സൽമാൻ ഖാനെ ഭീകര നിരീക്ഷണ പട്ടികയിൽപ്പെടുത്തി എന്ന വാർത്ത സംബന്ധിച്ച് പാക് മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വസ്തുതാ പരിശോധനാ സംഘമാണ് വ്യക്തത വരുത്തിയത്.
ഇസ്‍ലാമാബാദ്: ബോളിവുഡ് താരം സൽമാൻ ഖാനെ പാകിസ്ഥാൻ ഭീകരവാദിയായി പ്രഖ്യാപിച്ചെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ബലൂചിസ്ഥാനെ കുറിച്ചുള്ള താരത്തിന്‍റെ പരാമർശത്തിന് പിന്നാലെയായിരുന്നു ഇത്. എന്നാൽ പാകിസ്ഥാൻ വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം ഈ വിഷയത്തിൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ്.
മൗനം വെടിഞ്ഞ് പാക് മന്ത്രാലയം
സൽമാനെ ഭീകര നിരീക്ഷണ പട്ടികയിൽപ്പെടുത്തി എന്ന വാർത്ത സംബന്ധിച്ച് പാക് മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വസ്തുതാ പരിശോധനാ സംഘമാണ് വ്യക്തത വരുത്തിയത്. ബലൂചിസ്ഥാനെക്കുറിച്ച് പരാമർശം നടത്തിയതിന് ശേഷം സൽമാൻ ഖാനെ പാകിസ്ഥാന്‍റെ തീവ്രവാദ വിരുദ്ധ നിയമ പ്രകാരം നാലാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുകയും ഭീകരരെ സഹായിക്കുന്നയാൾ എന്ന് മുദ്ര കുത്തുകയും ചെയ്തെന്നായിരുന്നു പ്രചാരണം. എന്നാൽ പാക് മന്ത്രാലയത്തിന്‍റ വിശദീകരണം ഇങ്ങനെയാണ്-
“നാഷണൽ കൗണ്ടർ ടെററിസം അതോറിറ്റിയുടെ നിരോധിത വ്യക്തികളുടെ പേജിലോ ആഭ്യന്തര മന്ത്രാലയത്തിന്‍റെയോ / പ്രൊവിൻഷ്യൽ ഹോം ഡിപ്പാർട്ട്‌മെന്‍റിന്‍റെയോ ഗസറ്റിലോ സൽമാൻ ഖാനെ നാലാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയതായുള്ള പാക് സർക്കാരിന്‍റെ പ്രസ്താവനയോ അറിയിപ്പോ രേഖയോ ഉണ്ടായിട്ടില്ല”. അതിനാൽ തന്നെ ഇതു സംബന്ധിച്ച വാർത്തകൾ വ്യാജമാണെന്നാണ് പാക് മന്ത്രാലയത്തിന്‍റെ വിശദീകരണം.
സൽമാൻ ഖാൻ പറഞ്ഞതെന്ത്?
ഈ മാസം ആദ്യം സൗദി അറേബ്യയിലെ റിയാദിൽ നടന്ന ജോയ് ഫോറം 2025-ൽ ഷാരൂഖ് ഖാനും ആമിർ ഖാനുമൊപ്പമാണ് സൽമാൻ ഖാൻ വേദി പങ്കിട്ടത്. വേദിയിൽ, പശ്ചിമേഷ്യയിൽ ഇന്ത്യൻ സിനിമകൾക്കുള്ള സ്വീകാര്യതയെ കുറിച്ച് സൽമാൻ ഖാൻ പറഞ്ഞതിങ്ങനെ- “നിങ്ങൾ ഒരു ഹിന്ദി സിനിമ നിർമിച്ച് ഇവിടെ (സൗദി അറേബ്യയിൽ) റിലീസ് ചെയ്താൽ, അത് സൂപ്പർ ഹിറ്റാകും. നിങ്ങൾ തമിഴ്, തെലുങ്ക്, അല്ലെങ്കിൽ മലയാള സിനിമ നിർമ്മിക്കുകയാണെങ്കിൽ, കോടികളുടെ ബിസിനസ് നടക്കും. കാരണം മറ്റ് രാജ്യങ്ങളിൽ നിന്നുള്ള നിരവധി ആളുകൾ ഇവിടെ വന്നിട്ടുണ്ട്. ബലൂചിസ്ഥാനിൽ നിന്നുള്ളവരുണ്ട്, അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവരുണ്ട്, പാകിസ്ഥാനിൽ നിന്നുള്ളവരുണ്ട്. എല്ലാവരും ഇവിടെ ജോലി ചെയ്യുന്നു.”
സൽമാന്‍റെ പരാമർശത്തിൽ ബലൂചിസ്ഥാൻ കടന്നുവന്നതാണ് വിവാദമായത്. പാകിസ്ഥാന്‍റെ തെക്കുപടിഞ്ഞാറൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന പ്രവിശ്യയാണ് ബലൂചിസ്ഥാൻ. ഖൈബർ പഖ്തൂൺഖ്വ, പഞ്ചാബ്, സിന്ധ് എന്നിവയാണ് അതിർത്തികൾ. 1947 മുതൽ ഈ പ്രവിശ്യ സ്വയംഭരണവും സ്വാതന്ത്ര്യവും ആവശ്യപ്പെടുന്നുണ്ട്, 1971-ൽ ബംഗ്ലാദേശിന്റെ രൂപീകരണത്തിന് ശേഷം ഇത് കൂടുതൽ ശക്തമായി. മനുഷ്യാവകാശ ലംഘനങ്ങൾ, വിഭവ ചൂഷണം, രാഷ്ട്രീയമായ അരികുവൽക്കരണം എന്നിവ ഇവിടെയുണ്ട്. ആംനസ്റ്റി ഇന്റർനാഷണലിന്റെ കണക്കനുസരിച്ച്, 2011 മുതൽ പാകിസ്ഥാനിൽ ഏകദേശം 10,000 ബലൂചികളെ കാണാതായിട്ടുണ്ട്.


