Asianet News MalayalamAsianet News Malayalam

'ലൂസിഫറില്‍ എനിക്ക് പൂര്‍ണ്ണ തൃപ്‍തി ഇല്ലായിരുന്നു'; 'ഗോഡ്‍ഫാദറി'നെക്കുറിച്ച് ചിരഞ്ജീവി

തെലുങ്ക് പ്രേക്ഷകരെ മുന്നില്‍ക്കണ്ട് തിരക്കഥയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് റീമേക്ക് എത്തുന്നത്

i was not completely satisfied with lucifer says chiranjeevi ahead release of godfather
Author
First Published Oct 4, 2022, 3:30 PM IST

തെലുങ്ക് സിനിമാപ്രേമികള്‍ ഏറെക്കാലമായി ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന ഒരു ചിത്രത്തിന്‍റെ റിലീസ് നാളെയാണ്. ചിരഞ്ജീവി നായകനാവുന്ന ഗോഡ്‍ഫാദര്‍ ആണ് അത്. മലയാളത്തിലെ എക്കാലത്തെയും പണംവാരിപ്പടം ലൂസിഫറിന്‍റെ ഒഫിഷ്യല്‍ റീമേക്ക് ആണ് എന്നത് മലയാളി സിനിമാപ്രേമികളിലും ഈ പ്രോജക്റ്റിനോട് താല്‍പര്യം ഉണര്‍ത്തിയ ഘടകമാണ്. ചിത്രം നാളെ തിയറ്ററുകളില്‍ എത്താനിരിക്കെ ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ലൂസിഫര്‍ റീമേക്കിനെക്കുറിച്ച് ചുരുങ്ങിയ വാക്കുകളില്‍ ചിരഞ്ജീവി ചില കാര്യങ്ങള്‍ പറഞ്ഞു. അതാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോഴത്തെ സംസാര വിഷയം.

ലൂസിഫര്‍ തനിക്ക് പൂര്‍ണ്ണ തൃപ്തി നല്‍കിയ ചിത്രമല്ലെന്നാണ് ചിരഞ്ജീവിയുടെ വാക്കുകള്‍. ലൂസിഫറില്‍ എനിക്ക് പൂര്‍ണ്ണ തൃപ്തി ഉണ്ടായിരുന്നില്ല. വിരസമായ നിമിഷങ്ങളൊന്നും ഇല്ലാത്ത രീതിയില്‍ ഞങ്ങളതിനെ പുതുക്കിയെടുത്തിട്ടുണ്ട്. ഏറ്റവും എന്‍ഗേജിംഗ് ആയ തരത്തിലാണ് ഗോഡ്‍ഫാദര്‍ എത്തുക. ഈ ചിത്രം എന്തായാലും നിങ്ങള്‍ ഏവരെയും തൃപ്തിപ്പെടുത്തും, ചിരഞ്ജീവി പറഞ്ഞു.

ALSO READ : ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്‍റെ റിലീസ് എന്ന്? മമ്മൂട്ടിയുടെ മറുപടി

മോഹന്‍രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സല്‍മാന്‍ ഖാന്‍ ചിത്രത്തില്‍ അതിഥിവേഷത്തില്‍ എത്തുന്നുണ്ട്. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് സല്‍മാന്‍ തെലുങ്കില്‍ അവതരിപ്പിക്കുന്നത്. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രവുമാണ് ഇത്. കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. വിജയ് നായകനായ മാസ്റ്റര്‍ ഉള്‍പ്പെടെ ക്യാമറയില്‍ പകര്‍ത്തിയ നീരവ് ഷായാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. നിരവധി ബോളിവുഡ് ചിത്രങ്ങളുടെ കലാസംവിധാനം നിര്‍വ്വഹിച്ച സുരേഷ് സെല്‍വരാജനാണ് കലാസംവിധായകന്‍. 

മൂന്ന് സംവിധായകരുടെ പേരുകള്‍ വന്നുപോയതിനു ശേഷമാണ് മോഹന്‍ രാജയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. ചിത്രത്തിന്‍റെ സംവിധായകനായി ആദ്യം കേട്ടത് പുഷ്പ ഒരുക്കിയ സുകുമാറിന്‍റെ പേരായിരുന്നു. എന്നാല്‍ ഇത് സ്ഥിരീകരിച്ച വിവരമായിരുന്നില്ല. പിന്നീട് സാഹൊ ഒരുക്കിയ സുജീതിന്‍റെ പേരും ലൂസിഫര്‍ റീമേക്കിന്‍റെ സംവിധായകനായി കേട്ടു. എന്നാല്‍ സുജീത് നല്‍കിയ ഫൈനല്‍ ഡ്രാഫ്റ്റില്‍ തൃപ്തി പോരാഞ്ഞ് ചിരഞ്ജീവി അദ്ദേഹത്തെയും നീക്കിയെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ആദി, ടാഗോര്‍, ബണ്ണി തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ വി വി വിനായകിന്‍റെ പേരും പിന്നീട് ഉയര്‍ന്നുകേട്ടിരുന്നു. പിന്നീടാണ് ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്ന വിവരം മോഹന്‍ രാജ തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തെലുങ്ക് പ്രേക്ഷകരെ മുന്നില്‍ക്കണ്ട് തിരക്കഥയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാവും റീമേക്ക് എത്തുക. ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ് വില്‍പ്പനയായതായും അപ്ഡേറ്റ് എത്തിയിരുന്നു. ലെറ്റ്സ് ഒടിടി ഗ്ലോബലിന്‍റെ റിപ്പോര്‍ട്ട് പ്രകാരം നെറ്റ്ഫ്ലിക്സിനാണ് ചിത്രത്തിന്‍റെ സ്ട്രീമിംഗ് റൈറ്റ്സ്.

Follow Us:
Download App:
  • android
  • ios