ഡിജിറ്റൈസേഷന്‍ പൂര്‍ത്തിയായാല്‍ കൊവിഡ് ഭീതി മാറി തിയറ്ററുകള്‍ തുറക്കുന്നമുറയ്ക്ക് ഡിജിറ്റല്‍ പതിപ്പ് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്

മണി രത്നത്തിന്‍റെ ക്ലാസിക് ചിത്രം 'ഇരുവറി'ന്‍റെ ഡിജിറ്റൈസേഷന്‍ ജോലികള്‍ പുരോമഗിക്കുന്നു. എംജിആറിന്‍റെയും എം കരുണാനിധിയുടെയും ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പാത്രസൃഷ്‍ടികള്‍ ഉള്ള പൊളിറ്റിക്കല്‍ ഡ്രാമ ചിത്രമായിരുന്നു ഇരുവര്‍. ചിത്രത്തിന്‍റെ 8 കെ റെസല്യൂണന്‍ ഉള്ള പതിപ്പ് ആണ് ഒരുങ്ങുന്നത്. ഡിജിറ്റല്‍ പതിപ്പില്‍ നിന്നുള്ള ചില രംഗങ്ങളുടെ സ്‍കാന്‍ ചെയ്‍ത കോപ്പികള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. സിനിമാപ്രേമികള്‍ ആവേശത്തോടെയാണ് ഇവ സ്വീകരിച്ചിരിക്കുന്നത്. 

ഡിജിറ്റൈസേഷന്‍ പൂര്‍ത്തിയായാല്‍ കൊവിഡ് ഭീതി മാറി തിയറ്ററുകള്‍ തുറക്കുന്നമുറയ്ക്ക് ഡിജിറ്റല്‍ പതിപ്പ് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1997 ജനുവരിയില്‍ പുറത്തിറങ്ങിയ ചിത്രം തിയറ്ററുകളില്‍ കണ്ടവരും പിന്നീട് ടെലിവിഷനിലൂടെയും ഒടിടിയിലൂടെയും കണ്ടവരുമടക്കം വലിയ ഫാന്‍ ഫോളോവിംഗ് ഉള്ള ചിത്രമാണിത്. ഒരിക്കല്‍ കൂടി തിയറ്ററില്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് നിരവധി ആരാധകര്‍ രംഗത്തെത്തുന്നുണ്ട്.

Scroll to load tweet…

മോഹന്‍ലാല്‍, പ്രകാശ് രാജ്, ഐശ്വര്യ റായ്, രേവതി, തബു, ഗൗതമി, നാസര്‍ തുടങ്ങി വലിയ താരനിര അണിനിരന്ന ചിത്രത്തില്‍ ആനന്ദന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തിയത്. മോഹന്‍ലാലിന്‍റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്‍തിരുന്നു. മികച്ച സഹനടനും (പ്രകാശ് രാജ്) ഛായാഗ്രാഹകനുമുള്ള (സന്തോഷ് ശിവന്‍) ദേശീയ പുരസ്‍കാരങ്ങളും ചിത്രം നേടിയിരുന്നു.