ദൃശ്യത്തിലെ ജോര്‍ജുകുട്ടിയും 'ബ്രേക്കിംഗ് ബാഡ്' എന്ന ലോകപ്രശസ്ത സീരീസിലെ വാള്‍ട്ടര്‍ വൈറ്റും തമ്മില്‍ എന്താണ് സാമ്യം?
മലയാള സിനിമയിലെ ഏറെ സവിശേഷതകളുള്ള ഫ്രാഞ്ചൈസിയായ ദൃശ്യവും ലോകത്തിലെ എക്കാലത്തെയും മികച്ച ടെലിവിഷന്‍ സിരീസുകളില്‍ ഒന്നായി വിലയിരുത്തപ്പെടുന്ന ബ്രേക്കിംഗ് ബാഡും തമ്മില്‍ എന്താണ് സാമ്യം? ദൃശ്യം 2 ഇറങ്ങിയതിന് ശേഷം സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ട ചില പോസ്റ്റുകളിലാണ് ബ്രേക്കിംഗ് ബാഡിലെ നായക കഥാപാത്രമായ വാള്‍ട്ടര്‍ വൈറ്റിനെയും ദൃശ്യത്തിലെ നായകനായ ജോര്‍ജുകുട്ടിയെയും ആദ്യമായി ബന്ധിപ്പിച്ച് കണ്ടത്. എന്നാല്‍ ബ്രേക്കിംഗ് ബാഡിലെ ചില പ്രശസ്ത ഡയലോഗുകളും ദൃശ്യത്തിലെ ജോര്‍ജുകുട്ടിയുടെ ചിത്രവും മാത്രം വച്ച്, എന്തുകൊണ്ട് ഈ താരതമ്യം എന്ന് വിശദീകരിക്കാതെയുള്ളതായിരുന്നു ഈ പോസ്റ്റുകള്‍. ദൃശ്യം 3 ഇറങ്ങിയതിന് ശേഷവും ഈ രീതിയിലുള്ള പോസ്റ്റുകള്‍ അപൂര്‍വ്വമായി എത്തിയിരുന്നു. ശരിക്കും ജോര്‍ജുകുട്ടിക്കും വാള്‍ട്ടര്‍ വൈറ്റിനുമിടയില്‍ എന്തെങ്കിലും സാമ്യങ്ങളുണ്ടോ? ബ്രേക്കിംഗ് ബാഡ് കണ്ടിട്ടുള്ള ദൃശ്യം ആരാധകരെ സംബന്ധിച്ച് ഇരുകഥാപാത്രങ്ങളെയും ബന്ധിപ്പിക്കുന്ന ചില അടിസ്ഥാനപരമായ കാര്യങ്ങള്‍ ഉണ്ട്.
കുടുംബം എന്നതാണ് രണ്ട് പേരുടെയും ആദ്യ മുന്‍ഗണന എന്നതാണ് ആദ്യ കാര്യം. ജീവിതത്തിന്‍റെ മുന്നോട്ടുപോക്കില്‍ സ്വാഭാവികമായി വന്നുചേര്‍ന്ന ചില അപ്രതീക്ഷിത സാഹചര്യങ്ങളാണ് ജോര്‍ജുകുട്ടിയുടേത് എന്നപോലെ വാള്‍ട്ടര്‍ വൈറ്റിന്‍റെയും മുന്നോട്ടുള്ള ജീവിതത്തെ അടിമുടി മാറ്റിമറിച്ചുകളഞ്ഞത്. ജോര്‍ജുകുട്ടിയെ സംബന്ധിച്ച് ഇത് തന്‍റെ കുടുംബത്തിലേക്കുള്ള മൂത്ത മകള്‍ അഞ്ജു ജോര്‍ജിന്‍റെ ബോയ് ഫ്രണ്ട് വരുണിന്‍റെ അപ്രതീക്ഷിത കൊലപാതകം ആയിരുന്നെങ്കില്‍ വാള്‍ട്ടര്‍ വൈറ്റിനെ സംബന്ധിച്ച് തനിക്ക് കാന്‍സര്‍ ഉണ്ടെന്ന കണ്ടെത്തല്‍ ആയിരുന്നു. കെമിസ്ട്രിയില്‍ ആഴത്തില്‍ അവഗാഹമുള്ള ഹൈസ്കൂള്‍ അധ്യാപകനായ വാള്‍ട്ടറിന് 50-ാം പിറന്നാളിന് ശേഷമാണ് സ്റ്റേജ് 3 ശ്വാസകോശ കാന്‍സര്‍ കണ്ടെത്തുന്നത്. മരണം ഉറപ്പായ അയാള്‍ സെറിബ്രല്‍ പാഴ്സിയുള്ള മകനും ഭാര്യ സ്കൈലറിനും വേണ്ടി എന്തെങ്കിലും നീക്കിവെക്കണമെന്ന ആഗ്രഹത്തില്‍ ചില റിസ്കുകള്‍ എടുക്കാന്‍ തീരുമാനിക്കുകയാണ്. കെമിസ്ട്രിയിലുള്ള തന്‍റെ പ്രാവീണ്യം ഉപയോഗിച്ച് മെത്താംഫെറ്റമിന്‍ എന്ന ഡ്രഗ് വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നതും മയക്കുമരുന്ന് മാഫിയയോടുള്ള സഹകരണം അയാളെ ഒരു തിരിച്ചുപോക്കില്ലാത്ത ദുരന്തത്തിലേക്ക് കൊണ്ടെത്തിക്കുന്നതുമൊക്കെയാണ് ബ്രേക്കിംഗ് ബാഡിന്‍റെ പ്ലോട്ട്.

