മാര്‍ച്ച് 27 നാണ് ചിത്രത്തിന്‍റെ റിലീസ്

മ‍ലയാളത്തിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണ് എമ്പുരാന്‍ എന്നത് സിനിമാരംഗത്തുള്ളവര്‍‍ക്ക് നേരത്തേ അറിയുന്ന കാര്യമാണ്. എന്നാല്‍ ചിത്രത്തിന്‍റെ ബജറ്റ് സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായത് നിര്‍മ്മാതാവ് ജി സുരേഷ് കുമാറിന്‍റെ ഒരു വാര്‍ത്താ സമ്മേളനത്തോടെയാണ്. എമ്പുരാന്‍ ബജറ്റ് 140 കോടിയിലേറെ വരുമെന്ന് വിമര്‍ശന രൂപേണ സുരേഷ് കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെ തള്ളി എമ്പുരാന്‍ നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ പിന്നാലെ രംഗത്തെത്തി. ഇപ്പോഴിതാ ചിത്രത്തിന്‍റെ ബജറ്റിനെക്കുറിച്ചുള്ള ചോദ്യത്തിന് മോഹന്‍ലാലും പൃഥ്വിരാജും പ്രതികരിച്ചിരിക്കുകയാണ്.

ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അവതാരകയുടെ ചോദ്യത്തിന് ചിത്രത്തിന്‍റെ സംവിധായകനും നായകനും മറുപടി പറയുന്നത്. ചിത്രത്തിന്‍റെ ബജറ്റ് 150 കോടി എന്നാണ് താന്‍ വായിച്ചതെന്ന് അവതാരക പറയുമ്പോള്‍ അല്ല എന്ന് പൃഥ്വിരാജ് ഉടനടി മറുപടി പറയുന്നുണ്ട്. "സിനിമ കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് എത്രയെന്നാണോ തോന്നുന്നത് അതാണ് ഈ സിനിമയുടെ ബജറ്റ്. നിര്‍മ്മാതാവിനെ ഞാന്‍ വെല്ലുവിളിച്ചിരുന്നു, ഇത്രത്തോളം ചെറുതാണ് ചിത്രത്തിന്‍റെ ബജറ്റ് എന്നത് സിനിമ കാണുമ്പോള്‍ ആരും തിരിച്ചറിയില്ലെന്ന്", പൃഥ്വിരാജ് പറയുന്നു. താങ്കള്‍ പറഞ്ഞതല്ല (150 കോടി) യഥാര്‍ഥ ബജറ്റ് എന്ന് അഭിമുഖകാരിയോട് മോഹന്‍ലാലും പറയുന്നുണ്ട്. അതേസമയം ലൂസിഫര്‍ ഫ്രാഞ്ചൈസിയിലെ അവസാന ചിത്രം വലിയ സ്കെയിലില്‍ ചെയ്യണമെന്നാണ് തന്‍റെ ആഗ്രഹമെന്നും ഇതേ അഭിമുഖത്തില്‍ പൃഥ്വിരാജ് പറയുന്നുണ്ട്. 

അതേസമയം അഡ്വാന്‍സ് ബുക്കിംഗില്‍ ഇന്ത്യന്‍ സിനിമാലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് എമ്പുരാന്‍. ബുക്ക് മൈ ഷോ അഡ്വാന്‍സ് ബുക്കിംഗില്‍ ഒരു മണിക്കൂറില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ ഇന്ത്യന്‍ ചിത്രമായി എമ്പുരാന്‍ മാറിയിരുന്നു. കേരളത്തില്‍ ആദ്യ ദിന ഷോകളുടെ ടിക്കറ്റുകള്‍ കിട്ടാനില്ലാത്ത സാഹചര്യമാണ്. 

ALSO READ : പ്രശാന്ത് മുരളി നായകന്‍; 'കരുതൽ' വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം