Asianet News MalayalamAsianet News Malayalam

കെപിഎസി ലളിത, പ്രതാപ് പോത്തൻ, ലതാ മങ്കേഷ്‍കര്‍, കൊച്ചു പ്രേമൻ.., '2022'ന്റെ തീരാനഷ്‍ടങ്ങള്‍

കെപിഎസി ലളിത, പ്രതാപ് പോത്തൻ, ലതാ മങ്കേഷ്‍കര്‍, കൊച്ചു പ്രേമൻ തുടങ്ങി ഒട്ടേറെ പ്രതിഭകളാണ് 2022ല്‍ യാത്രയായത്.

Indian famous celebrities who died in 2022 Roundup 2022
Author
First Published Dec 24, 2022, 8:04 PM IST

ചലച്ചിത്ര ലോകത്തിന്റെ കണ്ണ് നനഞ്ഞ ചില ദിവസങ്ങളുണ്ട് 2022ലും. പ്രേക്ഷകര്‍ സ്വന്തം ഹൃദയത്തിലേറ്റിയ ചിലരെ കാലം മടക്കിവിളിച്ച ദിവസങ്ങള്‍. ഇനി അത് വേദനിപ്പിക്കുന്ന ഓര്‍മ ദിനങ്ങളായി വരും കലകണ്ടറുകളില്‍ അടയാളപ്പെടും. അരങ്ങില്‍ പ്രതിഭയുടെ കനല്‍ തെളിയിച്ച് വെള്ളിത്തിരയുടെ വിസ്‍മയമായി മാറിയ കെപിഎസി ലളിതയും കൊച്ചു പ്രേമനും മുതല്‍ ഇന്ത്യൻ സംഗീതത്തിന്റെ മാധുര്യം ലതാ മങ്കേഷ്‍കറും ബോളിവുഡിന്റെ പ്രിയ ഗായകൻ കെകെയടക്കമുള്ള ഒട്ടേറെ പ്രതിഭകളാണ് 2022ല്‍ ജീവിതത്തില്‍ നിന്ന് മടങ്ങിയത്.

മലയാളത്തിന്റെ കലണ്ടറില്‍ മരണത്തിന്റെ കറുപ്പ് പടര്‍ന്ന ദിവസമാണ് 2022 ഫെബ്രുവരി 22. മലയാളത്തിന്റെ വെള്ളിത്തിരയുടെ മുഖത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ തെളിഞ്ഞുവരുന്ന കെപിഎസി ലളിതയുടെ ജീവിതത്തിന് കര്‍ട്ടനിട്ട ദിവസമായിരുന്നു ഫെബ്രുവരി 22. മരണം വരെ കലാരംഗത്ത് സജീവമായി നിറഞ്ഞുനിന്നു കെപിഎസി ലളിത. ഒന്നു കണ്ണടച്ച്, കാതുകൂര്‍പ്പിച്ച്, കെപിഎസി ലളിതയെ കുറിച്ച് ആലോചിച്ചാല്‍ തന്നെ ചില സിനിമാ രംഗങ്ങള്‍ മലയാളികളുടെ മനസിലേക്ക് കടന്നുവരും. മലയാളികളുടെ കാതോര്‍മകളിലേക്ക് കെപിഎസി ലളിതയുടെ പല പല സംഭാഷണങ്ങള്‍ കടന്നുവരും. സിനിമ ഏതെന്ന് ഓര്‍മയില്ലെങ്കില്‍ പോലും കെപിഎസി ലളിതയുടെ ഭാവങ്ങള്‍ മനസില്‍ തെളിയും. അത്രത്തോളം മലയാള പ്രേക്ഷകരുടെ ഇഴചേര്‍ന്നു നില്‍ക്കുന്ന കലാജീവിതമായിരുന്നു കെപിഎസി ലളിതയുടേത്.

മഹേശ്വരിയമ്മ എന്ന കെപിഎസി ലളിത നാടകരംഗത്തിലൂടെയാണ് ആദ്യം കലാലോകത്ത് വരവറിയിച്ചത്.  കടയ്‍ക്കത്തറല്‍ വീട്ടില്‍ കെ അനന്തൻ നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായ കെപിഎസി ലളിത 10 വയസുള്ളപ്പോഴേ നാടകത്തില്‍ അഭിനയിച്ചുതുടങ്ങി.കെപിഎസിയില്‍ ചേര്‍ന്ന ശേഷം നാടകഗ്രൂപ്പിന്റെ പേരും ചേര്‍ത്ത് ലളിതയായി. തോപ്പിൽ ഭാസിയുടെ 'കൂട്ടുകുടുംബത്തിലൂടെ'യാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. പിന്നീടങ്ങോട്ടുള്ളത് മലയാള സിനിയുടെ കൂടി ചരിത്രമാണ്. 'സ്വയംവരം', 'അനുഭവങ്ങൾ പാളിച്ചകൾ', 'ചക്രവാളം', 'കൊടിയേറ്റം', 'സന്മനസ്സുള്ളവർക്ക് സമാധാനം', 'പൊൻ മുട്ടയിടുന്ന താറാവ്', 'വടക്കുനോക്കി യന്ത്രം', 'വെങ്കലം', 'ഗോഡ് ഫാദർ', 'വിയറ്റ്നാം കോളനി', 'ശാന്തം', 'അമരം', 'സന്ദേശം', 'നീല പൊൻമാൻ' അങ്ങനെ നീളുന്നു 'കെപിഎസി' ലളിത അഭിനയിച്ച് വിസ്‍മയിപ്പിച്ച ചിത്രങ്ങള്‍. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡുകള്‍ രണ്ട് തവണ കെപിഎസി ലളിത സ്വന്തമാക്കിയിട്ടുണ്ട്. 1991ല്‍ 'അമരം' എന്ന ചിത്രത്തിലൂടെയും 2000ത്തില്‍ 'ശാന്തം' എന്ന ചിത്രത്തിലൂടെയുമായിരുന്നു കെപിഎസി ലളിത മികച്ച രണ്ടാമത്തെ നടിയായത്. നാല് തവണയാണ് കേരള സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡില്‍ രണ്ടാമത്തെ നടിയായി കെപിഎസി ലളിത തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

