വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചാല്‍ 90 ദിവസത്തിനകം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുണ്ടറയില്‍ കൊണ്ടുവരുമെന്ന് ബിജെപി സ്ഥാനാര്‍ഥി റോബിന്‍ രാധാകൃഷ്ണന്‍
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചാല്‍ നിയോജന മണ്ഡലമായ കുണ്ടറയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊണ്ടുവരുമെന്ന് ബിജെപി സ്ഥാനാര്‍ഥി റോബിന്‍ രാധാകൃഷ്ണന്‍. മണ്ഡലത്തിലെ പ്രചരണത്തിന്‍റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ പറയുന്നതിനെ ട്രോള്‍ ചെയ്യാന്‍ പലരും കാണുമെങ്കിലും അത് തന്‍റെ വാക്കാണെന്നും റോബിന്‍ പറഞ്ഞു.
“കുണ്ടറയില്‍ ഈ ഇലക്ഷനില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ആയ ഡോ. റോബിന്‍ രാധാകൃഷ്ണന്‍ വിജയിക്കുകയാണെന്നുണ്ടെങ്കില്‍ 90 ദിവസത്തിനകത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുണ്ടറയില്‍ കൊണ്ടുവരുന്നതായിരിക്കും. പലര്‍ക്കും സംശയമുണ്ടാവും കുണ്ടറയില്‍ വരുമോ എന്നുള്ളത്. ഉറപ്പായിട്ടും കൊണ്ടുവരും. നമ്മുടെ നാട്ടിലെ ജനങ്ങളുമായിട്ട് നേരിട്ട് ആശയവിനിമയം നടത്തും. പ്രശ്നങ്ങള്‍ കേള്‍ക്കും. പരിഹരിക്കാനുള്ള പരമാവധി കാര്യങ്ങള്‍ ചെയ്യും. ഇത് നോമിനേഷന്‍ കൊടുത്ത ഈയൊരു സാഹചര്യത്തില്‍ ഞാന്‍ കൊടുക്കുന്ന വാക്കാണ്. ഇതിനെ ട്രോള്‍ ചെയ്യാന്‍ ഒരുപാട് പേര്‍ ഉണ്ടാവും”, റോബിന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
പ്രചരണത്തിനിടെ ഭാര്യ ആരതി പൊടിയെ മിസ് ചെയ്യുന്നുണ്ടെന്നും ഒരു യുട്യൂബ് ചാനല്‍ പ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മറുപടിയായി റോബിന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ ഭാര്യയുടെ പിന്തുണ എങ്ങനെയാണെന്ന ചോദ്യത്തിന് നല്ല സപ്പോര്‍ട്ട് ആണെന്നായിരുന്നു പ്രതികരണം. “നല്ല സപ്പോര്‍ട്ട് ആണ്. മിസ് ചെയ്യുന്നുണ്ട്. അവിടുന്ന് വന്നതിന് ശേഷം പോയിട്ടില്ല. അഞ്ച് ദിവസമായി കണ്ടിട്ടില്ല, ഫോണില്‍ വിളിക്കാറുണ്ട്. പ്രചരണത്തിന്‍റെ ഭാഗമായി ഒരു ദിവസം വരും”, റോബിന്‍ പറഞ്ഞു. വോട്ട് ചോദിക്കാന്‍ പോകുമ്പോള്‍ ആളുകളുടെ പ്രതികരണം എങ്ങനെയുണ്ടെന്ന ചോദ്യത്തിന് പ്രതികരണം ഇങ്ങനെ- “നല്ല പ്രതികരണമാണ്. പ്രശ്നങ്ങളൊന്നുമില്ല. എല്ലാവരും ഹാപ്പിയാണ്”, റോബിന്‍ രാധാകൃഷ്ണന്‍ പറയുന്നു.



