Asianet News MalayalamAsianet News Malayalam

പ്രണയവും സൗഹൃദവും കൂട്ടിയിണക്കി വേറിട്ടൊരു കഥയുമായി 'ഇമ്പം' തിയേറ്ററുകളിലേക്ക്

പ്രണയവും സൗഹൃദവും രാഷ്ട്രീയവും ഒക്കെ ചേർന്ന് വേറിട്ടൊരു പ്രമേയവുമായി തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ് ലാലു അലക്സും ദീപക് പറമ്പോലും പ്രധാന വേഷത്തിലെത്തുന്ന 'ഇമ്പം' എന്ന ചിത്രം.

Imbam the new movie with unique theme blending love and friendship to get released soon afe
Author
First Published Sep 20, 2023, 10:17 PM IST

ഒരു പുഴപോലെ അനുസ്യൂതം തുടരുന്ന ചില പ്രണയങ്ങളുണ്ട്. കുടുംബം എന്നൊരു തലത്തിലേക്കൊന്നും കടക്കാതെ ഉള്ളിൽ ജീവിതകാലമത്രയും പരസ്പരമുള്ള ഇഷ്ടം സൂക്ഷിക്കുന്നവർ. ആദ്യം ചിലപ്പോള്‍ അവർ പരസ്പരം വിരോധമുള്ളവരായിരുന്നിരിക്കാം. പക്ഷേ കാലം പോകവേ പരസ്പരം അറിയുമ്പോൾ അത് ചിലപ്പോൾ അവരെ സ്നേഹത്തിന്റെ പുലരികളിലേക്കുണർത്തും... പ്രണയവും സൗഹൃദവും രാഷ്ട്രീയവും ഒക്കെ ചേർന്ന് വേറിട്ടൊരു പ്രമേയവുമായി തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ് ലാലു അലക്സും ദീപക് പറമ്പോലും പ്രധാന വേഷത്തിലെത്തുന്ന 'ഇമ്പം' എന്ന ചിത്രം. ഇവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ ഏറെ രസകരവും കൗതുകകരവും ഒപ്പം ഉദ്വേഗജനകവുമായാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നതെന്നാണ് അണിയറ പ്രവർത്തകരുടെ വാക്കുകള്‍.

ഒടിടിയിലെത്തി പ്രേക്ഷകരേവരും ഏറ്റെടുത്ത 'ബ്രോ ഡാഡി'യ്ക്ക് ശേഷം ലാലു അലക്സ് പ്രധാന വേഷത്തിൽ അഭിനയിക്കുന്ന സിനിമ കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മാമ്പ്ര സിനിമാസിന്റെ ബാനറിൽ ഡോ. മാത്യു മാമ്പ്ര നിർമ്മിച്ചിരിക്കുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് ചന്ദ്രനാണ്. മീരാ വാസുദേവും ദർശന സുദർശനും ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു. ചിത്രത്തിലേതായി എത്തിയ ഫസ്റ്റ് ലുക്കും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'മായികാ മധുനിലാ...' എന്ന ഗാനവും സോഷ്യൽമീഡിയയിൽ ഇതിനകം ഏറെ ശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട്.

Read also: ഇനി സുവര്‍ണ നേട്ടത്തിലേക്ക് ചെറിയ ദൂരം മാത്രം, റെക്കോര്‍ഡുകള്‍ പഴങ്കഥകള്‍, ജവാന്റെ കളക്ഷൻ റിപ്പോര്‍ട്ട്

ശബ്‍ദം എന്നു പേരുള്ള ഒരു പബ്ലിഷിംഗ് ഹൗസിന്റെ നടത്തിപ്പുകാരനായ കരുണാകരൻ എന്നയാളുടേയും അയാളുടെ സ്ഥാപനത്തിലേക്ക് അവിചാരിതമായി കടന്നു വരുന്ന കാർട്ടൂണിസ്റ്റായ നിധിൻ എന്ന ചെറുപ്പക്കാരന്റെയും കൂടിക്കാഴ്ചയും അതിന് ശേഷം നടക്കുന്ന രസകരവും ഉദ്വേഗജനകവുമായ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. പല തലമുറകളിലെ പ്രണയ ഭാവങ്ങളുടെ വ്യത്യസ്തമായ അനുഭവങ്ങളും സിനിമയിൽ അവതരിപ്പിക്കുന്നുമുണ്ട്. ഒരു മുഴുനീള ഫാമിലി എന്റർടെയ്നറായി തിയേറ്ററുകളിലെത്തുന്ന സിനിമയ്ക്ക് ശ്രദ്ധേയ സംഗീത സംവിധായകൻ പി.എസ് ജയഹരിയാണ് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത്.  ദേശീയ അവാർഡ് ജേതാവ് അപർണ ബാലമുരളി, ശ്രീകാന്ത് ഹരിഹരൻ, സിത്താര കൃഷ്ണകുമാർ തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കുന്നുമുണ്ട്.

ഇർഷാദ്, കലേഷ് രാമാനന്ദ് (ഹൃദയം ഫെയിം), ദിവ്യ എം നായർ, ശിവജി ഗുരുവായൂർ, നവാസ് വള്ളിക്കുന്ന്, വിജയൻ കാരന്തൂർ, മാത്യു മാമ്പ്ര, ഐ.വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാൽ ജോസ്, ബോബൻ സാമുവൽ തുടങ്ങിയവരും ചിത്രത്തിൽ കഥാപാത്രങ്ങളായെത്തുന്നുണ്ട്. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ നേതൃത്വത്തിലുള്ള മാജിക് ഫ്രെയിംസ് ആണ് ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ റൈറ്റ്സ്  സ്വന്തമാക്കിയിരിക്കുന്നത്. ഒക്ടോബർ ആദ്യവാരം ചിത്രം തിയേറ്റർ റിലീസിനായി ഒരുങ്ങുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios