'എന്നിവര്‍', 'ദിശ' എന്നിവയാണ് മികച്ച ചിത്രങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്.

ജെ സി ഡാനിയേല്‍ ഫൗണ്ടേഷൻ ചലച്ചിത്ര അവാര്‍ഡുകള്‍ (J C Daniel foundation award) പ്രഖ്യാപിച്ചു. 2020ലെ മികച്ച ചിത്രമായി രണ്ട് ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. 'എന്നിവര്‍' എന്ന ചിത്രവും 'ദിശ'യുമാണ് മികച്ച ചിത്രങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്. ജയസൂര്യ (Jayasurya) മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ നവ്യ നായര്‍ (Navya Nair) മികച്ച നടിയായി.

സിദ്ധാര്‍ഥ് ശിവയാണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടവയില്‍ ഒന്നായ 'എന്നിവര്‍' സംവിധാനം ചെയ്‍തത്. വി സി ജോസാണ് 'ദിശ'യുടെ സംവിധായകൻ. 'സണ്ണി' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജയസൂര്യ മികച്ച നടനായതെങ്കില്‍ നവ്യാ നായര്‍ 'ഒരുത്തി' എന്ന ചിത്രത്തിലൂടെയാണ് മികച്ച നടിയായത്. 'സണ്ണി' എന്ന ചിത്രത്തിലൂടെ മധു നീലകണ്ഠൻ മികച്ച ഛായാഗ്രാഹകനായപ്പോള്‍ 'എന്നിവരിലൂ'ടെ സിദ്ധാര്‍ഥ് ശിവ തന്നെയാണ് മികച്ച സംവിധായകനായത്.

മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചത് ഗോപി സുന്ദറിനാണ്. 'ഒരുത്തി' എന്ന ചിത്രത്തിന്റെ സംഗീതമാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. 'വര്‍ത്തമാനം' എന്ന ചിത്രത്തിലൂടെ രംഗനാഥ് രവി മികച്ച സൗണ്ട് ഡിസൈനറായി. 2020ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലും മികച്ച നടനായത് ജയസൂര്യയായിരുന്നു (വെള്ളം).

ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലും മികച്ച സംവിധായനായത് സിദ്ധാര്‍ഥ് ശിവയായിരുന്നു. 'എന്നിവര്‍' എന്ന ചിത്രം തന്നെയായിരുന്നു സിദ്ധാര്‍ഥ് ശിവയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. സിദ്ധാര്‍ഥ് ശിവ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. ജയസൂര്യയെ അവാര്‍ഡിന് അര്‍ഹനാക്കിയ രഞ്‍ജിത് ശങ്കര്‍ സംവിധാനം ചെയ്‍ത 'സണ്ണി' മികച്ച പ്രതികരണം നേടിയിരുന്നു.