2022 മാര്‍ച്ച് 27ന് ലോസ് ഏഞ്ചല്‍സിലാണ് 94-ാമത് അക്കാദമി അവാര്‍ഡ് വിതരണ ചടങ്ങ് നടക്കുക. 

94-ാമത് ഓസ്കാറിലേക്ക് (Oscars) ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രിയായി (India's Official Entry) തെരഞ്ഞെടുത്ത തമിഴ് ചലച്ചിത്രം 'കൂഴങ്കല്‍' (Koozhangal/ Pebbles) അവസാന പട്ടികയിൽ നിന്നും പുറത്ത്. അക്കാദമി പുരസ്‌കാരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ ഷോര്‍ട്ട് ലിസ്റ്റ് പങ്കുവെച്ച് നിർമാതാവ് വിഘേനേശ് ശിവനാണ് ഇക്കാര്യം അറിയിച്ചത്. നവാഗതനായ പി.എസ് വിനോദ് രാജ് സംവിധാനം ചെയ്ത ചിത്രം നയന്‍താരയും വിഘ്‌നേശ് ശിവനും ചേര്‍ന്നാണ് നിർമിച്ചത്. 

'ഈ പട്ടികയില്‍ കൂഴങ്കല്‍ ഉണ്ടോ എന്ന് നോക്കാന്‍ സാധിച്ചത് തന്നെ വലിയ നേട്ടമാണ്. എങ്കിലും പട്ടികയില്‍ ഇടം നേടിയിരുന്നെങ്കില്‍ ഞങ്ങളെപ്പോലുള്ള സ്വതന്ത്ര സിനിമാ പ്രവർത്തകർക്കും നിർമാതാക്കൾക്കും നൽകാൻ സാധിക്കുമായിരുന്ന സന്തോഷവും അഭിമാനവും സവിശേഷമാകുമായിരുന്നു. ഈ അവസരത്തില്‍ ഇത്രയും നിഷ്‌കളങ്കമായ സിനിമ സംവിധാനം ചെയ്തതിന് വിനോദ് രാജയോട് നന്ദി പറയുന്നു. ഞങ്ങളുടെ സിനിമ ഓസ്‌കര്‍ എന്‍ട്രിയായി തിരഞ്ഞെടുത്ത ഇന്ത്യന്‍ ജൂറി അംഗങ്ങള്‍ക്കും നന്ദി', വിഘ്നേശ് ശിവൻ ട്വീറ്റ് ചെയ്തു. 

Scroll to load tweet…

2022 മാര്‍ച്ച് 27ന് ലോസ് ഏഞ്ചല്‍സിലാണ് 94-ാമത് അക്കാദമി അവാര്‍ഡ് വിതരണ ചടങ്ങ് നടക്കുക. മദ്യപാനാസക്തിയുള്ള ഗണപതിയുടെയും മകന്‍ വേലുവിന്‍റെയും ജീവിതത്തിലേക്കാണ് കൂഴങ്കല്‍ ക്യാമറ തിരിക്കുന്നത്. വീടുവിട്ട് പോയ ഭാര്യയെ മടക്കിക്കൊണ്ടുവരാനായുള്ള യാത്രയിലാണ് ഗണപതിയും മകനും. മധുരയിലെ വരള്‍ച്ചയിലാണ്ട ഗ്രാമങ്ങളാണ് കഥാപരിസരം. നേരത്തെ റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തില്‍ ടൈഗര്‍ അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു ചിത്രം. 

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്‍ത മലയാളചിത്രം നായാട്ട്, യോഗി ബാബു നായകനായ തമിഴ് ചിത്രം മണ്ഡേല, ഗുജറാത്തി ചിത്രം ചെല്ലോ ഷോ, ബോളിവുഡ് ചിത്രങ്ങളായ ഷെര്‍ണി, സര്‍ദാര്‍ ഉദ്ധം എന്നിവയടക്കം ആകെ 14 ചിത്രങ്ങളാണ് സെലക്ഷന്‍ കമ്മിറ്റിക്കു മുന്നില്‍ ഉണ്ടായിരുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട്, സോയ അഖ്‍തറിന്‍റെ ഗള്ളി ബോയ് എന്നിവയാണ് പോയ വര്‍ഷങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഓസ്‍കറിലേക്ക് പോയത്. എന്നാല്‍ ഒരു ഇന്ത്യന്‍ ചിത്രവും ഇതുവരെ പുരസ്‍കാരം നേടിയിട്ടില്ല.