റിപബ്ലിക് ദിന തലേന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് അഞ്ച് ദിവസത്തെ എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡ് ആയിരുന്നു ലഭിച്ചത്

ബോളിവുഡിലെ എക്കാലത്തെയും വിജയങ്ങളുടെ നിരയിലേക്ക് എത്തിയിട്ടുണ്ട് ഇതിനകം ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍. കൊവിഡ് കാലത്ത് കാലിടറിയ ബോളിവുഡിന്‍റെയും തുടര്‍ പരാജയങ്ങള്‍ക്കൊടുവില്‍ കരിയറില്‍ ഇടവേളയെടുത്ത ഷാരൂഖ് ഖാന്‍റെയും തിരിച്ചുവരവാണ് പഠാനിലൂടെ സംഭവിച്ചിരിക്കുന്നത്. എക്കാലത്തെയും ബോളിവുഡ് ചിത്രങ്ങളുടെ ഇന്ത്യന്‍ കളക്ഷനില്‍ പത്താം ദിനത്തില്‍ പഠാന്‍ ഒന്നാമതെത്തിയിരുന്നു. ദംഗലിനെയാണ് ചിത്രം മറികടന്നത്. ചിത്രം നേടിയ വലിയ വിജയത്തിന്‍റെ സന്തോഷം ആരാധകരുമായി പങ്കുവുന്നതില്‍ പിശുക്കൊന്നും കാണിക്കുന്നില്ല കിംഗ് ഖാന്‍. ട്വിറ്ററില്‍ ഈ ദിവസങ്ങളില്‍ പലതവണ അദ്ദേഹം ആസ്ക് എസ്ആര്‍കെ എന്ന പേരില്‍ ചോദ്യോത്തര പരിപാടികളും നടത്തി. ഇപ്പോഴിതാ കൌതുകമുണര്‍ത്തുന്ന ഒരു വീഡിയോ പങ്കുവച്ചുകൊണ്ട് രസകരമായ പ്രതികരണം നടത്തിയിരിക്കുകയാണ് അദ്ദേഹം.

ഒരു ചെറിയ കുട്ടിയുടെ വീഡിയോ ആണത്. ഏത് ചിത്രം കാണാനാണ് വന്നതെന്ന് രക്ഷിതാവ് ചോദിക്കുമ്പോള്‍ പഠാന്‍ എന്നാണ് കുഞ്ഞ് പറയാന്‍ ശ്രമിക്കുന്നത്. പടം ഇഷ്ടപ്പെട്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് തെളിച്ച് പറയുകയാണ് കുഞ്ഞ്. എന്തുകൊണ്ടാണ് ഇഷ്ടപ്പെടാതെ പോയതെന്ന ചോദ്യത്തിന് ചിരി മാത്രമാണ് മറുപടി. ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ഷാരൂഖിന്‍റെ വാക്കുകള്‍. ഓഹ്! ഇനിയും കഠിനാധ്വാനം ചെയ്യേണ്ടിയിരിക്കുന്നു. പ്രായത്തില്‍ ഇളയവരായ പ്രേക്ഷകരെ നിരാശരാക്കാന്‍ വയ്യ. രാജ്യത്തെ ചെറുപ്പക്കാരുടെ ചോദ്യമാണ്. ദയവായി അവളെ ഡിഡിഎല്‍ജെ കാട്ടിക്കൊടുക്കൂ. ചിലപ്പോള്‍ അവള്‍ക്ക് റൊമാന്‍റിക് ചിത്രങ്ങളാവും ഇഷ്ടം. കുട്ടികളെക്കുറിച്ച് നമുക്ക് ഒന്നും അറിയില്ല, എന്നാണ് ഷാരൂഖിന്‍റെ ട്വീറ്റ്. അതേസമയം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട് ഈ വീഡിയോ.

ALSO READ : 'അന്ന് 40 ആടുകളെങ്കില്‍ ഇന്ന് 500'; പുതിയ 'സ്ഫടിക'ത്തില്‍ കൂട്ടിച്ചേര്‍ത്ത എട്ടര മിനിറ്റിനെക്കുറിച്ച് ഭദ്രന്‍

Scroll to load tweet…

റിപബ്ലിക് ദിന തലേന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് അഞ്ച് ദിവസത്തെ എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡ് ആയിരുന്നു ലഭിച്ചത്. ആ ദിനങ്ങളില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 542 കോടിയാണ് ചിത്രം കൊയ്തത്! റിലീസിന്‍റെ രണ്ടാം വാരാന്ത്യത്തിലേക്ക് എത്തുമ്പോഴും ചിത്രം പല കളക്ഷന്‍ റെക്കോര്‍ഡുകളും പഴങ്കഥയാക്കുന്നുണ്ട്. റിലീസിന്‍റെ രണ്ടാം ശനിയാഴ്ചയില്‍ എത്തിയപ്പോള്‍ ബോളിവുഡിലെ എക്കാലത്തെയും ഇന്ത്യന്‍ കളക്ഷനില്‍ ഒന്നാം സ്ഥാനത്തേക്കും എത്തിയിരുന്നു പഠാന്‍. ഹിന്ദി പതിപ്പ് മാത്രം ഇന്ത്യയില്‍ നേടിയ കളക്ഷന്‍ 364.50 കോടിയാണ്. തമിഴ്, തെലുങ്ക് പതിപ്പുകള്‍ കൂടി കൂട്ടിയാല്‍ ഇത് 378.15 കോടിയുമാണ്.