അജയ് ദേവ്‍ഗണിനൊപ്പം 'ഭോലാ' എന്ന ചിത്രത്തില്‍ തബുവും അഭിനയിക്കുന്നുണ്ട്. 

അജയ് ദേവ്‍ഗണും തബുവും ഒരുപാട് വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ്. അജയ് ദേവ്‍ഗണിന്റെ 'ഭോലാ' എന്ന ചിത്രത്തിലും തബു പ്രധാനപ്പെട്ട ഒരു വേഷത്തിലുണ്ട്. അജയ് ദേവ്‍ഗണ്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതും. സംവിധായകനായുള്ള അജയ് ദേവ്‍ണിനൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ തനിക്കുണ്ടായ അനുഭവം തമാശയെന്നോണം പറയുകയാണ് തബു.

അജയ് ദേവ്‍ഗണ്‍ സംവിധാനം ചെയ്യുമ്പോള്‍ അദ്ദേഹം വേറെ ഒരു മനുഷ്യനാണ്. അപ്പോള്‍ അജയ് ദേവ്‍ഗണായിരിക്കല്ല അദ്ദേഹം എന്ന് എനിക്ക് വര്‍ഷങ്ങളായി അറിയാം. ഒരാളാടും സംസാരിക്കില്ല. പുഞ്ചിരിക്കുക പോലുമില്ലെന്ന് തബു പറയുന്നു. അജയ് ദേവ്‍ഗണ്‍ 'ഭോലാ'യെന്ന ചിത്രം സംവിധാനം ചെയ്യുമ്പോള്‍ നല്‍കിയ നിര്‍ദ്ദേശത്തെ കുറിച്ചും തബു റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞു. ട്രക്കില്‍ നിന്ന് ചാടൂ, എന്നിട്ടിങ്ങനെ ചെയ്യു, ശേഷം പഞ്ച്, തുടര്‍ന്ന് വീഴുക, ലളിതം എന്നായിരുന്നു അജയ് ദേവ്‍ഗണ്‍ എന്റെ ആക്ഷൻ രംഗത്തെ കുറിച്ച് പറഞ്ഞത്. ഞാൻ അജയ് ദേവ്‍ഗണ്‍ അല്ല എന്നായിരുന്നു മറുപടി പറഞ്ഞത് എന്നും തബു വ്യക്തമാക്കി.

ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഡ്രീം വാരിയേഴ്‍സ് പിക്ചേഴ്സ് എന്നിവർ ചേർന്നാണ് നിർമാണം. 2023 ഓഗസ്റ്റ് 30ന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. 3 ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. കൈതി എന്ന തമിഴ് ഹിറ്റ് ചിത്രം അജയ് ദേവ്‍ഗണ്‍ ഹിന്ദിയിലേക്ക് എത്തിക്കുമ്പോള്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്.

'ദൃശ്യം 2'വാണ് അജയ് ദേവ്‍ഗണ്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. ജീത്തു ജോസഫിന്‍റെ മോഹന്‍ലാല്‍ ചിത്രം 'ദൃശ്യം 2'ന്‍റെ ഒഫിഷ്യല്‍ റീമേക്ക് ആണിത്. ചിത്രം മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് നേടുന്നത്. അഭിഷേക് പതക് ആണ് ചിത്രം സംവിധാനം ചെയ്‍തത്. ഭൂഷൻ കുമാര്‍, കുമാര്‍ മംഗത് പതക്, അഭിഷേക് പതക്, കൃഷ്‍ണൻ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. താബു, അക്ഷയ് ഖന്ന, ശ്രിയ ശരണ്‍, ഇഷിദ ദത്ത, മൃണാള്‍ ജാധവ്, രജത് കപൂര്‍, സൗരഭ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചു. 'ദൃശ്യം' ആദ്യ ഭാഗത്തിന്റെ റീമേക്കിലും അജയ് ദേവ്‍ഗണ്‍ തന്നെയായിരുന്നു നായകൻ.

Read More: 'പഠാൻ' റിലീസിന് റെക്കോര്‍ഡ് സ്ക്രീൻ കൗണ്ട്, കണക്കുകള്‍ ഇങ്ങനെ