റിലീസ് ദിനമായിരുന്ന വ്യാഴാഴ്ച പുലര്‍ച്ചെ ആറ് മണിക്കാണ് കേരളത്തിലെ പ്രധാന സെന്‍ററുകളിലൊക്കെയും ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിച്ചത്
ഒരിടവേളയ്ക്ക് ശേഷം കേരളത്തിലെ തിയറ്ററുകളില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഹൗസ്‍ഫുള്‍ ബോര്‍ഡുകള്‍ തൂങ്ങുന്ന കാഴ്ച. 2018 ന് ശേഷം ആദ്യമായാണ് ഇത്. രജനികാന്ത് നായകനായ നെല്‍സണ്‍ ദിലീപ്‍കുമാര്‍ ചിത്രം ജയിലര്‍ ആണ് സമീപകാല തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ മൌത്ത് പബ്ലിസിറ്റിയോടെ കേരളത്തിലും നിറഞ്ഞ് ഓടുന്നത്. രജനി ചിത്രത്തിന് കേരളത്തില്‍ എക്കാലത്തും ആരാധകരുണ്ടെന്നിരിക്കെ ജയിലറിന് ലഭിക്കുന്ന പതിവില്‍ കവിഞ്ഞ പ്രേക്ഷകാവേശത്തില്‍ മോഹന്‍ലാലിന്‍റെ അതിഥിവേഷവും വിനായകന്‍റെ പ്രതിനായക വേഷവുമുണ്ട്.
റിലീസ് ദിനമായിരുന്ന വ്യാഴാഴ്ച പുലര്‍ച്ചെ ആറ് മണിക്കാണ് കേരളത്തിലെ പ്രധാന സെന്‍ററുകളിലൊക്കെയും ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിച്ചത്. ശ്രീ ഗോകുലം മൂവീസ് വിതരണം ചെയ്തിരിക്കുന്ന ചിത്രം കേരളത്തിലെ 309 സ്ക്രീനുകളിലാണ് റിലീസ് ചെയ്യപ്പെട്ടത്. ആറ് മണി ഷോകളുടെ ഇന്‍റര്‍വെല്‍ സമയത്തുതന്നെ ചിത്രം കൊളുത്തിയേക്കും എന്ന തരത്തിലുള്ള ആദ്യ പ്രതികരണങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ആ പ്രതീക്ഷയെ ക്ലൈമാക്സ് വരേയ്ക്കും സംവിധായകന്‍ നെല്‍സണ് കാക്കാന്‍ കഴിഞ്ഞതോടെ വമ്പന്‍ മൌത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് ലഭിച്ചത്. റിലീസ് ദിനം അര്‍ധരാത്രിക്ക് ശേഷം പ്രേക്ഷകാഭ്യര്‍ഥന മാനിച്ച് നിരവധി തിയറ്ററുകളാണ് അഡീഷണന്‍ ഷോസ് നടത്തിയത്. പോസിറ്റീവ് പബ്ലിസിറ്റിയുടെ പ്രതിഫലനം ആദ്യദിന കളക്ഷനിലുമുണ്ടായി. പ്രമുഖ ട്രാക്കര്‍മാരുടെ കണക്കനുസരിച്ച് 5.85 കോടിയാണ് ജയിലര്‍ കേരളത്തില്‍ നിന്ന് ആദ്യദിനം നേടിയത്.
വ്യാഴാഴ്ചയായിരുന്നു റിലീസ് എന്നതിനാല്‍ നാല് ദിവസത്തെ വീക്കെന്‍ഡ് ആണ് ചിത്രത്തിന് ലഭിക്കുക. ചൊവ്വാഴ്ച സ്വാതന്ത്ര്യദിന അവധിയുമാകയാല്‍ അക്ഷരാര്‍ഥത്തില്‍ ആറ് ദിവസത്തെ എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡ് ആണ് ചിത്രത്തിന് ലഭിക്കുന്നത് എന്നും പറയാം. ആദ്യ വാരാന്ത്യ കളക്ഷനില്‍ കേരളത്തിലും ചിത്രം അത്ഭുതം കാട്ടുമെന്നാണ് കരുതപ്പെടുന്നത്. രണ്ടാം ദിനമായ വെള്ളിയാഴ്ചയും റെക്കോര്‍ഡ് പ്രതികരണമാണ് ചിത്രത്തിന്. തിരുവനന്തപുരം, കൊച്ചി, തൃശൂര്‍ പോലെയുള്ള സെന്‍ററുകളില്‍ പ്രധാന തിയറ്ററുകളില്‍ ഞായറാഴ്ച വരെയുള്ള ഷോകളില്‍ പലതും ഇതിനകം ഫില്‍ ആയിട്ടുണ്ട്. കേരളത്തിന്‍റെ സമീപകാല തിയറ്റര്‍ ചരിത്രത്തില്‍ 2018 സിനിമയ്ക്ക് ശേഷം ഇത്തരമൊരു കാഴ്ച ആദ്യമാണ്. ആദ്യവാരാന്ത്യത്തില്‍ ചിത്രം കേരളത്തില്‍ നിന്ന് എത്ര നേടുമെന്ന കൌതുകത്തിലാണ് തിയറ്റര്‍ വ്യവസായം.
