"പ്രകൃതിഭംഗി ആസ്വദിക്കുക, സ്ഥലങ്ങള്‍ കാണുക ഇതൊന്നുമല്ല എന്‍റെ വിഷയം"

പതിറ്റാണ്ടുകളായി അഭിനയരംഗത്ത് നില്‍ക്കുന്ന താരങ്ങളുണ്ട് മലയാളത്തില്‍. അഭിനയരീതികള്‍ പുതുക്കപ്പെടുന്നില്ലെന്ന് അവരില്‍ ചിലര്‍ വിമര്‍ശനമേല്‍ക്കാറുണ്ടെങ്കില്‍ മറ്റ് ചിലര്‍ക്ക് കാലത്തിനനുസരിച്ച് മാറിയതിന് കൈയടി ലഭിക്കാറുമുണ്ട്. അത്തരത്തില്‍ സമീപകാലത്തും കൈയടി നേടിക്കൊണ്ടിരിക്കുന്ന താരമാണ് ജഗദീഷ്. മാറുന്ന കാലത്തെ സിനിമയില്‍ താന്‍ എങ്ങനെ അപ്ഡേറ്റഡ് ആയി നില്‍ക്കുന്നുവെന്ന് പറയുകയാണ് ജഗദീഷ്. ഒഴിവുസമയം പുതിയ സിനിമകളും സിരീസുകളും കാണാനാണ് താന്‍ പ്രധാനമായും ഉപയോഗപ്പെടുത്താറെന്ന് അദ്ദേഹം പറയുന്നു, സമീപകാലത്തെ ചില സിനിമാ കാഴ്ചകളെക്കുറിച്ചും. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ജഗദീഷിന്‍റെ വാക്കുകള്‍.

"പ്രകൃതിഭംഗി ആസ്വദിക്കുക, സ്ഥലങ്ങള്‍ കാണുക ഇതൊന്നുമല്ല എന്‍റെ വിഷയം. അമേരിക്കയില്‍ പോയപ്പോഴും ഞാന്‍ ഏറ്റവുമധികം ത്രില്ലടിച്ചത് രാജ്‍കുമാര്‍ ഹിറാനിയുടെ സഞ്ജു എന്ന പടം ഫസ്റ്റ് ഡേ കാണാന്‍ പറ്റിയപ്പോഴാണ്. അതാണ് എന്‍റെ ത്രില്‍. ബാക്കിയുള്ളവരെല്ലാം സ്ഥലം കാണാന്‍ പോയപ്പോള്‍ ഞാന്‍ സിനിമ കാണാനാണ് പോയത്. എനിക്ക് ഭയങ്കര സന്തോഷമായി. എനിക്ക് ഇഷ്ടപ്പെട്ടു", ജഗദീഷ് പറയുന്നു 

"ഇപ്പൊ ലിയോ എന്ന് പറയുന്ന പടം ഫസ്റ്റ് ഡേ കണ്ടു ഞാന്‍. എനിക്ക് അതിന്‍റെ ത്രില്‍ ആണ്. ടൈഗര്‍ 3 ഞാന്‍ ഫസ്റ്റ് ഡേ കണ്ടു. ആ ദിവസം ഞാന്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. എസ് എല്‍ ഏരീസ്പ്ലെക്സില്‍ എട്ട് മണിക്ക് ഷോ. 10.45 ന് അത് തീര്‍ന്നു. ഞാന്‍ ഡ്രൈവ് ചെയ്ത് നേരെ അജന്ത തിയറ്ററില്‍ പോയി ജഗര്‍തണ്ടാ കണ്ടു. ഫ്രീ ആയിരിക്കുമ്പോള്‍ അതാണ് എന്‍റെ സന്തോഷം. ലോക സിനിമ എങ്ങനെ വളര്‍ന്നു, കൊറിയന്‍ സിനിമ എങ്ങനെ വളര്‍ന്നു. ഇറാനിയന്‍ സിനിമ എങ്ങനെ വളര്‍ന്നു, ഇംഗ്ലീഷ് സിനിമയില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടായി, ഹിന്ദി സിനിമയില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടായി, തമിഴില്‍, തെലുങ്കില്‍.. കന്നഡയൊക്കെ നമ്മള്‍ പുച്ഛിച്ചിരുന്ന വ്യവസായമാണ്. ഇന്ന് കന്നഡ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇതൊക്കെ വെല്ലുവിളികളാണ്. ഭാഗ്യവശാല്‍ ഇവിടെ യുവാക്കളുടെ കൈയിലാണ് നിയന്ത്രണം. പ്രായമായാല്‍ ഒഴിവാക്കണം എന്നല്ല, പക്ഷേ സംവിധായരില്‍ കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതെല്ലാം യൂത്ത് ആണ്. അവരുടെ ചിന്തകളാണ്. അവരാണ് പടങ്ങള്‍ വിജയിപ്പിക്കുന്നത്", ജഗദീഷ് പറയുന്നു. ഫാലിമിയാണ് ജഗദീഷിന്‍റെ പുതിയ ചിത്രം. ബേസില്‍ ജോസഫ് നായകനാവുന്ന ചിത്രത്തില്‍ അച്ഛന്‍ വേഷത്തില്‍ കൈയടി വാങ്ങുകയാണ് അദ്ദേഹം.

ALSO READ : ഫൈനല്‍ കളക്ഷന്‍ 60.05 കോടി; 'ലിയോ' കേരളത്തില്‍ നിന്ന് നേടിയ ഷെയര്‍ എത്ര?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം