ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാല്‍ഡ് ട്രംപ് ഇംപീച്ച് ചെയ്യപ്പെടുമെന്നും, ആ സ്ഥാനത്ത് നിന്നും ഒഴിയേണ്ടിവരുമെന്നുമാണ് തന്‍റെ പ്രതീക്ഷയെന്ന് മുതര്‍ന്ന ഹോളിവുഡ് താരം റോബര്‍ട്ട് ഡീ നീറോ. ട്രംപിനെതിരെ ഹോളിവുഡില്‍ നിന്നുള്ള പ്രധാന ശബ്ദമാണ് 76 വയസുള്ള ഡീ നീറോ. ഒരു തരത്തിലുള്ള മൂല്യങ്ങളോ, ധാര്‍മ്മികതയോ ഇല്ലാത്തയാളാണ് ഇപ്പോഴത്തെ പ്രസിഡന്‍റ് എന്നും ഡീ നീറോ പറയുന്നു.

അയാള്‍ ഇംപീച്ച് ചെയ്യപ്പെടും എന്നാണ് ഞാന്‍ കരുതുന്നത്. എന്തൊരു താഴ്ന്ന ജീവിതമാണ് അദ്ദേഹത്തിന്‍റെത്. തനിക്ക് ചുറ്റുമുള്ളവരെപ്പോലും അയാള്‍ കളങ്കപ്പെടുത്തും. എന്നാല്‍ ചിലര്‍ അത് മനസിലാക്കി രക്ഷപ്പെടും. പലരും അയാള്‍ക്കെതിരെ രംഗത്ത് എത്തുന്നത് കാണുന്നത് രസകരമാണ്. ഒപ്പം തന്നെ ചിലര്‍ നിശബ്ദരുമാണ്.

ദ ഐറീഷ് മാന്‍ എന്ന നെറ്റ്ഫ്ലിക്സ് ചലച്ചിത്രത്തിന്‍റെ പ്രീമിയറിന് സംബന്ധിക്കാന്‍ ന്യൂയോര്‍ക്കില്‍ എത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റോബര്‍ട്ട് ഡീ നീറോ. ഡെമോക്രറ്റുകള്‍ പ്രസിഡന്‍റിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതിനെക്കുറിച്ചായിരുന്നു ഡീ നീറോയുടെ പ്രതികരണം. 

കഴിഞ്ഞ ഏപ്രിലില്‍ വൈറ്റ് ഹൗസിലെ മണ്ടനായ ഗ്യാംങ്സ്റ്റാറാണ് ട്രംപ് എന്ന് ഡീ നീറോ ട്രംപിനെ വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ ഗ്യാംങ്സ്റ്റാറുകള്‍ക്ക് കുറച്ച് മൂല്യങ്ങളും, ആദര്‍ശങ്ങളും കാണുമെന്നും അതും ട്രംപിനില്ലെന്നും ഡീ നീറോ പറഞ്ഞിരുന്നു.