കുറുപ്പിനെ അന്വേഷിച്ചിറങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇന്ദ്രജിത്ത്

കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം തുറന്ന തിയറ്ററുകളിലേക്ക് മലയാളത്തില്‍ നിന്നെത്തുന്ന ആദ്യ പ്രധാന റിലീസ് ആണ് 'കുറുപ്പ്' (Kurup Movie). പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ കഥ പറയുന്ന ചിത്രത്തില്‍ കുറുപ്പിനെ അവതരിപ്പിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍ (Dulquer Salmaan) ആണ്. എം സ്റ്റാര്‍ എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്‍സുമായി ചേര്‍ന്ന് ദുല്‍ഖറിന്‍റെ തന്നെ നിര്‍മ്മാണക്കമ്പനിയായ വേഫെയറര്‍ ഫിലിംസ് ആണ് നിര്‍മ്മാണം. 12ന് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ പരിചയപ്പെടുത്തിയിരിക്കുകയാണ് ദുല്‍ഖര്‍. കുറുപ്പിനെ അന്വേഷിച്ചിറങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ കഥാപാത്രമാണ് അത്.

ഇന്ദ്രജിത്ത് സുകുമാരന്‍ (Indrajith Sukumaran) അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് ഡിവൈഎസ്‍പി കൃഷ്‍ണദാസ് എന്നാണ്. പൊലീസ് യൂണിഫോമില്‍ സ്റ്റേഷനില്‍ നില്‍ക്കുന്ന ആ കഥാപാത്രത്തിന്‍റെ ഒരു സ്റ്റില്‍ ആണ് ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ദുല്‍ഖറിന്‍റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ബജറ്റ് ഉള്ള ചിത്രവുമാണ് ഇത്. 35 കോടിയാണ് ബജറ്റ്. കേരളത്തിനു പുറമെ അഹമ്മദാബാദ്, മുംബൈ, ദുബൈ, മംഗളൂരു, മൈസൂരു എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്. പാച്ച് വര്‍ക്ക് അടക്കം ഒന്നര വര്‍ഷത്തോളമെടുത്താണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.

'കുറുപ്പ്' കണ്ടിട്ട് മമ്മൂട്ടി പറഞ്ഞ റിവ്യൂ? ദുല്‍ഖറിന്‍റെ മറുപടി

ദുല്‍ഖറിന്‍റെ അരങ്ങേറ്റചിത്രമായിരുന്ന 'സെക്കന്‍ഡ് ഷോ'യുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുമായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. കേരളത്തിലെ 450 സ്ക്രീനുകളില്‍ കുറുപ്പ് മിനിമം രണ്ടാഴ്ചയെങ്കിലും പ്രദര്‍ശിപ്പിക്കുമെന്നാണ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്‍റെ പ്രസിഡന്‍റ് കെ വിജയകുമാര്‍ അറിയിച്ചിരിക്കുന്നത്. ജിതിൻ കെ ജോസിന്‍റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവിയാണ് ഛായാഗ്രഹണം. സുഷിൻ ശ്യാം സംഗീതം. ശോഭിത ധൂലിപാലയാണ് നായിക. സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, അന്തരിച്ച പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.