Asianet News MalayalamAsianet News Malayalam

'ദൃശ്യം 2' തെലുങ്ക് റീമേക്കും ഡയറക്റ്റ് ഒടിടി റിലീസ്? ഔദ്യോഗിക പ്രഖ്യാപനം ഉടനെന്ന് റിപ്പോര്‍ട്ട്

ഫെബ്രുവരി 19ന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെയായിരുന്നു മലയാളം ഒറിജിനലിന്‍റെ പ്രീമിയര്‍

is venkatesh starring drushyam 2 a direct ott release through amazon prime video?
Author
Thiruvananthapuram, First Published Sep 26, 2021, 1:17 PM IST

സമീപകാല ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും പ്രധാന ഡയറക്റ്റ് ഒടിടി റിലീസുകളില്‍ ഒന്നായിരുന്നു ജീത്തു ജോസഫ്-മോഹന്‍ലാല്‍ (Jeethu Joseph-Mohanlal) ടീമിന്‍റെ 'ദൃശ്യം 2' (Drishyam 2). തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെടുമെന്ന് കരുതപ്പെട്ടിരുന്ന ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആണെന്ന് പുതുവര്‍ഷരാവിലാണ് പ്രഖ്യാപിക്കപ്പെട്ടത്. ഫെബ്രുവരി 19ന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെയായിരുന്നു (Amazon Prime Video) ചിത്രത്തിന്‍റെ പ്രീമിയര്‍. റിലീസില്‍ വലിയ പ്രേക്ഷകപ്രീതി നേടിയതിനു പിന്നാലെ ചിത്രത്തിന്‍റെ മറുഭാഷാ റീമേക്കുകളും പ്രഖ്യാപിക്കപ്പെട്ടിരുന്നു. അതില്‍ ആദ്യം ചിത്രീകരണം ആരംഭിച്ചത് വെങ്കടേഷ് (Venkatesh) നായകനാവുന്ന തെലുങ്ക് റീമേക്ക് (Telugu Remake) ആയിരുന്നു. ഏപ്രിലില്‍ പാക്കപ്പ് ആയ ചിത്രത്തിന്‍റെ സെന്‍സറിംഗ് ഏതാനും ദിവസം മുന്‍പ് പൂര്‍ത്തിയായിരുന്നു. 'ക്ലീന്‍ യു' സര്‍ട്ടിഫിക്കറ്റ് ആയിരുന്നു ചിത്രത്തിന്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ഒരു പ്രധാന അപ്ഡേറ്റും പുറത്തുവന്നിരിക്കുകയാണ്.

'ദൃശ്യം 2' ഒറിജിനല്‍ പോലെ തെലുങ്ക് റീമേക്കും ഡയറക്റ്റ് ഒടിടി റിലീസ് ആയിരിക്കും എന്നതാണ് അത്. അതും ഒറിജിനല്‍ പുറത്തെത്തിയ ആമസോണ്‍ പ്രൈമിലൂടെത്തന്നെയായിരിക്കുമെന്നും ഈ ചിത്രവും എത്തുകയെന്നും. ലെറ്റ്സ് ഒടിടി ഗ്ലോബല്‍ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്‍തിരിക്കുന്നത്. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നാണ് അവരുടെ പക്ഷം. ഈ മാസം 20ന് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തെത്തുമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരുന്നതെങ്കിലും പോസ്റ്റര്‍ എത്തിയിരുന്നില്ല. മുന്‍കൂട്ടി കാണാനാവാതിരുന്ന കാരണങ്ങളാല്‍ ഫസ്റ്റ് ലുക്ക് പുറത്തിറക്കാനായില്ലെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. 

മാര്‍ച്ച് 5ന് ഹൈദരാബാദില്‍ ചിത്രീകരണം ആരംഭിച്ച ചിത്രം 47 ദിവസങ്ങള്‍ കൊണ്ടാണ് പൂര്‍ത്തിയായത്. ഒറിജിനലിന്‍റെ ലൊക്കേഷനായ തൊടുപുഴയിലും ചിത്രീകരണം നടന്നിരുന്നു. അവിടെയായിരുന്നു അവസാന ഷെഡ്യൂളും. മലയാളം ഒറിജിനലിന്‍റെ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസിന് തെലുങ്ക് റീമേക്കിലും നിര്‍മ്മാണ പങ്കാലിത്തമുണ്ട്. ആശിര്‍വാദിന്‍റെ ആദ്യ തെലുങ്ക് ചിത്രവുമാണ് ദൃശ്യം 2. ആശിര്‍വാദിനൊപ്പം സുരേഷ് പ്രൊഡക്ഷന്‍സ്, രാജ്‍കുമാര്‍ തിയറ്റേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

2013ല്‍ പുറത്തെത്തിയ മലയാളം 'ദൃശ്യ'ത്തിനു ശേഷം ആദ്യമെത്തിയ റീമേക്ക് 'ദൃശ്യ' എന്ന പേരില്‍ കന്നഡയിലായിരുന്നു. എന്നാല്‍ അതേവര്‍ഷം 'ദൃശ്യം' എന്ന പേരില്‍ത്തന്നെ തെലുങ്ക് റീമേക്കും എത്തി. മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടി തെലുങ്കില്‍ എത്തിയപ്പോള്‍ പേര് രാംബാബു എന്നായിരുന്നു. കഥാപാത്രത്തെ അവതരിപ്പിച്ചത് വെങ്കടേഷ്. 'റാണി' തെലുങ്കില്‍ 'ജ്യോതി' ആയിരുന്നു. എന്നാല്‍ അവതരിപ്പിച്ചത് മീന തന്നെ. ഐജി ഗീത പ്രഭാകറിനെ നദിയ മൊയ്‍തു അവതരിപ്പിച്ചപ്പോള്‍ അനുവായി എസ്‍തര്‍ അനിലുമെത്തി. ആദ്യകാല നടി ശ്രീപ്രിയയുടെ സംവിധായക അരങ്ങേറ്റചിത്രവുമായിരുന്നു തെലുങ്ക് ദൃശ്യം. ചിത്രം ബോക്സ് ഓഫീസില്‍ മികച്ച വിജയവുമായിരുന്നു. അതേസമയം ദൃശ്യം 2ന്‍റെ കന്നഡ റീമേക്കും ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. അതേസമയം അജയ് ദേവ്‍ഗണ്‍ നായകനാവുന്ന ഹിന്ദി റീമേക്ക് ഡിസംബറില്‍ ആരംഭിക്കും.

Follow Us:
Download App:
  • android
  • ios