നിരവധി പേരാണ് പേളിയുടെ പോസ്റ്റിനു താഴെ കമന്റുമായി എത്തിയത്.

അവതാരകയും നടിയും മോട്ടിവേഷണൽ സ്പീക്കറുമൊക്കെയായ പേളി മാണി കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രസാവനന്തരം സ്ത്രീയുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെ കളിയാക്കുന്നവർക്കുള്ള മറുപടിയായിരുന്നു പേളിയുടെ പോസ്റ്റ്. ഇത്തരം പരിഹാസങ്ങൾ സ്വാഭാവികമായ കാര്യമല്ലെന്നും, താൻ തന്റെ ശരീരത്തെ അത്രയും സ്നേഹിക്കുന്നുണ്ടെന്നും പേളി കുറിച്ചിരുന്നു.

നിരവധി പേരാണ് പേളിയുടെ പോസ്റ്റിനു താഴെ കമന്റുമായി എത്തിയത്. പേളിക്ക് വ്യക്തിപരമായി ഏറെ അടുപ്പമുള്ള ഇൻഫ്ളുവൻസർ ഇച്ചാപ്പി ആയിരുന്നു അതിലൊരാൾ. ''എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സ്ട്രോങ്ങ്സ്റ്റ് ആയിട്ടുള്ള ലേഡിയാണ് പേളി ചേച്ചി. രണ്ട് കുഞ്ഞുങ്ങളെ പ്രസവിച്ചതു കാരണം ബോഡിയിൽ ചില മാറ്റങ്ങൾ സംഭവിച്ചേക്കാം, പക്ഷേ പ്രഗ്നൻസി സമയത്ത് മറ്റുള്ളവരെ പോലെ റസ്റ്റ്‌ എടുത്ത് വീട്ടിൽ ഇരിക്കുകയല്ല ചെയ്തത്. സ്വന്തമായി എഴുതി പാടിയ ഒരു പാട്ട് തന്നെ ഇറക്കി (ചെല്ലക്കുട്ടിയെ). പോരാത്തതിന് സ്വന്തം ജീവിതം എത്രത്തോളം സക്സസ് ആക്കാമോ അതിന് വേണ്ടി ഹാർഡ് വർക്ക് ചെയ്തുകൊണ്ടേയിരിക്കുന്നു.

ഞാൻ ഉൾപ്പെടെയുള്ളവർക്ക് ഇൻസ്പയേർഡ് ആകുന്നുവെന്ന് മാത്രമല്ല, വീക്കായിട്ടിരിക്കുന്ന ഒരാളെ സെക്കന്റുകൾക്കുള്ളിൽ മോട്ടിവേറ്റ് ചെയ്യുവാനും സന്തോഷിപ്പിക്കുവാനുമുള്ള കഴിവും ഉണ്ട്. ഇവിടെ ഞങ്ങൾ കാണുന്നത് സ്ട്രോങ്ങസ്റ്റ് ആയിട്ടുള്ള, എല്ലാവരെയും ഒരുപോലെ കണ്ട് സ്നേഹിക്കുന്ന പേളി മാണിയെ ആണ്. ആ പേളിയെ ആണോ ഈ ബോഡിഷെയ്മിങ്ങ് ചെയ്യുന്നവർക്ക് തളർത്താൻ നോക്കുന്നതെങ്കിൽ അവർക്ക് തെറ്റി. ബിക്കോസ് ഷീ ഈസ് പേളി മാണി'', എന്നായിരുന്നു ഇച്ചാപ്പിയുടെ കമന്റ്. ''മൈ ഗേൾ'' എന്നാണ് പേളി ഇച്ചാപ്പിക്ക് മറുപടിയായി കുറിച്ചത്.

''ഒന്നുകൂടെ വായിച്ചു നോക്കുമ്പോൾ ഈ ഡയലോഗ് ക്രിഞ്ചായി തോന്നാറില്ലേ'' എന്നാണ് ഇച്ചാപ്പിയുടെ കമന്റിനു താഴെ ഒരാൾ ചോദിച്ചിരിക്കുന്നത്. ''അത്‌ പിന്നെ അങ്ങനെയാ. ഒരു വ്യക്തിയുടെ റിയലായിട്ടുള്ള കാര്യങ്ങൾ, അവരുടെ സക്സസ്ഫുൾ ലൈഫ്, അവർ ഹാർഡ് വർക്ക് ചെയ്ത് നേടിയെടുത്ത നേട്ടങ്ങളൊക്കെ പറയുമ്പോൾ ചില പ്രത്യേകതരം മനുഷ്യർക്ക് പിടിക്കൂല. പകരം രണ്ട് കുറ്റം പറഞ്ഞാൽ കൗതുകത്തോടെ കേട്ടോണ്ടിരിക്കും. നിങ്ങൾ അതിൽപെട്ടതാ. അതുകൊണ്ട് നിങ്ങളെ പറഞ്ഞിട്ടും കാര്യമില്ല.ഇതല്ല,ഇതിന്റെ അപ്പുറവും ചോദിക്കും'', എന്ന് ആയിരുന്നു ഇച്ചാപ്പിയുടെ മറുപടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക