തിരുവനന്തപുരം: തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന 'ഇഷ്ക്' സിനിമയെ അഭിനന്ദിച്ച് നിയമസഭാംഗങ്ങള്‍. നിയമസഭയിലെ അംഗങ്ങള്‍ക്കായി തിരുവനന്തപുരം അജന്ത തിയേറ്ററില്‍ ഒരുക്കിയ ഇഷ്കിന്‍റെ പ്രത്യേക പ്രദര്‍ശനത്തില്‍ എംഎല്‍എമാരും മന്ത്രിമാരുമടക്കം നിരവധി പേര്‍ പങ്കെടുത്തു. 

കേരളീയ സമൂഹം അടിയന്തരമായി അഭിമുഖീകരിക്കുന്ന സാമൂഹ്യ പ്രശ്നത്തെ തീക്ഷ്ണമായി ആവിഷ്കരിച്ചിരിക്കുന്ന സിനിമയാണ് ഇഷ്ക് എന്ന് സ്പീക്കര്‍ ശ്രീരാമക്യഷ്ണന്‍ അഭിപ്രായപ്പെട്ടു. നല്ല രീതിയില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രം തന്നെ ആകര്‍ഷിച്ചെന്ന് മന്ത്രി എംഎം മണി പറഞ്ഞു. ആണത്തമെന്ന പരികല്‍പ്പനയെ തള്ളുന്ന ക്ലൈമാക്സ് ശ്രദ്ധേയമാണെന്ന് വിടി ബല്‍റാം എംഎല്‍എ നിരീക്ഷിച്ചു. 

എംഎല്‍എമാരായ പി ജെ ജോസഫ്,  കെ വി അബ്ദുള്‍ ഖാദര്‍, വി ടി ബല്‍റാം . റോജി എം ജോണ്‍, ഗീതാ ഗോപി, സി കെ ശശീന്ദ്രന്‍ ,സി കൃഷ്ണന്‍, എം രാജഗോപാല്‍, കെ ബാബു മന്ത്രിമാരായ എം.എം. മണി എ.കെ. ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രൻ എന്നവരും സ്പീക്കര്‍ ശ്രീരാമക്യഷ്ണനും ഇഷ്കിന്‍റെ പ്രത്യേക പ്രദര്‍ശനത്തിനെത്തി. നിയമസഭാ അംഗങ്ങള്‍ക്കൊപ്പം ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും പ്രദര്‍ശനം കാണാനെത്തിയിരുന്നു.