മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടുന്നതിനിടെ, ചിത്രത്തിലെ ഒരു സംഘട്ടന രംഗത്തിൽ അബദ്ധത്തിൽ ക്യാമറാമാൻ ഉൾപ്പെട്ടത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും ട്രോളുകൾക്കും വഴിവെച്ചിട്ടുണ്ട്. Cameraman in frame during fight scene in ‘Dhurandar 2’, Audience finds mistake
റിലീസ് ചെയ്ത് വെറും നാല് ദിവസങ്ങൾ കൊണ്ട് ആഗോള ബോക്സ് ഓഫീസ് കളക്ഷനായി 500 കോടിയോളം രൂപയാണ് രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ ഒരുക്കിയ ധുരന്ധർ 2 നേടിയത്. ആദ്യ ഭാഗത്തിന്റെ വമ്പൻ വിജയം രണ്ടാം ഭാഗവും തുടരുമെന്ന സൂചനകളാണ് ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടുകൾ പ്രവചിക്കുന്നത്. രൺവീർ സിംഗ് ജസ്കിരത് സിംഗ് രംഗിയായും ഹംസയായും തന്റെ ഇരട്ട അവതാരങ്ങളിൽ എത്തുന്ന ചിത്രത്തിന് വലിയ പ്രേക്ഷക- നിരൂപക പ്രശംസകളാണ് എല്ലായിടത്ത് നിന്നും ലഭിക്കുന്നത്.
എന്നാൽ ഇപ്പോഴിതാ ചിത്രത്തിലെ ഒരു രംഗത്തിലുള്ള അബദ്ധം കണ്ടെത്തിയിരിക്കുകയാണ് പ്രേക്ഷകർ. ചിത്രത്തിലെ സംഘട്ടന രംഗത്തിനിടെ ഫ്രെയ്മിൽ ക്യാമറാമാനും ഉൾപ്പെട്ട രംഗമാണ് ഇപ്പോൾ എക്സ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇതും ആദിത്യ ധറിന്റെ ബ്രില്യൻസ് ആണോ എന്നാണ് പ്രേക്ഷകർ തമാശരൂപേണ കമന്റ് ചെയ്യുന്നത്. എന്നാൽ സാക്ഷാൽ ക്രിസ്റ്റഫർ നോളന്റെ ഡാർക്ക് നൈറ്റിൽ വരെ ഇത്തരത്തിലുള്ള അബദ്ധങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇതൊന്നും ട്രോൾ ചെയ്യപ്പെടേണ്ട കാര്യമില്ലെന്നും ഒരു വിഭാഗം കമന്റ് ചെയ്യുന്നു.
ബി62 സ്റ്റുഡിയോ നിർമ്മിച്ച് ജിയോ സ്റ്റുഡിയോ അവതരിപ്പിക്കുന്ന ഈ ആദിത്യ ധർ ചിത്രം, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ചിത്രം രചിച്ചതും സംവിധായകൻ ആദിത്യ ധർ തന്നെയാണ്. ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ആദിത്യ ധറും ചേർന്നാണ് ഈ മെഗാ മാസ്സ് ആക്ഷൻ സ്പൈ ത്രില്ലർ നിർമ്മിച്ചിരിക്കുന്നത്.


