ഇന്ത്യ എന്ന പേര് ഇതുവരെയുള്ള വർഷങ്ങളില്‍ ഒന്നും നിങ്ങളിൽ അഭിമാനം വളർത്തിയിട്ടില്ലേ എന്ന് നടൻ വിഷ്‍ണു വിശാല്‍.
ഇന്ത്യയുടെ പേര് മാറ്റുന്നു എന്ന തരത്തില്‍ സാമൂഹ്യ മാധ്യമത്തിലടക്കം അഭ്യൂഹങ്ങളുണ്ട്. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് ആക്കാൻ കേന്ദ്ര സര്‍ക്കാൻ പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രമേയം കൊണ്ടു വന്നേക്കുമെന്നാണ് സൂചന. വിഷയത്തില്‍ ഒട്ടേറെപ്പേരാണ് അനുകൂലിച്ചും വിമര്‍ശിച്ചും രംഗത്ത് എത്തുന്നത്. അനുകൂലിച്ച് കുറിപ്പ് എഴുതിയ ഇന്ത്യൻ ക്രിക്കറ്റ് താരം വിരേന്ദ്ര സെവാഗിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നടൻ വിഷ്‍ണു വിശാല്‍.
ഇന്ത്യ എന്ന പേര് മാറ്റുന്നതിന്റെ പിന്തുണച്ച് രംഗത്ത് എത്തുകയായിരുന്നു വിരേന്ദ്ര സെവാഗ്. ഒരു പേര് നമ്മില്‍ അഭിമാനമുണ്ടാക്കുന്നതായിരിക്കണമെന്ന് താൻ എപ്പോഴും വിശ്വസിക്കുന്നുവെന്ന് വിരേന്ദ്ര സെവാഗ് സാമൂഹ്യ മാധ്യമത്തില്‍ എഴുതി. നമ്മൾ ഭാരതീയരാണ്, ഇന്ത്യ എന്നത് ബ്രിട്ടീഷുകാർ നൽകിയ പേരാണ്, നമ്മുടെ യഥാര്‍ഥ പേര് 'ഭാരത്' ഔദ്യോഗികമായി തിരികെ ലഭിക്കുന്നതില്‍ കാലതാമസമുണ്ടായിരിക്കുകയാണ്. ഈ ലോകകപ്പില്‍ നമ്മുടെ ക്രിക്കറ്റ് താരങ്ങളുടെ നെഞ്ചിൽ ഭാരതം ഉണ്ടെന്ന് ഉറപ്പാക്കാൻ ബിസിസിഐയോട് അഭ്യര്‍ഥിക്കുന്നുവെന്നും വിരേന്ദ്ര സെവാഗ് എഴുതിയിരിക്കുന്നു. ജയ് ഷായെ ടാഗ് ചെയ്‍താണ് സെവാഗിന്റെ അഭ്യര്‍ഥന. ബഹുമാനത്തോടെ ഒരു കാര്യം താങ്കളോട് ചോദിക്കുന്നു എന്ന ആമുഖത്തോടെയാണ് വിഷ്‍ണു വിശാല്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചത്. ഇന്ത്യ എന്ന പേര് ഈ വർഷങ്ങളില്‍ ഒന്നും നിങ്ങളിൽ അഭിമാനം വളർത്തിയിട്ടില്ലേ എന്നാണ് വിഷ്‍ണു വിശാല്‍ ചോദിക്കുന്നത്.
വിഷ്‍ണു വിശാല്‍ നായകനായി ആര്യൻ സിനിമയാണ് റിലീസിന് തയ്യാറായിക്കൊണ്ടിരിക്കുന്നത്. നവാഗതനായ പ്രവീണ്‍ കെയാണ് സംവിധാനം. ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായിരിക്കും വിഷ്‍ണുവിന്റെ ചിത്രം എന്നാണ് റിപ്പോര്‍ട്ട്. വിഷ്‍ണു വിശാല്‍ പൊലീസ് വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്.
വിഷ്‍ണു വിശാല്‍ നായകനായി വേഷമിടുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ അടുത്തിടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ശ്രദ്ധ ശ്രീനാഥ്, വാണി ഭോജനും ശെല്‍വരാഘവനും 'ആര്യനി'ല്‍ വിഷ്‍ണു വിശാലിന് ഒപ്പം പ്രധാന വേഷങ്ങളില്‍ എത്തുന്നു എന്ന് റിപ്പോര്‍ട്ടുണ്ട്. വിഷ്‍ണു സുഭാഷാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സാം സി എസ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന 'ആര്യൻ' എപ്പോഴായിരിക്കും റിലീസ് ചെയ്യുകയെന്ന് വ്യക്തമാക്കിയിട്ടില്ല.
