ഐഎസ് പെട്രോൾ ബോംബാക്രമണത്തെ തുടര്‍ന്ന് രണ്ട് കാലുകളും മുറിച്ചു മാറ്റേണ്ടിവന്ന ലിസ ചലാൻ ഐഎഫ്‍എഫ്‍കെ ( IFFK 2022) വേദിയില്‍.
പോരാട്ടവീര്യം കുർദുകളുടെ രക്തത്തിൽ അലിഞ്ഞതാണെന്ന് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെത്തിയ കുർദിഷ് സംവിധായിക ലിസ ചലാൻ. തന്റെ രണ്ടു കാലുകളും നഷ്‍ടമായ ഐഎസ് ആക്രമണത്തെക്കുറിച്ചുള്ള ജീവചരിത്ര സിനിമയാണ് അടുത്ത ലക്ഷ്യമെന്ന് ലിസ ചലാൻ പറഞ്ഞു. മേളയിൽ സ്‍പിരിറ്റ് ഓഫ് സിനിമ പുരസ്‍കാരം നേടി ലിസ ഏഷ്യാനെറ്റ് ന്യൂസുമായി സംസാരിച്ചു. സഹോദരീ സഹോദരന്മാരെപ്പോലെ കുർദ്- കേരള ബന്ധം ഉണ്ടാക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ലിസ ചലാൻ പറഞ്ഞു (IFFK 2022).
രണ്ടായിരത്തി പതിനഞ്ചില്‍ ഐഎസ് പെട്രോൾ ബോംബാക്രമണത്തെ തുടര്‍ന്ന് രണ്ട് കാലുകളും മുറിച്ചു മാറ്റേണ്ടിവന്ന ലിസ ചലാൻ, അതിജീവനമെന്ന വാക്കുകൾക്ക് പുതിയ അർത്ഥമെഴുതിയാണ് കിടക്കയിൽ നിന്ന് കൃത്രിമക്കാലുകളിൽ നിവർന്നു നിന്നത്. ചരിത്രത്തിലേക്ക് നടക്കുന്നത്. കേരളത്തിലെത്തിയത്. മേളയുടെ ആദരമേറ്റു വാങ്ങിയത്.
ഐഎസ് ആക്രമണത്തിന് എന്റെ ശരീരത്തെ മാത്രമേ പരിക്കേൽപ്പിക്കാനായുള്ളൂ. ആശയമാണ് പ്രധാനം. ഈ പോരാട്ടവീര്യം ഞങ്ങളുടെ രക്തത്തിൽ അലിഞ്ഞതാണ്. പൂർവികർ തന്നതാണ്. എന്റെ സിനിമകൾ കലഹിക്കുന്നതാകണമെന്നെനിക്ക് നിർബന്ധമുണ്ട്. ജീവിതങ്ങളെ പകർത്തുന്നതാവണമെന്നും രാഷ്‍ട്രീയം പറയുന്നതാകണമെന്നും ഉണ്ട്. തുർക്കിയിൽ മാത്രം 30 ദശലക്ഷം കുർദുകളാണ് വലിയ സമ്മർദത്തിൽ കഴിയുന്നത്. ഐഎസ് ഭീകരത തന്റെ മേലും തന്റെ ജനതയ്ക്ക് മേലുമുണ്ടാക്കിയ മുറിവുകളെക്കുറിച്ചും ആത്മാംശമുൾക്കൊള്ളുന്ന സിനിമയാണ് അടുത്ത ലക്ഷ്യം. ഐഎസ് നടത്തിയ ക്രൂരതകളെ ലോകത്തിന് മുന്നിൽ തുറന്നുകാട്ടും. ഞങ്ങളുടെ പോരാട്ടം തുറന്നുകാട്ടുന്ന സിനിമകളും ഉണ്ടാവുമെന്ന് ലിസ ചലാൻ ഉറപ്പുപറയുന്നു.
കേരള മേളയെക്കുറിച്ചും കേരളത്തെക്കുറിച്ചും പറയുമ്പോൾ നിറഞ്ഞ സന്തോഷമാണ് ലിസ ചലാന്. വാർത്തകളിലും സിനിമകളിലും കണ്ടിട്ടുണ്ടെങ്കിലും കേരളത്തിന്റെ തെരുവുകളിലൂടെ നടന്ന് ജനങ്ങളെ അടുത്തറിയാനാണ് ലിസ ചലാന്റെ ആഗ്രഹം. കേരളജനങ്ങൾ വളരെ സൗഹൃദമനോഭാവം ഉള്ളവരാണ്. തെരുവുകളിലൂടെ നടന്ന് അവരെ അടുത്തറിയണം. സഹോദരീ സഹോദരന്മാരെപ്പോലെ കുർദ്- കേരള ബന്ധം ഉണ്ടാക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും ലിസ ചലാൻ പറയുന്നു.
ആരോഗ്യവും, വിദ്യാഭ്യാസവും അവകാശങ്ങളും സ്വന്തമായ അവകാശങ്ങളും നിഷേധിക്കപ്പെട്ട് കഴിയുന്ന കുർദുകൾക്ക്, വീടുപോലെ സുരക്ഷിതമായ ഇടങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിൽ ലിസ പോരാട്ടം തുടരുന്നു. വീണ്ടും നടപ്പ് തുടരുന്നു. കുർദുകൾക്ക് വേണ്ടി, സ്‍ത്രീകൾക്ക് വേണ്ടി, സമാധാനമുള്ള ലോകത്തിന് വേണ്ടി. പ്രതിരോധത്തിന്റെ സിനിമകളുമായി.

