അപ്പോഴേ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ചായ്‌വ് തനിക്ക് മനസിലായെന്നും സംവിധായകൻ എം എ നിഷാദ്

സുരേഷ് ഗോപിയുമായുള്ള തന്‍റെ ഷൂട്ടിംഗ് ഓര്‍മ്മ പങ്കുവച്ച് സംവിധായകന്‍ എം എ നിഷാദ്. ആയുധം എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് ഒരു ഡയലോഗ് പറയാന്‍ സുരേഷ് ഗോപി ഒരുക്കമല്ലായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ചായ്വ് തനിക്ക് അപ്പോഴേ മനസിലായെന്നും എം എ നിഷാദ് പറയുന്നു. പോപ്പിന്‍സ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എം എ നിഷാദ് ഇക്കാര്യം പറയുന്നത്. “ആയുധം എന്ന സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ എന്‍റെ ഏറ്റവും വലിയൊരു ഭാഗ്യം മുരളി ചേട്ടനും തിലകന്‍ ചേട്ടനുമുണ്ട് ഒപ്പം സുരേഷ് ഗോപിയുമുണ്ട് എന്നതായിരുന്നു. സുരേഷ് ഗോപി അന്ന് ഒരു ഡയലോഗ് പറയില്ല എന്ന് പറഞ്ഞു. അപ്പോഴേ എനിക്ക് മനസിലായി, പുള്ളിയുടെ ചാട്ടം എങ്ങോട്ടാണ് എന്ന്. അത് പറയണമെന്ന് ഞാന്‍ പറഞ്ഞു. അതെങ്ങനെ ശരിയാവും എന്ന് എന്നോട് ചോദിച്ചു”, എം എ നിഷാദ് പറയുന്നു. 

“അതേ ശരിയാവൂ എന്ന് ഞാന്‍ പറഞ്ഞു. എനിക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട് കേട്ടോ. എന്‍റെ പടങ്ങളിലൊക്കെ അദ്ദേഹം അഭിനയിക്കുകയും എന്നോട് സ്നേഹമുള്ള ആളുമാണ്. രാഷ്ട്രീയപരമായി ഇത്തിരി അഭിപ്രായ വ്യത്യാസമുണ്ട് എന്നേയുള്ളൂ. അപ്പോള്‍ തര്‍ക്കമായി. ഓകെ, രണ്ട് രീതിയിലും ആ ഷോട്ട് എടുക്കാമെന്ന് ഞാന്‍ പറഞ്ഞു. പുള്ളി അത് സമ്മതിച്ചു. പുള്ളി മനസിലാക്കണ്ടേ, ഞാന്‍ എന്‍റേതേ എടുക്കൂ എന്ന്. തിലകന്‍ ചേട്ടന്‍ എന്നെ നോക്കി ചിരിച്ചു. ഒരു പാവമാ പുള്ളി”, നിഷാദ് പറയുന്നു.

“സത്യം പറഞ്ഞാല്‍ സുരേഷേട്ടന്‍ ഇങ്ങനെയൊന്നും അല്ലായിരുന്നു. ഉള്ള കാര്യം തുറന്നുപറയാമല്ലോ. ഒരേ സമയം വി എസ് അച്യുതാനന്ദനും ഉമ്മന്‍ ചാണ്ടിക്കും വേണ്ടി പ്രചരണത്തിന് പോയ ആളാണ്. അത്രയ്ക്കേ ഉള്ളൂ രാഷ്ട്രീയബോധം. ഞാന്‍ അദ്ദേഹത്തിന്‍റെ ഏറ്റവുമടുത്ത ആളുകളില്‍ ഒരാളാണ്. ഇദ്ദേഹം പത്രക്കാരെ കാണുമ്പോള്‍ പലപ്പോഴും എനിക്ക് ഓര്‍മ്മ വരുന്നത് ഭരത് ചന്ദ്രന്‍ എന്ന അദ്ദേഹത്തിന്‍റെ കഥാപാത്രത്തെയാണ്. ഭരത് ചന്ദ്രനില്‍ നിന്ന് അദ്ദേഹം ഇനിയും ഇറങ്ങിയിട്ടില്ല. അതേയുള്ളൂ പ്രശ്നം. ഭരത് ചന്ദ്രനില്‍ നിന്ന് അദ്ദേഹം ഇറങ്ങണം. ഇത് റിയാലിറ്റി ആണെന്ന് മനസിലാക്കണം. പേഴ്സണലി എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. പക്ഷേ ആശയപരമായ കാര്യങ്ങള്‍ക്ക് ഞാന്‍ എതിര്‍ത്തതുകൊണ്ട് കുറേനാള്‍ എന്നോട് പിണക്കത്തില്‍ ആയിരുന്നു”, എം എ നിഷാദ് പറയുന്നു.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News