ഹൃത്വികിന്‍റെ ധുരന്ദര്‍ റിവ്യൂ വലിയ വാര്‍ത്താപ്രാധാന്യമാണ് നേടിയത്

ബോളിവുഡില്‍ നിന്ന് സമീപകാലത്ത് ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ധുരന്ദര്‍. ആദിത്യ ധറിന്‍റെ രചനയിലും സംവിധാനത്തിലും രണ്‍വീര്‍ സിം​ഗ് നായകനായ ചിത്രം തിയറ്ററുകളിലെത്തിയത് ഈ മാസം 5 ന് ആയിരുന്നു. സ്പൈ ആക്ഷന്‍ ത്രില്ലര്‍ ​ഗണത്തില്‍ പെട്ട ചിത്രം ബോക്സ് ഓഫീസിലും വലിയ വിജയമാണ് നേടുന്നത്. അതേസമയം സിനിമ എന്ന നിലയില്‍ ധുരന്ദര്‍ മികച്ച അനുഭവമെന്ന് പറയുമ്പോള്‍ത്തന്നെ ചിത്രം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തെ എതിര്‍ത്തവരും സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ബോളിവുഡിലെ ഒരു മുന്‍നിര താരവും സമാന രീതിയിലുള്ള അഭിപ്രായവുമായി എത്തിയിരിക്കുകയാണ്. ഹൃത്വിക് റോഷന്‍ ആണ് അത്.

ഇന്‍സ്റ്റ​ഗ്രാം സ്റ്റോറിയായി ഹൃത്വിക് കുറിച്ചത് ഇങ്ങനെ- “ധുരന്ദര്‍ കഥ പറയുന്ന രീതി ഇഷ്ടപ്പെട്ടുവെങ്കിലും അതിന്‍റെ രാഷ്ട്രീയവുമായി താന്‍ വിയോജിച്ചേക്കാമെന്നാണ് ഇന്‍സ്റ്റ​ഗ്രാം സ്റ്റോറിയായി ഹൃത്വിക് റോഷന്‍ കുറിച്ചത്. സിനിമ എനിക്ക് ഇഷ്ടമാണ്. ഒരു നീര്‍ച്ചുഴിയിലേക്ക് വീഴുന്ന ആളുകളുടെ നിയന്ത്രണം കഥ ഏറ്റെടുക്കുന്നു. അവരെ ചുറ്റിക്കറക്കുകയും കുലുക്കുകയുമൊക്കെ ചെയ്തതിന് പിന്നാലെ അവര്‍ക്ക് പറയാനുള്ളത് സ്ക്രീനിലേക്ക് പുറന്തള്ളുന്നു. ധുരന്ദര്‍ അതിന് ഒരു ഉദാഹരണമാണ്. ആ കഥപറച്ചില്‍ എനിക്ക് ഇഷ്ടപ്പെട്ടു. അതാണ് സിനിമ. ഇതിന്‍റെ രാഷ്ട്രീയവുമായി ഞാന്‍ വിയോജിച്ചേക്കാം. ഈ ലോകത്തിന്‍റെ പൗരന്മാര്‍ എന്ന നിലയ്ക്ക് ചലച്ചിത്ര സംവിധായകര്‍ വഹിക്കേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ച് ഞാന്‍ വാദിച്ചേക്കാം. എന്തായാലും ഞാന്‍ ഈ ചിത്രത്തെ എങ്ങനെ ഇഷ്ടപ്പെട്ടുവെന്നും ഒരു സിനിമാ വിദ്യാര്‍ഥിയെന്ന നിലയ്ക്ക് എന്തൊക്കെ ഞാന്‍ ഇതില്‍ നിന്ന് പഠിച്ചുവെന്നുമുള്ള കാര്യം എനിക്ക് അവ​ഗണിക്കാനാവില്ല. ​ഗംഭീരം”, ഹൃത്വിക് റോഷന്‍ പറഞ്ഞു.

അതേസമയം ഈ പ്രതികരണം വലിയ വാര്‍ത്താ പ്രാധാന്യം നേടിയതിന് പിന്നാലെ ചിത്രത്തിലെ താരങ്ങളെയും അണിയറക്കാരെയും മുക്തകണ്ഠം പ്രശംസിച്ചുകൊണ്ട് മറ്റൊരു സ്റ്റോറി കൂടി ഹൃത്വിക് ഇന്‍സ്റ്റ​ഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. “ധുരന്ദറില്‍ തന്നെയാണ് ഇപ്പോഴും മനസ്. ആദിത്യ ധര്‍, നിങ്ങള്‍ ഒരു ​ഗംഭീര സംവിധായകനാണ്. രണ്‍വീര്‍ സിം​ഗ്, നിശബ്ദതയില്‍ നിന്ന് കരുത്തുറ്റ അവതാരത്തിലേക്ക് എന്തൊരു യാത്രയാണ് നിങ്ങളുടേത്, അതും തുടര്‍ച്ചയോടെ. അക്ഷയ് ഖന്ന എക്കാലവും എന്‍റെ പ്രിയങ്കരനാണ്. അത് എന്തുകൊണ്ട് എന്നതിന്‍റെ തെളിവാണ് ഈ ചിത്രം. മാധവന്‍, എന്തൊരു ശോഭ, കരുത്ത്, പ്രൗഢി. രാകേഷ് ബേദി, നിങ്ങള്‍ ചെയ്തത് ​ഗംഭീരമായിരുന്നു. എല്ലാവര്‍ക്കും വലിയ കൈയടികള്‍, പ്രത്യേകിച്ചും മേക്കപ്പ്, പ്രോസ്തെറ്റിക്സ് ഡിപ്പാര്‍ട്ട്മെന്‍റിന്. രണ്ടാം ഭാ​ഗത്തിനുവേണ്ടി വലിയ കാത്തിരിപ്പാണ് എനിക്ക്”, എന്നാണ് ഹൃത്വിക്കിന്‍റെ രണ്ടാമത്തെ സ്റ്റോറി.

Asianet News Live | Malayalam News Live | Breaking News Live | Kerala News | Local Body Elections