ളം, കടുവ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പിന്നീട് തമിഴിലും കന്നഡത്തിലുമൊക്കെ അഭിനയിച്ച സംയുക്ത ഇപ്പോള്‍ ഏറ്റവും തിളങ്ങുന്നത് തെലുങ്ക് സിനിമയിലാണ്. അപ്കമിംഗ് പ്രോജക്റ്റുകളില്‍ കൂടുതലും തെലുങ്കില്‍ നിന്ന് തന്നെ. അതിലൊന്ന് നന്ദാമുരി ബാലകൃഷ്ണയുടെ നായികയാവുന്ന അഖണ്ഡ 2 ആണ്. 

അഞ്ച് പതിറ്റാണ്ട് ആയി അഭിനയരംഗത്തുള്ള ബാലകൃഷ്ണയുടെ ബോക്സ് ഓഫീസിലെ ആദ്യ 100 കോടി ചിത്രമായിരുന്നു 2021 ല്‍ പുറത്തെത്തിയ അഖണ്ഡ. ബോയപതി ശ്രീനു ആയിരുന്നു ചിത്രത്തിന്‍റെ സംവിധായകന്‍. രണ്ടാം ഭാഗം ഒരുക്കുന്നതും അദ്ദേഹം തന്നെ. ആദ്യ ചിത്രം വന്‍ വിജയം നേടിയതിനാല്‍ കൂടുതല്‍ വലിയ കാന്‍വാസില്‍ ആവും അഖണ്ഡ 2 എത്തുകയെന്ന് ഉറപ്പാണ്. പ്രകടനത്തിന് ഏറെ അവസരമുള്ള റോള്‍ ആയിരിക്കും സംയുക്തയുടേതെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് റാം അചണ്ട പറഞ്ഞിട്ടുണ്ട്.

ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം ആക്ഷനും ഡ്രാമയും ആത്മീയമായ ഘടകങ്ങളുമൊക്കെ ചേര്‍ന്നതായിരിക്കും. നിലവില്‍ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ ഷൂട്ട് മെയ് മാസത്തില്‍ അവസാനിക്കും. വിജയ ചിത്രങ്ങളുടെ സീക്വലുകളില്‍ പലതും വന്‍ വിജയം നേടിയതിന്‍റെ പശ്ചാത്തലത്തില്‍ വിജയപ്രതീക്ഷയിലാണ് അഖണ്ഡ 2 നിര്‍മ്മാതാക്കള്‍. 

അതേസമയം സ്വയംഭൂ, നാരി നാരി നടുമാ മുരാരി, ബിഎസ്എസ് 12 എന്നീ ചിത്രങ്ങളും സംയുക്തയുടേതായി തെലുങ്കില്‍ വരാനുണ്ട്. അയ്യപ്പനും കോശിയും എന്ന മലയാളത്തിലെ വിജയ ചിത്രത്തിന്‍റെ തെലുങ്ക് റീമേക്ക് ഭീംല നായകിലൂടെ ആയിരുന്നു സംയുക്തയുടെ തെലുങ്ക് അരങ്ങേറ്റം.

ALSO READ : ഇതാണ് 'എസ് ഐ സന്തോഷ്'; 'പ്രാവിന്‍കൂട് ഷാപ്പി'ലെ 'ഷാര്‍പ്പ് ഷൂട്ടര്‍' സോംഗ് എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം