'ആസ്‍ക് എസ്ആര്‍കെ' എന്ന പേരില്‍ എക്സില്‍ ഷാരൂഖ് നടത്താറുള്ള ചോദ്യോത്തര പരിപാടികള്‍ മിക്കപ്പോഴും വൈറല്‍ ആവാറുണ്ട്
ബോളിവുഡില്‍ ഇന്ന് ഏറ്റവും താരമൂല്യമുള്ള നടനാര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ. അത് ഷാരൂഖ് ഖാന്‍ എന്നാണ്. തുടര്‍ പരാജയങ്ങള്‍ക്കൊടുവില്‍ സ്വീകരിച്ച വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം കിംഗ് ഖാന്‍റെ രണ്ട് ചിത്രങ്ങളാണ് ഈ വര്‍ഷം തിയറ്ററുകളില്‍ എത്തിയത്. പഠാനും ജവാനും. രണ്ട് ചിത്രങ്ങളും 1000 കോടിക്ക് മേല്‍ കളക്ഷനാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്. തിരക്ക് നിറഞ്ഞ പ്രൊഫഷണല്‍ ജീവിതത്തിനിടയിലും ആരാധകരുമായുള്ള ബന്ധം മുറിയാതെ സൂക്ഷിക്കുന്ന താരം കൂടിയാണ് ഷാരൂഖ് ഖാന്‍. ഇടയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാറുമുണ്ട്.
ആസ്ക് എസ്ആര്‍കെ എന്ന പേരില്‍ എക്സില്‍ (മുന്‍പ് ട്വിറ്റര്‍) ഷാരൂഖ് നടത്താറുള്ള ചോദ്യോത്തര പരിപാടികള്‍ മിക്കപ്പോഴും വൈറല്‍ ആവാറുണ്ട്. ചുരുക്കം വാക്കുകളില്‍ രസകരമായതും കുറിക്ക് കൊള്ളുന്നതുമായ മറുപടികളാണ് ഷാരൂഖ് നല്‍കാറ്. എന്നാല്‍ ആസ്ക് എസ്ആര്‍കെയെക്കുറിച്ച് ഒരു സംശയം സിനിമാപ്രേമികളില്‍ പലരും ഉന്നയിച്ചിട്ടുണ്ട്. ആസ്ക് എസ്ആര്‍കെയിലെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നത് ഷാരൂഖ് തന്നെയാണോ, അതല്ല അദ്ദേഹത്തിന്‍റെ പേഴ്സണല്‍ ടീം ആണോ എന്നതായിരുന്നു അത്. തന്‍റെ പിറന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം ആരാധകരുമായി നേരിട്ട് നടത്തിയ സംവാദത്തില്‍ ഷാരൂഖ് ഏറെക്കാലമായി സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ഈ ചോദ്യത്തിന് മറുപടി നല്‍കി.
സിനിമയെക്കുറിച്ചുള്ള പോസ്റ്റുകള്‍ പങ്കുവെക്കുമ്പോള്‍ തിരക്ക് മൂലം ചിലപ്പോഴൊക്കെ പേഴ്സണല്‍ ടീമിന്‍റെ സഹായം തേടാറുണ്ടെങ്കിലും സോഷ്യല്‍ മീഡിയയിലെ വ്യക്തിപരമായ പ്രതികരണങ്ങളൊന്നും താന്‍ ആരെയും ഏല്‍പ്പിക്കാറില്ലെന്നും സ്വന്തമായാണ് ചെയ്യുന്നതെന്നും ഷാരൂഖ് പറഞ്ഞു. ആസ്ക് എസ്ആര്‍കെ അടക്കമുള്ള ചോദ്യോത്തര പരിപാടികളൊക്കെ ഈ ഗണത്തില്‍ പെടും.
അതേസമയം രാജ്കുമാര്‍ ഹിറാനിയുടെ സംവിധാനത്തിലെത്തുന്ന ഡങ്കിയാണ് ഷാരൂഖ് ഖാന്‍റെ അടുത്ത റിലീസ്. ഡിസംബര്‍ 22 ന് ചിത്രം തിയറ്ററുകളില്‍ എത്തും.