തൊണ്ണൂറ്റിരണ്ടാം വയസിലും ശബ്‍ദത്തിന്റെ കാര്യത്തില്‍ മധുര പതിനേഴുകാരിയായിരുന്ന ലതാ മങ്കേഷ്‍കറിന്റെ ജീവിതം നിലച്ചതും 2022ലാണ്. ഫെബ്രുവരി ആറിനായിരുന്നു ലതാ മങ്കേഷ്‍കര്‍ ഓര്‍മകളിലേക്ക് മാറിയത്. ജീവിതത്തില്‍ നിന്ന് മടങ്ങിയെങ്കിലും എണ്ണിയാലൊടുങ്ങാത്തതെന്ന പോലുള്ള മധുര ഗാനങ്ങള്‍ ലത മങ്കേഷ്‍കര്‍ പ്രേക്ഷകര്‍ക്കായി ബാക്കിവെച്ചിരിക്കുന്നു.  'കദളി. ചെങ്കദളി' എന്ന ഒരൊറ്റ ഗാനം മതി ആ ശബ്‍ദം മലയാളികളുടെ കേള്‍വിയില്‍ ഓര്‍മയായി എത്താൻ. രാമു കാര്യാട്ടിന്റെ നെല്ലെന്ന ചിത്രത്തിന് സലില്‍ ചൗധരിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‍കര്‍ (Lata Mangeshkar) ആ ഗാനം ആലപിച്ചത്. ഒരൊറ്റ ഗാനം മാത്രമായിരുന്നു മലയാളത്തില്‍ ആലപിച്ചതെങ്കിലും ലതാ മങ്കേഷ്‍കര്‍ സ്വന്തമെന്ന പോലെയാണ് മലയാളിക്ക്. 'മേരാ ദിൽ തോഡാ', 'ഏക് പ്യാര്‍ കാ, കുഛ് നാ കഹോ', 'തും ന ജാനേ, ലഗ് ജാ ഗലേ', 'തൂ ജഹാം ജഹാം ചലേഗേ' തുടങ്ങി ലതാ മങ്കേഷ്‍കറുടെ സ്വരമാധുരിയിലൂടെ എത്തിയ നിരവധിയനവധി ഗാനങ്ങള്‍ മൂളാൻ കൊതിക്കുന്നവരാണ് ഓരോ സംഗീത പ്രേമിയും.  ഇന്ത്യയുടെ വാനമ്പാടി എന്ന് അറിയപ്പെട്ട ഗായികയെ രാജ്യം അര്‍ഹിക്കുന്ന തരത്തില്‍ ആദരിച്ചിട്ടുമുണ്ട്. പ്രശസ്‍തമായ ഒട്ടുമിക്ക ചലച്ചിത്ര അവാര്‍ഡുകള്‍ ലതാ മങ്കേഷ്‍കറെ തേടിയെത്തി. 1969ല്‍ രാജ്യം പത്മഭൂഷൺ നല്‍കി ലതയെ ആദരിച്ചു. 1989ല്‍ ദാദാസാഹിബ്‌ ഫാൽക്കെ അവാർഡ്‌ ലഭിച്ചു. 1999ല്‍ പത്മവിഭൂഷൺ. നാല്‍പ്പതിനായിരത്തിലധികം ഗാനങ്ങള്‍ പാടിയ ലതയ്‍ക്ക് മൂന്ന് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചു. സംഗീത സംവിധായികയായും മികവ് കാട്ടിയ ലതാ മങ്കേഷ്‍കറെ 2001ല്‍ രാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്‍നം നല്‍കി ആദരിച്ചു.

കെകെ എന്ന ചുരുക്കപ്പേരില്‍ ആസ്വാദകര്‍ ഏറ്റെടുത്ത ഗായകൻ  കൃഷ്‍ണകുമാര്‍ കുന്നത്ത് 2022ന്റെ നൊമ്പരമായി. ഒരു കോളേജില്‍ മെയ് 31ന് പ്രോഗ്രാം അവതരിപ്പിച്ചതിനുശേഷം കുഴഞ്ഞുവീണായിരുന്നു കെ കെ അന്തരിച്ചത്. മലയാളിയായ കെകെ ബഹുഭാഷ ഗായകനായി ഇന്ത്യൻ ചലച്ചിത്രലോകത്ത് തിളങ്ങിനിന്നു. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ്, മലയാളം, മറാത്തി, ബംഗാളി, ആസാമീസ്, ഗുജറാത്തി എന്നീ ഭാഷകളിലെല്ലാം കെകെയുടെ ശബ്‍ദത്തില്‍ ഹിറ്റ് ഗാനങ്ങള്‍ പിറന്നു. 1999ലെ ലോകകപ്പില്‍ ഇന്ത്യൻ ടീമിനായി പാടിയ 'ജോഷ് ഓഫ് ഇന്ത്യ' എന്ന ഗാനവും കെകെയുടേതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മലയാളത്തിന്റെ ഇതിഹാസ ചലച്ചിത്രകാരൻമാരില്‍ ഒരാളായ ജോണ്‍ പോളും 2022ല്‍ ഏപ്രില്‍ 23ന് വിടവാങ്ങി.  സമാന്തര - വാണിജ്യ സിനികമളില്‍ ഒരുപോലെ വിജയം കണ്ട ചലച്ചിത്രകാരനാണ് ജോണ്‍ പോള്‍. പരന്ന വായനയും തെളിഞ്ഞ ചിന്തയുമുള്ള ചലച്ചിത്രകാരനുമായിരുന്നു ജോണ്‍ പോള്‍. മലയാളത്തിന്റെ വെള്ളിത്തിരയുടെ ചരിത്രത്തിനൊപ്പം നടന്നയാള്‍ എന്ന വിശേഷണവുമുള്ള ജോണ്‍ വിവിധ തലമുറകള്‍ക്കൊപ്പം വിജയ സിനിമകള്‍ ചെയ്‍തു. 'കാതോടു കാതോരം', 'കാറ്റത്തെ കിളിക്കൂട്', 'യാത്ര', 'മാളൂട്ടി', 'അതിരാത്രം', 'ഓർമയ്ക്കായ്', 'ഇത്തിരിപ്പൂവേ ചുവന്ന പൂവേ', 'ആലോലം', 'ഇണ', 'അവിടത്തെപ്പോലെ ഇവിടെയും', 'ഈ തണലിൽ ഇത്തിരിനേരം', 'ഈറൻ സന്ധ്യ', 'ഉണ്ണികളെ ഒരു കഥ പറയാം', 'ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം', 'ഉത്സവപ്പിറ്റേന്ന്', 'പുറപ്പാട്', 'കേളി', 'ചമയം', 'ഒരു യാത്രാമൊഴി' തുടങ്ങിയ മനോഹരചിത്രങ്ങൾ ജോൺ പോളിന്റെ തൂലികയിൽ വിരിഞ്ഞവയാണ്. ജോണ്‍ പോള്‍  ചലച്ചിത്രഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ജോണ്‍ പോളിന് മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ്,  മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശിയ അവാർഡ്, തിരക്കഥയ്ക്കും ഡോക്യുമെന്ററിക്കുമുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡ്, സംസ്ഥാന ടെലിവിഷൻ അവാർഡ്, അന്താരാഷ്ട്ര നിരൂപക സംഘടനായ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ് (ഫിപ്രസി) പ്രത്യേക ജൂറി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

മലയാളത്തില്‍ മധ്യവര്‍ത്തി സിനിമകളുടെ വക്താവായ പ്രതാപ് പോത്തന്റെ വിയോഗവാര്‍ത്ത കേട്ടായിരുന്നു 2022 ജൂണ്‍ 15ന് മലയാളികള്‍ ഉറങ്ങിയെഴുന്നേറ്റത്.  പ്രതാപ് പോത്തനെ ചെന്നൈയിലെ സ്വന്തം ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയാിരുന്നു.  തന്റെ ആദ്യ സിനിമയായ 'ആരവ'ത്തിലെ 'കൊക്കരക്കോ' എന്ന കഥാപാത്രമായി 1978ല്‍ മലയാളത്തില്‍ വരവറിയിച്ച കലാജീവിതമാണ് പ്രതാപ് പോത്തന്റേത്. തൊട്ടടുത്ത വര്‍ഷം 'തകര' എന്ന ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രവുമായി വിസ്‍യമയിപ്പിച്ചു. തുടര്‍ന്ന് 'ലോറി', 'ചാമരം', 'പപ്പു',  തുടങ്ങി ഒട്ടേറെ സിനിമകളില്‍ നടനായി തിളങ്ങിയ ശേഷം അധികംവൈകാതെ സംവിധായകത്തൊപ്പിയുമണിഞ്ഞു  പ്രതാപ് പോത്തൻ. പ്രതാപ് പോത്തൻ ചെയ്‍ത് 12 സിനിമകളില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട 'ഒരു യാത്രമൊഴി'യും ഉള്‍പ്പെടുന്നു.

