ഒരുപാടു പേരുടെ കണ്ണു തുറപ്പിച്ച കേസായിരുന്നു ഇതെന്ന് സിന്ധു കൃഷ്‍ണ പറയുന്നു.

ഇൻഫ്ളുവൻസറും സംരംഭകയും നടൻ കൃഷ്‍ണകുമാറിന്റെ മകളുമായ ദിയ കൃഷ്‍ണയുടെ സ്ഥാപനത്തിൽ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതികൾ കഴിഞ്ഞ ദിവസം കുറ്റം സമ്മതിച്ചിരുന്നു. കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് മുൻ ജീവനക്കാരികൾ തട്ടിപ്പ് നടത്തിയതായി സമ്മതിച്ചത്. 40 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതായാണ് വിവരം. ഇതിനിടെ, ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ദിയയുടെ അമ്മ സിന്ധു കൃഷ്‍ണ. ഒരുപാടു പേരുടെ കണ്ണു തുറപ്പിച്ച കേസായിരുന്നു ഇതെന്ന് സിന്ധു കൃഷ്‍ണ പറയുന്നു.

''അവർ അറസ്റ്റിലായി എന്നത് തന്നെ വലിയൊരു കാര്യമാണ്. പബ്ലിക്കിന്റെ ശ്രദ്ധ പിടിച്ച് പറ്റിയ കേസാണിത്. തട്ടിപ്പു നടത്തിയ പണം കൊണ്ട് അവർ വീട് വെക്കുകയും സ്വർണം വാങ്ങുകയും സാധനങ്ങൾ വാങ്ങുകയും ചെയ്‍തു. നിങ്ങൾക്കിങ്ങനെ ചെയ്തപ്പോൾ കുറ്റബോധം ഒന്നും തോന്നിയില്ലേ എന്ന് കാറിൽ വെച്ച് അമ്മു ആ കുട്ടികളോട് ചോദിച്ചിരുന്നു. തോന്നി ചേച്ചീ എന്നാണ് അവർ പറഞ്ഞത്.

തെറ്റാണെന്ന് അവർക്ക് അറിയാം. പക്ഷെ എളുപ്പത്തിൽ പൈസ കിട്ടുമ്പോൾ അതിന്റെ സുഖം അനുഭവിച്ച് ക്രേസ് ആകും. എല്ലാവരും പ്രത്യേകിച്ച് ബിസിനസ് ചെയ്യുന്നവർ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം. ഒരുപാടു പേരുടെ കണ്ണു തുറപ്പിച്ച കേസായിരിക്കും ഇത്. തിരുവനന്തപുരത്തെ ഒരു ബേക്കറിയിലും സമാനമായ തട്ടിപ്പു നടന്നതായി ഞങ്ങളറിഞ്ഞു.

നിങ്ങളെങ്ങനെയാണ് ആദ്യം തുടങ്ങിയതെന്ന് ചോദിച്ചപ്പോൾ ആ കുട്ടി പറഞ്ഞത് പെട്രോളിന് ചെറുതായി എടുത്ത് തുടങ്ങിയെന്നാണ്. പിന്നെയാണ് കൂടുതൽ എടുത്തത്. എല്ലാ ക്രൈമിനും ഒരു തുടക്കം ഉണ്ടല്ലോ. അവരിപ്പോൾ അട്ടക്കുളങ്ങരയിലെ സബ്‍ ജയിലിലാണ്. ആ കുട്ടികൾക്കും നല്ല ബുദ്ധി വരട്ടെ, ഇതുപോലെയൊന്നും ഇനി ചെയ്യാതിരിക്കട്ടെ'', സിന്ധു കൃഷ്‍ണ വീഡിയോയിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക