മുംബൈ: വോട്ടവകാശത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിവരിച്ച് ബോളിവുഡ് താരം വിദ്യാ ബാലൻ. സമൂഹത്തിൽ മാറ്റം വേണമെങ്കിൽ വോട്ട് രേഖപ്പെടുത്തണം എന്ന് പറഞ്ഞുകൊണ്ടാണ് താരം രം​ഗത്തെത്തിയിരിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം സിനിമാ താരങ്ങളോട് ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് വോട്ട് രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യത്തെ പറ്റി പറഞ്ഞുകൊണ്ട് വിദ്യാ ബാലൻ രം​ഗത്തെത്തിയത്. സമൂഹത്തിലും രാജ്യത്തും മാറ്റം വേണമെങ്കിൽ നമ്മൾ അതിന്റെ ഭാ​ഗമാകണമെന്നും അതിന് ആദ്യം തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണെന്നും വിദ്യ പറഞ്ഞു.

'വോട്ട് ചെയ്യുക എന്നത് നമ്മുടെ കടമയാണ്. പരസ്പരം വിരലുകൾ ഉയർത്തിയാൽ നമുക്കൊന്നും ലഭിക്കില്ല. പകരം വിരലിൽ മഷി പതിപ്പിച്ചാൽ അനുകൂലമായ മാറ്റം തന്നെ ഉണ്ടാകും'; വിദ്യാ ബാലൻ കൂട്ടിച്ചേർത്തു.

ഏപ്രില്‍, മേയ് മാസങ്ങളിലായി നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുവാക്കളെയും കന്നിവോട്ടര്‍മാരെയും ആകര്‍ഷിക്കുന്നതിന് സഹായിക്കണമെന്നായിരുന്നു രാജ്യത്തെ മുന്‍നിര താരങ്ങളോട് പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന. രാഷ്ട്രീയ എതിരാളികള്‍ ഉള്‍പ്പടെയുള്ളവരെയാണ് മോദി ട്വിറ്ററില്‍ ടാഗ് ചെയ്തത്. 

അതേസമയം മോദിയുടെ അഭ്യര്‍ത്ഥനയ്ക്ക് തന്‍റെ ട്വിറ്ററിലൂടെ മോഹന്‍ലാല്‍ മറുപടി നല്‍കിയിരുന്നു. 'തീർ‌ച്ചയായും സർ. ഊർജസ്വലമായ ജനാധിപത്യം പുലരുന്നതിന് ജനങ്ങൾ തങ്ങളുടെ സമ്മതിദാന അവകാശം നിർവ്വഹിക്കേണ്ടതിന്‍റെ  ആവശ്യത്തെ കുറിച്ച് അവരോട് പറയുന്നതിനെ ഒരു ഉത്തരവാദിത്തമായി കാണുന്നു'- മോഹൻലാല്‍ പറഞ്ഞു.

വോട്ട് ചെയ്യേണ്ടതിന്‍റെ പ്രധാന്യം ജനങ്ങളെ ബോധവൽക്കരിക്കാനും വോട്ട് ചെയ്യാൻ പ്രേരിപ്പിക്കാനും വേണ്ട ശ്രമങ്ങള്‍ നടത്തണമെന്നുമാണ് പ്രധാനമന്ത്രി മോഹന്‍ലാലിനോട് ആവശ്യപ്പെട്ടത്. 'താങ്കളുടെ പ്രകടനങ്ങൾ വർഷങ്ങളായി ലക്ഷക്കണക്കിന് ആരാധകരെയാണ് രസിപ്പിക്കുന്നത്. നിരവധി അവാർഡുകൾ താങ്കൾ നേടി കഴിഞ്ഞു. വോട്ട് ചെയ്യേണ്ടതിന്‍റെ പ്രധാന്യം ജനങ്ങളെ ബോധവൽക്കരിക്കാനും വോട്ട് ചെയ്യാൻ പ്രേരിപ്പിക്കാനും വേണ്ട ശ്രമങ്ങള്‍ നടത്തണമെന്ന് അഭ്യര്‍ഥിക്കുന്നു'- സാമൂഹ്യമാധ്യമത്തിലൂടെ മോദി ആവശ്യപ്പെട്ടു.