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ കോട്ടയം പ്രദീപും 2022 ഫെബ്രുവരി 17ന് വിടവാങ്ങി. ഹൃദയാഘാതത്തിന്റെ രൂപത്തിലായിരുന്നു കോട്ടയം പ്രദീപിനെ മരണം തട്ടിയെടുത്തത്. അരങ്ങിലൂടെ കലാരംഗത്ത് എത്തിയ കോട്ടയം പ്രദീപ് സംഭാഷണത്തിലെ പ്രത്യേക താളം കൊണ്ടായിരുന്നു മലയാള സിനിമയില്‍ സ്വന്തം ഇരിപ്പിടം ഉറപ്പിച്ചത്. വിവിധ ഭാഷകളിലായി കോട്ടയം പ്രദീപ് എഴുപതിലേറെ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 'ആമേൻ, 'വടക്കൻ സെല്‍ഫി', 'സെവൻത് ഡേ', 'പെരുച്ചാഴി', 'എന്നും എപ്പോഴും', 'ആട് ഒരു ഭീകരജീവി', 'അമര്‍ അക്ബര്‍ അന്തോണി', 'അടി കപ്യാരേ കൂട്ടമണി', 'കട്ടപ്പനയിലെ ഋത്വിക് റോഷൻ' തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. തമിഴില്‍ 'രാജാ റാണി', 'നൻപനട' തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. അഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളിലും തന്റെ കഥാപാത്രത്തെ കോട്ടയം പ്രദീപിന് പ്രേക്ഷകശ്രദ്ധയിലേക്ക് കൊണ്ടുവരാനായി എന്നതാണ് പ്രധാന കാര്യം. എല്‍ഐസിയില്‍ ജീവനക്കാരനായിട്ടായിരുന്നു കോട്ടയം പ്രദീപിന്റെ ഔദ്യോഗിക ജീവിതം.

മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളില്‍ ഒന്നായ 'വൈശാലി'യുടെ നിര്‍മാതാവ് അറ്റ്‍ലസ് രാമചന്ദ്രനും 2022ല്‍ വിടവാങ്ങി. അറബിക്കഥ അടക്കമുള്ള ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ അഭിനാതാവായും തിളങ്ങിയ പ്രമുഖ വ്യാപാരി കൂടിയായ അറ്റ്‍ലസ് രാമചന്ദ്രൻ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്തരിച്ചത്. കവിയും നോവലിസ്റ്റുമായ  ടി പി രാജീവനും 2022ല്‍ മടങ്ങി. ടി പി രാജീവിന്റെ പാലേരി മാണിക്കം: ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ, കെടിഎൻ കോട്ടൂര്‍: എഴുത്തും ജീവിതവും എന്നി നോവലുകള്‍ സിനിമയായിട്ടുണ്ട്. നടിയും അസോസിയേറ്റ് ഡയറക്ടറുമായ അംബിക റാവു വൃക്ക രോഗത്തെ തുടര്‍ന്ന് ജൂണ്‍ 26ന് അന്തരിച്ചു. 'കുംബളങ്ങി നൈറ്റ്‍സ്' എന്ന ചിത്രത്തില്‍ ശ്രദ്ധേയ വേഷം ചെയ്‍തിരുന്നു. യുവ ഛായാഗ്രാഹകൻമാരില്‍ ശ്രദ്ധേയനായ പപ്പുവിനെയും മരണം 2022ല്‍ തട്ടിയെടുത്തു. 'സെക്കൻഡ് ഷോ', 'ഞാൻ സ്റ്റീവ് പോപ്പസ്' തുടങ്ങിയ ശ്രദ്ധേയ ചിത്രമാണ് ക്യാമറാക്കണ്ണ് പപ്പുവിന്റേതായിരുന്നു,. പതിനായിരം വേദികളില്‍ പ്രധാന വേഷങ്ങളില്‍ തിളങ്ങിയ അപൂര്‍വം നാടകനടൻമാരില്‍ ഒരാളായ കൈനകരി തങ്കരാജിന്റെയും ജീവിതത്തിന്റെ കര്‍ട്ടനിട്ട വര്‍ഷമാണ് 2022. 'ഈ മ യൗ' അടക്കമുള്ള ചിത്രങ്ങളില്‍ കൈനകരി തങ്കരാജ് അഭിനയിച്ചിട്ടുണ്ട്. ജയരാജിന്റെ 'ഒറ്റാല്‍' എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ കുമരകം വാസുദേവനും വിടവാങ്ങി.  'പപ്പൻ പ്രിയപ്പെട്ട പപ്പൻ', ഗുരുദേവൻ, മടക്കമയാത്ര',  'ക്യാപ്റ്റൻ' തുടങ്ങിയ സിനിമകള്‍ക്ക് ഉള്‍പ്പടെ ആയിരത്തി അഞ്ഞൂറോളം ഗാനങ്ങല്‍ ചിട്ടപ്പെടുത്തിയ സംഗീതജ്ഞനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥും 2022ല്‍ വിടവാങ്ങി.