മറുവശത്ത് വീട്ടില്‍ നടന്ന ഒരു ക്രൈമിന് ശേഷം ആജീവനാന്തം പാലിക്കേണ്ട ഒരു സസൂക്ഷ്മ ശ്രദ്ധ ജോര്‍ജുകുട്ടിയിലേക്ക് എത്തിച്ചേരുകയാണ്. അയാള്‍ക്ക് പിന്നീട് അതില്‍ നിന്ന് മോചനമില്ല. ഏത് റിസ്കും എടുത്ത് മുന്നോട്ട് പോകുന്ന വാള്‍ട്ടര്‍ വൈറ്റിനും ജോര്‍ജുകുട്ടിക്കുമുള്ള പ്രധാന ലക്ഷ്യം തങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുക എന്നതാണ്. ജോര്‍ജുകുട്ടി ഇത് പലപ്പോഴും ഒരു സംഭാഷണമായിത്തന്നെ നിര്‍ണായക സന്ദര്‍ഭങ്ങളില്‍ പറയുന്നുണ്ട്. എന്‍റെ കുടുംബത്തെ സംരക്ഷിക്കാന്‍ ഞാന്‍ ഏതറ്റം വരെയും പോകും എന്ന്. ആവശ്യത്തിലധികം റിസ്ക് ഉള്ള, എപ്പോള്‍ വേണമെങ്കിലും പിടിക്കപ്പെടാവുന്ന ഒരു വഴിയിലൂടെയാണ് ഇരുവരുടെയും മുന്നോട്ടുള്ള സഞ്ചാരം. ഏര്‍പ്പെട്ടിരിക്കുന്ന മിഷനില്‍ പ്രാവീണ്യം നേടുമ്പോള്‍, ചുറ്റുമുള്ള ശത്രുക്കളുടെ എണ്ണം കൂടുമ്പോള്‍ വാള്‍ട്ടര്‍ വൈറ്റ് ഭാര്യയോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ‘നിങ്ങള്‍ അപകടത്തിലാണ്’ എന്ന് പറയുന്ന ഭാര്യയോട് ‘ഞാന്‍ അപകടത്തിലല്ല, ഞാനാണ് അപകടം’ (ഐ ആം നോട്ട് ഇന്‍ ഡെയ്ഞ്ചര്‍, ഐ ആം ദി ഡെയ്ഞ്ചര്‍) എന്നാണ് അയാള്‍ പറയുന്നത്. ദൃശ്യം 3 ന്‍റെ അടിസ്ഥാനം തന്നെ ജോര്‍ജുകുട്ടിക്ക് തോന്നുന്ന സമാന വികാരമാണെന്ന് ചിത്രം കണ്ടവര്‍ക്ക് അറിയാം. കഥയിലും പശ്ചാത്തലത്തിലുമൊക്കെ സാമ്യങ്ങള്‍ ഏതുമില്ലാത്ത ഈ രണ്ട് ജനപ്രിയ സൃഷ്ടികള്‍ക്ക് പ്രധാന കഥാപാത്രങ്ങളുടെ മുന്നോട്ടുപോക്കില്‍ അടിസ്ഥാനപരമായ ചില സാമ്യങ്ങള്‍ ഉണ്ടെന്നത് കൗതുകകരമാണ്. പ്രധാന കഥാപാത്രങ്ങളുടെ പ്രകടനങ്ങളും എടുത്ത് പറയേണ്ടതാണ്. മോഹന്‍ലാലിന്‍റെ സിനിമാജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ജോര്‍ജുകുട്ടിയെങ്കില്‍ ബ്രയാന്‍ ക്രാന്‍സ്റ്റണ്‍ എന്ന ഹോളിവുഡ് നടനെ ലോകമെങ്ങുമുള്ള ഭൂരിഭാഗം പ്രേക്ഷകരും തിരിച്ചറിയുന്നത് ബ്രേക്കിംഗ് ബാഡിലെ വാള്‍ട്ടര്‍ വൈറ്റ് ആയാണ്.



