'വര്‍മന്‍റെ ഷെയര്‍ കൊടുക്കണം'; 'നരസിംഹ'യ്ക്ക് ലഭിച്ചതിലും അഭിനന്ദനം, വീണ്ടും ആവശ്യമുയര്‍ത്തി ആരാധകര്‍
വെറും രണ്ടാഴ്ച കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 520 കോടി നേടി കോളിവുഡിനെ വിസ്മയിപ്പിച്ച ചിത്രം

ജയിലര്‍ ഇത്ര വലിയ വിജയമാകാനുള്ള കാരണം എന്താണ്, അല്ലെങ്കില്‍ ആരാണ്? ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവുമധികം ആരാധകരുള്ള രജനികാന്തിന്‍റെ നായകത്വം, പ്രേക്ഷകരുടെ പള്‍സ് തൊട്ടറിഞ്ഞുകൊണ്ടുള്ള നെല്‍സണ്‍ ദിലീപ്‍കുമാറിന്‍റെ സംവിധാന മികവ്, അനിരുദ്ധ് രവിചന്ദറിന്‍റെ സംഗീതം, പ്രതിനായകനായുള്ള വിനായകന്‍റെ പ്രകടനം, അതിഥിതാരങ്ങളായി ചെറിയ സ്ക്രീന്‍ ടൈമിലെത്തി തിയറ്ററുകളില്‍ ഓളം സൃഷ്ടിച്ച മോഹന്‍ലാലും ശിവ രാജ്‍കുമാറും. ഇങ്ങനെ പ്രേക്ഷകരില്‍ പലര്‍ക്കും പല അഭിപ്രായങ്ങളാവും ഈ ചോദ്യത്തിന് ഉണ്ടാവുന്നത്. ചിത്രം തിയറ്ററുകളിലുണ്ടായിരുന്നപ്പോള്‍ തുടങ്ങിയ ചര്‍ച്ച പടം ഒടിടിയിലെത്തിയപ്പോഴും തുടരുകയാണ്.
വെറും രണ്ടാഴ്ച കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 520 കോടി നേടി കോളിവുഡിനെ വിസ്മയിപ്പിച്ച ചിത്രമാണിത്. തങ്ങളുടെ നിര്‍മ്മാണത്തിലെത്തി സമീപകാലത്ത് ഏറ്റവും വലിയ വിജയം സമ്മാനിച്ച ജയിലറിന്റെ സമാനതകളില്ലാത്ത വിജയം സണ്‍ പിക്ചേഴ്സ് ആഘോഷിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി രജനികാന്തിനും നെല്‍സണ്‍ ദിലീപ്‍കുമാറിനും അനിരുദ്ധ് രവിചന്ദറിനും പ്രതിഫലത്തിന് പുറമെ അധികതുകയും ഒപ്പം ലക്ഷ്വറി കാറുകളും അവര്‍ നല്‍കിയിരുന്നു. ഒപ്പം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയും തുക ചെലവാക്കി. സണ്‍ പിക്ചേഴ്സ് ജയിലറിന്‍റെ വിജയാഘോഷം ആരംഭിച്ച സമയത്തുതന്നെ ചിത്രത്തിന്‍റെ ആരാധകരില്‍ ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ ഒരു ക്യാംപെയ്ന്‍ ആരംഭിച്ചിരുന്നു. പ്രതിനായകവേഷം അവിസ്മരണീയമാക്കിയ വിനായകനും സമ്മാനം നല്‍കണം എന്നതായിരുന്നു അത്. ആഴ്ചകള്‍ക്കിപ്പുറം ആ ആവശ്യം വീണ്ടും ഉയര്‍ത്തുകയാണ് വര്‍മനെ ഇഷ്ടപ്പെട്ടവര്‍.
ചിത്രത്തിലെ ഓരോ പ്രധാന കഥാപാത്രത്തിനുവേണ്ടിയും അനിരുദ്ധ് രവിചന്ദര്‍ പ്രത്യേകം സൌണ്ട് ട്രാക്കുകള്‍ ഉണ്ടാക്കിയിരുന്നു. വിനായകന്‍ അവതരിപ്പിച്ച വര്‍മനും പ്രത്യേകം ഒഎസ്ടി ഉണ്ടായിരുന്നു. വര്‍മന്‍ ഒഎസ്ടി ഇന്നലെയാണ് യുട്യൂബിലൂടെ സണ്‍ പിക്ചേഴ്സ് അവതരിപ്പിച്ചത്. വന്‍ പ്രതികരണമാണ് ഈ ട്രാക്കിന് ലഭിച്ചത്. ഒരു ദിവസം കൊണ്ട് 13 ലക്ഷം കാഴ്ചകളാണ് ട്രാക്കിന് ലഭിച്ചത്. ശിവ രാജ്‍കുമാര്‍ അവതരിപ്പിച്ച നരസിംഹ എന്ന കഥാപാത്രത്തിന്‍റെ സൌണ്ട് ട്രാക്ക് 12 ദിവസം മുന്‍പാണ് സണ്‍ പിക്ചേഴ്സിന്‍റെ യുട്യൂബ് ചാനലില്‍ എത്തിയത്. അതിനുതാഴെ 1300 കമന്‍റുകളാണ് ഇതുവരെ എത്തിയതെങ്കില്‍ വര്‍മന്റെ ട്രാക്കിന് താഴെ ഒറ്റ ദിവസം കൊണ്ട് വന്ന കമന്‍റുകളുടെ എണ്ണം 1500 ല്‍ ഏറെയാണ്.
വിനായകന്‍റെ പ്രകടനത്തെ പുകഴ്ത്തിക്കൊണ്ടുള്ളതാണ് ഇതില്‍ ഓരോ കമന്‍റും. ജയിലറിന്‍റെ വിജയത്തില്‍ രജനിയോളം പങ്ക് വിനായകനുമുണ്ടെന്ന് ആരൊക്കെ കരുതുന്നുവെന്ന തമിഴിലുള്ള കമന്‍റിന് ആറായിരത്തോളം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. വില്ലന്‍ അപകടകാരി ആവുമ്പോഴാണ് രജനി ചിത്രങ്ങള്‍ മെഗാഹിറ്റുകള്‍ ആവുന്നത്. ശിവാജിക്കും എന്തിരനും ശേഷം ഇതാണ് രജനികാന്തിന് ലഭിച്ച പെര്‍ഫെക്റ്റ് വില്ലന്‍, എന്നാണ് മറ്റൊരു കമന്‍റ്. ജയിലറിന്‍റെ ആത്മാവ് വര്‍മനാണ്, ഈ പ്രകടനത്തിന് വിനായകന് അവാര്‍ഡ് ലഭിക്കണം ഇങ്ങനെ പോകുന്ന കമന്‍റുകള്‍ക്കിടയില്‍ ആരാധകര്‍ മറ്റൊരു കാര്യം കൂടി ആവശ്യപ്പെടുന്നുണ്ട്. പ്രതിഫലത്തിന് പുറമെ നിര്‍മ്മാതാവ് വിനായകനും സമ്മാനം നല്‍കണം എന്നതാണ് അത്.
ചിത്രത്തിന്‍റെ സക്സസ് മീറ്റില്‍ സംസാരിക്കവെ രജനികാന്തും വിനായകന്‍റെ പ്രകടനത്തെക്കുറിച്ച് നല്ല വാക്കുകള്‍ പറഞ്ഞിരുന്നു. രാവണനെക്കൊണ്ടാണ് രാമന് ബഹുമാനം ലഭിച്ചത്. ജയിലറിന് ഈ ബഹുമാനം ലഭിച്ചത് വര്‍മന്‍ കാരണമാണ്, രജനി പറഞ്ഞിരുന്നു.