'എത്ര പ്രാവശ്യം ദേശീയ പുരസ്‍കാരമോ അതിനപ്പുറത്തുള്ള പുരസ്‍കാരമോ അര്‍ഹതയുള്ളവര്‍ക്ക് കിട്ടുന്നതുകൊണ്ട് നമ്മള്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല. അതിന്‍റെ പേരിലല്ല അസൂയ'
മലയാളസിനിമയുടെ തിരശ്ശീലയിലെ ഏറ്റവും മിഴിവുള്ള കോമ്പിനേഷനുകളില്‍ ഒന്നായിരുന്നു നെടുമുടി വേണു- മോഹന്‍ലാല്‍. ചിത്രം, ഓര്‍ക്കാപ്പുറത്ത്, തേന്മാവിന്‍ കൊമ്പത്ത്, അപ്പു തുടങ്ങി വ്യത്യസ്‍ത സ്വഭാവ വിശേഷങ്ങളിലുള്ള നിരവധി കഥാപാത്രങ്ങള്‍. ഈ രണ്ട് അഭിനേതാക്കള്‍ അവരെ അവതരിപ്പിച്ചപ്പോള്‍ കാണികളുടെയും മനസ് നിറഞ്ഞു. ആവര്‍ത്തിച്ചുള്ള ടെലിവിഷന്‍ സംപ്രേഷണങ്ങളിലൂടെ അത്തരത്തിലുള്ള പല മുഹൂര്‍ത്തങ്ങളും ജനപ്രീതി നേടി തുടരുന്നു. എന്നാല്‍ ഒരു നടന്‍ എന്ന നിലയില്‍ മോഹന്‍ലാലിനോട് തനിക്കുള്ള അസൂയയെക്കുറിച്ചും നെടുമുടി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഷാജി എന്‍ കരുണ്‍ ചിത്രം 'വാനപ്രസ്‍ഥ'ത്തിലെ അഭിനയത്തിന് മോഹന്‍ലാലിന് ദേശീയ അവാര്‍ഡ് ലഭിച്ച സമയത്ത് ദൂരദര്‍ശന്‍ മോഹന്‍ലാലിന്‍റെ ഒരു അഭിമുഖ പരിപാടി ചെയ്‍തിരുന്നു. അന്ന് മോഹന്‍ലാലിനെ ഇന്‍റര്‍വ്യൂ ചെയ്‍തത് നെടുമുടി വേണുവായിരുന്നു. ചോദ്യങ്ങള്‍ക്കിടെയാണ് ഒരു കാര്യത്തില്‍ മോഹന്‍ലാലിനോട് തനിക്ക് അസൂയയുണ്ടെന്ന കാര്യം നെടുമുടി പറഞ്ഞത്. കഥകളി എന്ന കലയെ ഏറെ സ്നേഹിക്കുന്ന തനിക്ക് ഇതുവരെ സിനിമയില്‍ ഒരു കഥകളിവേഷം അവതരിപ്പിക്കാന്‍ ആയിട്ടില്ലെന്നായിരുന്നു നെടുമുടി അന്ന് പറഞ്ഞത്.
മോഹന്‍ലാലിനോട് നെടുമുടി വേണു പറഞ്ഞത്
എനിക്ക് ലാലിനോട് വല്ലാത്ത അസൂയയുണ്ട്. അസൂയ എന്ന് പറയുന്നത് വേറൊന്നുമല്ല. എത്ര പ്രാവശ്യം ദേശീയ പുരസ്‍കാരമോ അതിനപ്പുറത്തുള്ള പുരസ്‍കാരമോ അര്‍ഹതയുള്ളവര്‍ക്ക് കിട്ടുന്നതുകൊണ്ട് നമ്മള്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല. അതിന്‍റെ പേരിലല്ല അസൂയ. ജീവിതത്തില്‍ നമ്മള്‍ ആകാന്‍ കൊതിക്കുന്ന പല കാര്യങ്ങള്‍, ഉദാഹരണത്തിന് ഒരു ഗായകന്‍, മൃദംഗവാദന വിദഗ്‍ധന്‍, കഥകളി നടന്‍ ഇങ്ങനെ ഒരുപാട് ആഗ്രഹങ്ങള്‍ ഭാഗ്യവശാല്‍ നമ്മള്‍ സിനിമയിലൂടെ അഭിനയിച്ച്, അനുഭവിച്ച് തീര്‍ക്കുകയാണ് ചെയ്യുക. അങ്ങനെയുള്ള പല ഭാഗ്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ ഞാന്‍ ഏറ്റവുമധികം ഇഷ്‍ടപ്പെടുന്ന കലാരൂപം എന്ന നിലയില്‍, ഒരു കഥകളി നടനായി അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായില്ല. പിന്നെ വേറൊരു കാര്യം എന്താണെന്നുവച്ചാല്‍, വാനപ്രസ്‍ഥത്തില്‍ ലാല്‍ മിനുക്കുവേഷം (പൂതന) കെട്ടുന്നു. പച്ചവേഷത്തിലും (അര്‍ജുനന്‍) കത്തിവേഷത്തിലും (കീചകന്‍) വട്ടമുടിയിലും (ഹനുമാന്‍) താടിയിലും (ദുശ്ശാസനന്‍) എത്തുന്നു. കഥകളി ജീവിതവൃത്തി ആക്കിയിട്ടുള്ള കലാമണ്ഡലം കൃഷ്‍ണന്‍ നായര്‍ ആശാനെപ്പോലെയുള്ള കലാകാരന്മാര്‍ക്കുപോലും ജീവിതത്തില്‍ ഇത്രയും വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ ജീവിതത്തില്‍ കഥകളിയരങ്ങില്‍ കെട്ടാന്‍ അവസരം ഉണ്ടായിക്കാണില്ല. ആ വേഷങ്ങള്‍ മുഴുവന്‍ ലാലിന് കെട്ടാന്‍ സാധിച്ചു എന്നതാണ് എനിക്ക് ലാലിനോടുള്ള ഏറ്റവും വലിയ അസൂയ.

നെടുമുടിക്ക് മോഹന്‍ലാലിന്‍റെ ആദരാഞ്ജലി
അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട് പ്രിയപ്പെട്ട വേണുച്ചേട്ടൻ നമ്മെ വിട്ടുപിരിഞ്ഞു. നാടക അരങ്ങുകളിൽ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിന്‍റെ ഹിമാലയശൃംഗം കീഴടക്കിയ ആ മഹാപ്രതിഭയുടെ വേർപാട് മലയാളത്തിന്‍റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ്. വ്യക്തിപരമായി എനിക്കതൊരു വലിയ വേദനയും. ഒരു ജേഷ്ഠസഹോദരനെപ്പോലെ, ചേർത്തുപിടിച്ച വാത്സല്യമായിരുന്നു വേണുച്ചേട്ടൻ എനിക്ക്. എത്ര സിനിമകളിൽ ഒന്നിച്ചു ഞങ്ങൾ. മലയാളം നെഞ്ചോടുചേർത്ത എത്ര വൈകാരിക സന്ദർഭങ്ങൾ ഒന്നിച്ചു സമ്മാനിക്കാനായി ഞങ്ങൾക്ക്. ആഴത്തിലുള്ള വായനയും അതിലൂടെ നേടിയ അറിവും കൊണ്ട്, തുല്യം വെക്കാനില്ലാത്ത വ്യക്തിത്വമായി മാറിയ എന്‍റെ വേണു ചേട്ടന് ഔപചാരികമായ ഒരു ആദരാഞ്ജലി നൽകാൻ ആവുന്നില്ല. കലയുടെ തറവാട്ടിലെ ഹിസ് ഹൈനസ് ആയ ആ വലിയ മനസ്സിന്‍റെ സ്നേഹച്ചൂട് ഹൃദയത്തിൽ നിന്ന് ഒരിക്കലും മായില്ല...
ഉദരംസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് നെടുമുടി വേണുവിന്‍റെ മരണം. മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു. മലയാളത്തിലും തമിഴിലുമായി 500ല്‍ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ച അദ്ദേഹം ഒരു ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്. സിനിമയിലെ വിവിധ പ്രകടനങ്ങൾക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്.