'താഴ്വാരം' എന്ന ചിത്രത്തില്‍ മോഹൻലാലിന്റെ തോളൊപ്പം നിന്ന  പ്രതിനായകനായ സലിം അഹമ്മദ് ഘൗസും 2022ല്‍ വിടവാങ്ങി. നാടകത്തിലൂടെ പ്രതിഭ തെളിയിച്ചായിരുന്നു സലിം അഹമ്മദ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. 'താഴ്‍വാര'ത്തിനു പുറമേ 'ഉടയോൻ' എന്ന മലയാള ചിത്രത്തിലും സലിം അഭിനയിച്ചിട്ടുണ്ട്. 'ദ്രോഹി', 'സോള്‍ജ്യര്‍', 'അക്സ്'', 'ഇന്ത്യൻ', 'വെട്രി വീഴാ', 'തിരുടാ തിരുട'  തുടങ്ങി ഒട്ടേറേ ഹിറ്റ് ചിത്രങ്ങളില്‍ സലിം വേഷമിട്ടിട്ടുണ്ട്.

തെലുങ്കിന്റെ സൂപ്പര്‍സ്റ്റാര്‍ കൃഷ്‍ണയുടെ മരണവും രാജ്യത്തിന്റെ തീരാനഷ്‍ടമായി. തീപ്പൊരി ഡയലോഗുകളും ആക്ഷൻ രംഗങ്ങളുമായി ഒരു കാലത്ത് തെലുങ്ക് സിനിമയെ ഭരിച്ച കൃഷ്‍ണ 350ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിന്റെ അച്ഛനുമാണ് അന്തരിച്ച കൃഷ്‍ണ. 'അല്ലൂരി സീതാ രാമ രാജു', 'ബ്രഹ്മാസ്ത്രം', 'ഇന്‍സ്‌പെക്ടര്‍ രുദ്ര', 'റൗഡി അണ്ണയ്യ', 'രാവണ' ,  'ഗുഡാചാരി 116' തുടങ്ങി ബോക്സോഫീസ് റെക്കോര്‍ഡുകള്‍ ഭേദിച്ച അനവധി ചിത്രങ്ങളില്‍ അഭിനയിച്ച കൃഷ്‍ണയെ തേടി മികച്ച നടനുള്ള സംസ്ഥാന ദേശീയ പുരസ്‍കാരങ്ങളും സമഗ്ര സംഭവാനയക്കുള്ള ഫിലിം ഫെയര്‍ പുസ്‍കാരവും എത്തിയിട്ടുണ്ട്.

കാലം പുതുവര്‍ഷത്തേയ്‍ക്ക് കലണ്ടര്‍ മറിക്കാൻ ഒരു മാസം മാത്രം നില്‍ക്കേ കൊച്ചുപ്രേമനും യാത്രയായി. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഡിസംബര്‍ മൂന്നിനായിരുന്നു കൊച്ചു പ്രേമന്റെ മരണം സംഭവിച്ചത്. അരങ്ങിലൂടെ സ്വന്തം പ്രതിഭ മിനുക്കിയ ശേഷം വെള്ളിത്തിരയില്‍ തിളങ്ങിയ അഭിനേതാക്കള്‍ക്കൊപ്പമാണ് കൊച്ചു പ്രേമന്റെയും ഇരിപ്പിടം. ഹാസ്യ വേഷങ്ങളിലൂടെയായിരുന്നു കൊച്ചു പ്രേമൻ മലയാളി സിനിമാ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നത്.

Read More: പ്രകടനത്തില്‍ വിസ്‍മയിപ്പിച്ച നടിമാര്‍; 2022 ലെ ഏറ്റവും മികച്ച പ്രകടനങ്ങള്‍

Follow Us:
Download App:
  • android
  • ios