Its A MedicalMiracle streaming on Simply South from October 15 worldwide excluding India. സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ' ഒടിടി റിലീസിനൊരുങ്ങുന്നു. സെപ്റ്റംബര്‍ പതിനെട്ടിന് തിയറ്ററുകളിലെത്തിയ ഈ ചിത്രം ഒക്ടോബര്‍ പതിനഞ്ചിന് മനോരമ മാക്സിലൂടെ ഇന്ത്യയിൽ സ്ട്രീമിംഗ് ആരംഭിക്കും.
സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കുന്ന ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ എന്ന ചിത്രം ഒടിടിയിലേക്ക്. മനോരമ മാക്സിലൂടെ ഒക്ടോബര്‍ 15 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. എന്നാൽ ഇന്ത്യയ്ക്ക് പുറത്ത് ചിത്രം സ്ട്രീം ചെയ്യുന്നത് മറ്റൊരു പ്ലാറ്റ്‌ഫോമിലൂടെയാണ്. സിംപ്ലി സൗത്ത് ആണ് ചിത്രത്തിന്റെ ഇന്ത്യയ്ക്ക് പുറത്തുള്ള വേൾഡ് വൈഡ് സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
സെപ്റ്റംബര്‍ 18 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'. ഡോ. പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നീ ബാനറുകളില്‍ ഡോ. പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. അഖില ഭാർഗവൻ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നടി നിലീൻ സാന്ദ്രയാണ്. ഏറെ വ്യത്യസ്തമായ ലുക്കിലാണ് കേന്ദ്ര കഥാപാത്രങ്ങളായ ഷറഫുദീൻ, സംഗീത് പ്രതാപ് എന്നിവർ ഈ ചിത്രത്തിലെത്തുന്നത്. സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കൂടാതെ കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഉയർന്ന നിലവാരത്തിലുള്ള സാങ്കേതിക പൂർണ്ണതയോടെ ഒരുക്കിയ ചിത്രം, ശബ്ദ മിശ്രണത്തിലും സൗണ്ട് ഡിസൈനിലുമെല്ലാം പുതിയൊരു ബെഞ്ച്മാർക്ക് ആണ് സൃഷ്ടിച്ചത്. ശബ്ദത്തിൻ്റെ ഗംഭീരമായ ഉപയോഗത്തിന് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൻ്റെ മ്യൂസിക് അവകാശം പ്രമുഖ സംഗീത/ ഓഡിയോ ലേബൽ ആയ തിങ്ക് മ്യൂസിക് ആണ് സ്വന്തമാക്കിയത്. ചിത്രത്തിൻ്റെ ഓവർസീസ് വിതരണാവകാശം ദി പ്ലോട്ട് പിക്ചേഴ്സ് സ്വന്തമാക്കിയിരുന്നു.



