ഹോങ്കോങ്: ചൈനീസ്-ഹോളിവുഡ് ആക്ഷന്‍ താരം ജാക്കി ചാന് കോവിഡ് 19 ബാധയുണ്ടായി എന്ന വാര്‍ത്ത നിഷേധിച്ച് താരം തന്നെ രംഗത്ത് എത്തി. കഴിഞ്ഞ ദിവസങ്ങളില്‍ ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ വന്ന അഭ്യൂഹങ്ങള്‍ തള്ളി താരം തന്നെയാണ് രംഗത്ത് എത്തിയത്. താന്‍ പൂര്‍ണ്ണ ആരോഗ്യവാനും സുരക്ഷിതനാണെന്നും, എല്ലാവരുടെയും പരിഗണനയ്ക്ക് നന്ദിയെന്നും താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പറഞ്ഞു.

എല്ലാവരുടെയും സ്നേഹത്തിനും അന്വേഷണങ്ങള്‍ക്കും നന്ദി, ഞാന്‍ പൂര്‍ണ്ണ ആരോഗ്യവാനും, സുരക്ഷിതനുമാണ്. എന്നെ അറിയുന്നവര്‍ പലരും സന്ദേശങ്ങള്‍ അയച്ചിരുന്നു. നിങ്ങളുടെ സ്നേഹത്തില്‍ സന്തോഷമുണ്ട്. ലോകം മുഴുവനുള്ള ആരാധകര്‍ ഫേസ്മാസ്കുകള്‍ അടക്കം അയച്ചുതന്നിരുന്നു. ഇവയെല്ലാം ദുരിതം അനുഭവിക്കുന്നവര്‍ക്ക് വിതരണം ചെയ്യും- ചൈനീസ് സൂപ്പര്‍താരം വീഡിയോയില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഹോങ്കോങ്ങിലെ  പൊലീസുകാരുടെ ഒരു ആഘോഷ ചടങ്ങിന്‍റെ വീഡിയോ വൈറലായിരുന്നു. ഈ ചടങ്ങില്‍ പങ്കെടുത്ത 56 പൊലീസുകാരെ പിന്നീട് കൊറോണ നിരീക്ഷണത്തിലേക്ക് മാറ്റി. ഇതില്‍ ഒരു പൊലീസുകാരന് കോവിഡ് 19 സ്ഥിരീകരിക്കുകയും ചെയ്തു വാര്‍ത്ത വന്നതിന് പിന്നാലെയാണ് ഈ ചടങ്ങില്‍ ജാക്കിചാനും പങ്കെടുത്തിരുന്നു എന്ന വാര്‍ത്ത വന്നത്. ഇതാണ് ജാക്കിചാന് കൊറോണ ബാധ എന്ന അഭ്യൂഹം പരക്കാന്‍ കാരണം. ഇതോടെയാണ് ഇത് വിശദീകരിച്ച് താരം സോഷ്യല്‍ മീഡിയയില്‍ വീഡിയോ ഇട്ടത്.