ഇരുപത്തിയാറാമത് കേരള രാജ്യാന്തര ചലച്ചിതമേളയ്‍ക്ക് കഴിഞ്ഞ ദിവസമാണ് തുടക്കമായത്. സാംസ്‍കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്‍തത്. നാല് അതിഥികളായിരുന്നു ചടങ്ങിന്‍റെ പ്രധാന ആകര്‍ഷണം. ഐഎസ് ആക്രമണത്തില്‍ ഇരുകാലുകളും നഷ്‍ടമായ ടര്‍ക്കിഷ് സംവിധായിക ലിസ ചലാനൊപ്പം ഉദ്ഘാടന ചിത്രം മെര്‍ഹനയിലെ നായിക നടി അസ്‍മരി ഹഖ്, പ്രമുഖ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്, നടി ഭാവന എന്നിവരും അതിഥികളായി വേദിയിലെത്തി.
സിനിമയെന്ന മാധ്യമത്തെ പുരോഗമനപരമായി ഉപയോഗിച്ച ലിസ ചലാന്‍ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‍കാരത്തിന് ഏറ്റവും അര്‍ഹയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. അവരെ ആദരിക്കുന്നതിലൂടെ സ്‍ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൂടിയാണ് ആദരിക്കപ്പെടുന്നത്, അദ്ദേഹം പറഞ്ഞു.
നേരത്തെ വേദിയിലേക്കെത്തിയ ഭാവനയ്ക്കാണ് ഡെലിഗേറ്റുകളുടെ ഭാഗത്തുനിന്ന് ഏറ്റവുമധികം കൈയടികള്‍ ലഭിച്ചത്. മറ്റ് അതിഥികള്‍ക്കൊപ്പം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്‍ജിത്ത് ആണ് ആമുഖ പ്രഭാഷണത്തിനിടെ ഭാവനയെയും വേദിയിലേക്ക് സ്വീകരിച്ചത്. ഇനി ക്ഷണിക്കാനുള്ളത് മലയാളത്തിന്‍റെ പ്രിയപ്പെട്ട അഭിനേത്രി ഭാവന ഈ ചടങ്ങിനെ ധന്യമാക്കാന്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്. പോരാട്ടത്തിന്‍റെ മറ്റൊരു പെണ്‍ പ്രതീകമായ ഭാവനയെ സ്നേഹാദരങ്ങളോട് ഈ ചടങ്ങിലേക്ക് ക്ഷണിക്കുന്നു, എന്നായിരുന്നു രഞ്‍ജിത്തിന്‍റെ വാക്കുകള്‍. കെഎസ്എഫ്ഡിസി ചെയര്‍മാനും സംവിധായകനുമായ ഷാജി എന്‍ കരുണ്‍ ആണ് ഭാവനയെ ബൊക്കെ നല്‍കി സ്വീകരിച്ചത്. പിന്നീട് ഉദ്ഘാടന ചടങ്ങില്‍ നിലവിളക്കില്‍ ഒരു തിരി തെളിയിച്ചതും ഭാവനയായിരുന്നു.
മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്‍റണി രാജു, ജി ആര്‍ ആനില്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, അഡ്വ. വികെ പ്രശാന്ത് എംഎല്‍എ, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്‍ജിത്ത്, കെഎസ്എഫ്‍സിസി ചെയര്‍മാന്‍ ഷാജി എൻ കരുണ്‍, സാംസ്‍കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ്, ഐഎഫ്എഫ്കെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീന പോള്‍, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേം കുമാര്‍, സെക്രട്ടറി സി അജോയ് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
Read More : ഉദ്ഘാടന വേദിയില്‍ ലിസ ചലാന്‍, ഭാവന, അനുരാഗ് കശ്യപ്; ഐഎഫ്എഫ്‍കെയ്ക്ക് തുടക്കം
അതേസമയം 15 സ്‍ക്രീനുകളിലായി 173 ചിത്രങ്ങളാണ് ഇത്തവണത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കുക. മഹാമാരിയും യുദ്ധവും പ്രതിസന്ധിയിലാക്കിയ മനുഷ്യരുടെ അതിജീവനക്കാഴ്ച്ചകള്‍ ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണ്. പതിനായിരത്തോളം പ്രതിനിധികൾക്കാണ് ഇത്തവണ മേളയിൽ പ്രവേശനം അനുവദിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്കു ശേഷം ഇതാദ്യമായി തിയറ്ററുകളിൽ എല്ലാ സീറ്റുകളിലും പ്രവേശനം അനുവദിക്കും. അന്താരാഷ്‍ട്ര മത്സര വിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ, ക്ലാസിക്കുകളുടെ വീണ്ടെടുപ്പ്, നെടുമുടി വേണുവിന് ആദരം എന്നിവ ഉൾപ്പടെ എഴു പാക്കേജുകളാണ് മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
