ആഫ്രിക്കന്‍ വന്‍കരയുടെ വൈവിധ്യമാര്‍ന്ന ജീവിതാനുഭവങ്ങളും സാംസ്‌കാരിക പൈതൃകവും സ്ത്രീജീവിതവും അനാവരണം ചെയ്യുന്ന ചിത്രങ്ങളാണ് ഇവ.
18ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയില്‍ 'ആഫ്രിക്കന്‍ ഷോര്‍ട്‌സ്' പാക്കേജിന്റെ 'ക്രോസിംഗ്‌സ്' എന്ന വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. എത്യോപ്യ, സെനഗല്‍, ഘാന, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഹ്രസ്വചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആഫ്രിക്കന്‍ വന്‍കരയുടെ വൈവിധ്യമാര്‍ന്ന ജീവിതാനുഭവങ്ങളും സാംസ്‌കാരിക പൈതൃകവും സ്ത്രീജീവിതവും അനാവരണം ചെയ്യുന്ന ചിത്രങ്ങളാണ് ഇവ.
കെബേന നദിയുടെ കഥയിലൂടെ നിര്‍ബന്ധിത വിവാഹം, വിദ്യാഭ്യാസത്തിനുള്ള തടസ്സങ്ങള്‍, ജലലഭ്യത എന്നിവയുമായി ബന്ധപ്പെട്ട് എത്യോപ്യന്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അന്വേഷിക്കുകയാണ് 'ദ റിവര്‍' എന്ന ചിത്രം. സിംഹവേഷമണിഞ്ഞ പുരുഷന്മാര്‍ സബാര്‍ വാദ്യങ്ങളുടെ താളത്തിനൊത്ത് നൃത്തം ചെയ്യുന്ന സിംബ് ഉല്‍സവത്തിലേക്ക് ഒളിച്ചുകടക്കുന്ന അസാന്‍ എന്ന ബാലന്റെ അനുഭവങ്ങളാണ് 'ഫോ ലയണ്‍' എന്ന ചിത്രത്തിന്റെ പ്രമേയം
സ്വന്തം വേരുകള്‍ തേടി ഘാനയിലേക്ക് മടങ്ങിയത്തെുന്ന ഒരു ഘാന-അമേരിക്കന്‍ യുവതിയുടെ ആത്മസംഘര്‍ഷങ്ങള്‍ അവതരിപ്പിക്കുകയാണ് 'നോട്ട്‌ലെസ്'. പ്രണയനഷ്ടവും വേദനയും അതിജീവിച്ച് സ്വന്തം ജീവിതം വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന ഒരു യുവതിയുടെ കഥയാണ് 'ഹാര്‍ട്ട്‌ബ്രേക്ക്‌സ് ആന്‍ഡ് ഓഷ്യന്‍ വേവ്‌സ്'. കോളനിവല്‍ക്കരണം ആത്മീയ ആചാരങ്ങളില്‍ വരുത്തുന്ന മാറ്റങ്ങളാണ് 'ഡിപ്പാര്‍ട്ടിങ്' പ്രമേയമാക്കുന്നത്. യൊറൂബ ആചാരങ്ങള്‍ കോളനിവല്‍ക്കരണത്തിന് വിധേയമായി പാശ്ചാത്യവല്‍ക്കരിക്കപ്പെടുന്നതും തനത് ആത്മീയ ബന്ധം നഷ്ടപ്പെടുന്നതും ദൃശ്യവത്കരിക്കുകയാണ് ഈ ഹ്രസ്വചിത്രം.തെറാപ്പിക്ക് വിധേയനാകുന്ന ഡോം എന്ന യുവാവ് വര്‍ഷങ്ങള്‍ക്കു ശേഷം ക്രിസ്മസ് അവധിക്കാലത്ത് തന്റെ പെണ്‍മക്കളോടൊപ്പം ചെലവഴിക്കുന്ന ഒരു ദിവസത്തിന്റെ വൈകാരിക മുഹൂര്‍ത്തങ്ങള്‍. പകര്‍ത്തുകയാണ് 'ഹാപ്പി മീല്‍'. നൈജീരിയ വിട്ട് വിദേശത്തേക്ക് പോകുന്ന മോമോ എന്ന പെണ്‍കുട്ടിയുടെ അവസാന ദിനവും കുടുംബബന്ധങ്ങളുടെ ആഴവും പ്രമേയമാക്കിയ ചിത്രമാണ് 'ലീവിങ് ഇക്കൊറോഡു ഇന്‍ 1999'.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സെപ്റ്റംബര്‍ 25 മുതല്‍ 30 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന മേളയില്‍ പങ്കെടുക്കുന്നതിന് https://registration.iffk.in എന്ന വെബ്‌സൈറ്റ് മുഖേന ഡെലിഗേറ്റായി രജിസ്റ്റര്‍ ചെയ്യാം. പൊതുവിഭാഗത്തിന് ജി.എസ്.ടി. ഉള്‍പ്പെടെ 590 രൂപയും വിദ്യാര്‍ഥികള്‍ക്ക് 354 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. കൈരളി തിയേറ്ററില്‍ സജ്ജീകരിച്ചിരിക്കുന്ന ഡെലിഗേറ്റ് സെല്‍ മുഖേന ഓഫ്‌ലൈനായും രജിസ്‌ട്രേഷന്‍ നടത്താം.
