സിനിമയിലെ ഒരു രംഗം ക്രിസ്ത്യൻ സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്ന പരാതിയെത്തുടർന്ന് എഫ്ഐആര്‍.

ജലന്തര്‍:അടുത്തിടെ പുറത്തിറങ്ങിയ 'ജാട്ട്' എന്ന സിനിമയിലെ ഒരു രംഗം ക്രിസ്ത്യൻ സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്ന പരാതിയെത്തുടർന്ന് നടന്മാരായ സണ്ണി ഡിയോൾ, രൺദീപ് ഹൂഡ, വിനീത് കുമാർ സിംഗ്, രണ്ട് അണിയറപ്രവർത്തകർ എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പഞ്ചാബിലെ ജലന്തറിലാണ് കേസ് എടുത്തത്. 

പരാതിയെത്തുടർന്ന്, ചലച്ചിത്ര നിർമ്മാതാക്കൾ ക്ഷമാപണം നടത്തുകയും ആ രംഗം ചിത്രത്തിൽ നിന്ന് നീക്കം ചെയ്തതായി അറിയിക്കുകയും ചെയ്തിരുന്നു. നിർമ്മാതാക്കൾ ഇറക്കിയ പ്രസ്താവനയില്‍ “സിനിമയിലെ ഒരു പ്രത്യേക രംഗത്തില്‍ വലിയ പോരായ്മയുണ്ട്. ആ രംഗം സിനിമയിൽ നിന്ന് ഉടനടി നീക്കം ചെയ്തിട്ടുണ്ട്" എന്നാണ് പറഞ്ഞത്. 

"ആരുടെയും മതവികാരങ്ങളെ വ്രണപ്പെടുത്തുക എന്നതല്ല ഞങ്ങളുടെ ഉദ്ദേശ്യം. അതിൽ ഞങ്ങൾ അഗാധമായി ഖേദിക്കുന്നു, സിനിമയിൽ നിന്ന് ആ രംഗം നീക്കം ചെയ്യാൻ ഞങ്ങൾ പെട്ടെന്ന് നടപടി സ്വീകരിച്ചു. വിശ്വാസങ്ങള്‍ വ്രണപ്പെട്ടെങ്കില്‍ എല്ലാവരോടും ഞങ്ങൾ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു," പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

ജലന്ധറിലെ സദർ പോലീസ് സ്റ്റേഷനില്‍ ചില ക്രിസ്ത്യന്‍ സമുദായ അംഗങ്ങളാണ് പടത്തിനെതിരെ പരാതി നല്‍കിയത്. ബിഎൻഎസിന്റെ സെക്ഷൻ 299 (മതവികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള മനഃപൂർവവും ദ്രോഹപരവുമായ പ്രവൃത്തികൾ) പ്രകാരമാണ് പരാതി നൽകിയത്.

ചലച്ചിത്ര സംവിധായകൻ ഗോപിചന്ദ് മലിനേനി, നിർമ്മാതാവ് നിവീൻ മെലിനേനി എന്നിവർക്കെതിരെയും എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ 10നാണ് ജാട്ട് റിലീസ് ചെയ്തത്. യേശുക്രിസ്തുവിനോട് അനാദരവ് കാണിക്കുന്ന രീതിയില്‍ സിനിമയിലെ രംഗങ്ങള്‍ ഉണ്ടെന്നാണ് പരാതിക്കാരന്‍ പറയുന്നത്. 

ചിത്രം പീപ്പിൾ മീഡിയ ഫാക്ടറിയും മൈത്രി മൂവി മേക്കേഴ്‌സും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. സായാമി ഖേർ, രൺദീപ് ഹൂഡ, വിനീത് കുമാർ സിംഗ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.തമന്‍ ആണ് ചിത്രത്തിന്‍റെ സംഗീതം. 

ആദ്യ ഭാഗം പുറത്തിറങ്ങി ഒരു ആഴ്ച കഴിഞ്ഞപ്പോൾ സണ്ണി ഡിയോൾ സോഷ്യൽ മീഡിയയിലൂടെ ജാട്ട് 2 പ്രഖ്യാപിച്ചിരിക്കുകയാണ്. ബോക്സ് ഓഫീസിൽ ജാട്ട് വലിയ വിജയം നേടിയിട്ടില്ലെങ്കിലും, ജാട്ട് 2 ഇറങ്ങും എന്നാണ് പ്രഖ്യാപനം. 100 കോടിയോളം മുടക്കിയാണ് ജാട്ട് എടുത്തത് എന്നാണ് വിവരം. 

ജാട്ട് 2വിന്‍റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് സണ്ണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് "ജാട്ട് ഒരു പുതിയ ദൗത്യത്തിലേക്ക്! ജാട്ട്2" എന്നാണ്. 

പോസ്റ്ററിൽ സൂചിപ്പിക്കുന്നത് പോലെ രണ്ടാം ഭാഗവും ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്യും. മൈത്രി മൂവീസ് മേക്കേഴ്‌സാണ് ഈ പ്രോജക്റ്റിന്‍റെ നിര്‍മ്മാതാക്കള്‍. സണ്ണി ടൈറ്റിൽ റോളിൽ എത്തുന്നത് ഒഴികെ ബാക്കിയുള്ള അഭിനേതാക്കളുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

100 കോടി പടം ബോക്സോഫീസില്‍ 50 കോടിയായപ്പോള്‍ തന്നെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് നായകന്‍ !

'ബദ്രീനാഥില്‍ എന്‍റെ പേരില്‍ ക്ഷേത്രമുണ്ട്, ഇനിയിപ്പോ സൗത്ത് ഇന്ത്യയില്‍ വേണം' : ട്രോളായി ഉര്‍വശി റൗട്ടേല