വിജയ് നായകനാവുന്ന ലോകേഷ് കനകരാജ് ചിത്രം 'മാസ്റ്റര്‍' പ്രഖ്യാപന സമയം മുതല്‍ ആരാധകര്‍ കാത്തിരിക്കുന്ന ഒന്നാണ്. ഈ വര്‍ഷം ഏപ്രില്‍ ഒന്‍പതിന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ അനിശ്ചിതമായി നീളുന്ന സാഹചര്യമുണ്ടായി. എത്ര തന്നെ കാത്തിരിക്കേണ്ടി വന്നാലും വിജയ് ചിത്രം തീയേറ്ററുകളിലേ റിലീസ് ചെയ്യൂവെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ എക്സ് ബി ഫിലിം ക്രിയേറ്റേഴ്സും സംവിധായകനും പലയാവര്‍ത്തി പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിതാ അതിനു കടകവിരുദ്ധമായ ഒരു വിവരവും പുറത്തുവരുന്നു. ചിത്രത്തിന്‍റെ സ്ട്രീമിംഗ് റൈറ്റ് വിറ്റുപോയെന്നും തീയേറ്റര്‍ റിലീസ് ഒഴിവാക്കി നെറ്റ്ഫ്ളിക്സിലൂടെയാവും ചിത്രം എത്തുകയെന്നുമാണ് അത്.

എന്നാല്‍ ഇതുസംബന്ധിച്ച മാധ്യമ വാര്‍ത്തകളില്‍ ഏകാഭിപ്രായമല്ല ഉള്ളത്. റിലീസ് എട്ടു മാസമായി മുടങ്ങിക്കിടക്കുന്ന ഒരു ബിഗ് ബജറ്റ്, സൂപ്പര്‍സ്റ്റാര്‍ ചിത്രം എന്ന നിലയില്‍ ഒടിടി റിലീസ് സാധ്യതകള്‍ നിര്‍മ്മാതാക്കള്‍ പരിശോധിക്കുകയാണെന്നും ഒരു പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുമായി തുകയടക്കമുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും 'ലെറ്റ്സ് ഒടിടി ഡോട്ട് കോം' റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇന്ത്യ ടുഡേയുടെ വാര്‍ത്ത കുറച്ചുകൂടി ഉറപ്പോടെയാണ്. ഒരു വന്‍ തുകയ്ക്ക് നെറ്റ്ഫ്ളിക്സ് ആണ് ചിത്രത്തിന്‍റെ സ്ട്രീമിംഗ് അവകാശം വാങ്ങിയിരിക്കുന്നതെന്നും അതേസമയം ഡയറക്ട് ഒടിടി റിലീസ് ആയിരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം മാസ്റ്ററിന്‍റെ സ്ട്രീമിംഗ് അവകാശം വാങ്ങിയിരിക്കുന്നത് നെറ്റ്ഫ്ളിക്സ് അല്ലെന്നും മറിച്ച് ആമസോണ്‍ പ്രൈം ആണെന്നും 'സിഫി'യുടെ ഇതുസംബന്ധിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ട്രീമിംഗ് റൈറ്റ് വിറ്റുപോയെങ്കിലും ചിത്രം തീയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്തതിനുശേഷമേ ഒടിടി പ്ലാറ്റ്ഫോമില്‍ പ്രദര്‍ശിപ്പിക്കൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്നും ചിത്രം തീയേറ്റര്‍ റിലീസ് തന്നെ ആയിരിക്കുമെന്നും ഒരു വിഭാഗം ആരാധകര്‍ ട്വിറ്ററില്‍ അഭിപ്രായപ്പെടുന്നു. ചിത്രം തീയേറ്ററിലാണ് തങ്ങള്‍ക്ക് കാണേണ്ടതെന്നും അവര്‍ പറയുന്നു. #MasterOnlyOnTheaters എന്ന ഹാഷ് ടാഗും ട്വിറ്ററില്‍ ഇതിനകം ട്രെന്‍ഡിംഗ് ആയിട്ടുണ്ട്. മാസ്റ്റര്‍ തീയേറ്റര്‍ റിലീസ് തന്നെ ആയിരിക്കുമെന്ന് കേരളത്തിലെ തീയേറ്ററുകളുടെ കാര്യം ഉദാഹരണമായി പറഞ്ഞ് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആ ശ്രീധര്‍ പിള്ള ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ തീയേറ്ററുകളാവും ഏറ്റവും അവസാനം-ജനുവരിയോടെ-തുറക്കുകയെന്നും തുറക്കുമ്പോള്‍ മാസ്റ്റര്‍ പോലെ ഒരു വമ്പന്‍ റിലീസ് ആവും അവര്‍ക്ക് വേണ്ടതെന്നും ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തു. പ്രാദേശിക ഡിസ്ട്രിബ്യൂട്ടര്‍ അവര്‍ക്ക്  പൊങ്കല്‍ റിലീസ് എന്ന ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും. അതേസമയം ചിത്രത്തിന്‍റെ അണിയറക്കാര്‍ ഈ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വൈകാതെ അത് ഉണ്ടാവുമെന്ന് കരുതപ്പെടുന്നു.