Asianet News MalayalamAsianet News Malayalam

ഒടിടി റിലീസിന് ശേഷവും 'ജയിലര്‍' കാണാന്‍ തിയറ്ററിലേക്ക് ജനം! തെളിവുമായി തമിഴ്നാട് തിയറ്റര്‍ ഉടമ

കേരളത്തിലും വന്‍ കളക്ഷനാണ് ചിത്രം നേടിയത്

jailer still have good theatrical run in tamil nadu rajinikanth mohanlal sun pictures nelson dilipkumar nsn
Author
First Published Sep 26, 2023, 9:22 AM IST

ഒടിടി പ്ലാറ്റ്ഫോമുകളുടെ കടന്നുവരവ് സിനിമാ നിര്‍മ്മാതാക്കള്‍ക്ക് ഒരു പുതിയ വരുമാന സ്രോതസ് കൂടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ അതിന് ഒരു പോരായ്‍മയുമുണ്ട്. സിനിമ വന്‍ ഹിറ്റ് ആവുന്നപക്ഷം നിറഞ്ഞ സദസ്സുകളില്‍ തിയറ്റര്‍ പ്രദര്‍ശനം നടക്കുമ്പോള്‍ത്തന്നെയാവും ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നത് എന്നതാണ് അത്. ഒടിടിയില്‍ എത്തണമെന്നില്ല, ഒടിടി റിലീസ് തീയതി പ്രഖ്യാപിക്കുന്നതോടെതന്നെ തിയറ്ററിലേക്ക് ജനം വരാതാവും. ഇത്തരം സാഹചര്യങ്ങളില്‍ ഒടിടി റിലീസ് തീയതി അല്‍പംകൂടി നീട്ടിവെക്കാന്‍ നിര്‍മ്മാതാക്കളില്‍ ചിലര്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ അത് ഒരു പ്രൊഫഷണല്‍ സമീപനമായി ഒടിടി ലോകത്ത് വിലയിരുത്തപ്പെടാറുമില്ല. എന്നാല്‍ ഒടിടി റിലീസിന് ശേഷവും തിയറ്ററുകളിലേത്ത് ആളെത്തിയാലോ? അത്തരം ഒരു അപൂര്‍വ്വതയ്ക്കാണ് തമിഴ്നാട്ടിലെ പല തിയറ്ററുകളും ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.

രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്‍കുമാര്‍ ഒരുക്കിയ ജയിലര്‍ ആണ് ഒടിടി റിലീസിന് ശേഷവും തിയറ്ററുകളിലേക്ക് ആളെ എത്തിക്കുന്നത്. തമിഴ്നാട്ടിലാണ് ഈ കാഴ്ച. ഒടിടി റിലീസിന് പിന്നാലെ ഒരു വിജയചിത്രത്തിന്‍റെ മുഴുവന്‍ പ്രദര്‍ശനങ്ങളും തിയറ്ററുകാര്‍ ഒറ്റയടിക്ക് റദ്ദാക്കാറില്ല. പേരിന് നടത്തുന്ന ഷോകള്‍ കാണാന്‍ അപൂര്‍വ്വമായി മാത്രമേ പ്രേക്ഷകര്‍ എത്താറുള്ളൂ. ഇവിടെയാണ് ജയിലര്‍ വിസ്മയിപ്പിക്കുന്നത്. ഇപ്പോഴും വാരാന്ത്യ ദിനങ്ങളില്‍ ചില തിയറ്ററുകളില്‍ ജയിലറിന് മികച്ച ഒക്കുപ്പന്‍സി ലഭിക്കുന്നുണ്ട്. ചെന്നൈ ചിറ്റ്ലപാക്കത്തുള്ള മള്‍ട്ടിപ്ലെക്സ് ആയ വരദരാജ തിയറ്റേഴ്സില്‍ ഈ ഞായറാഴ്ചയും ജയിലറിന് 75 ശതമാനം തിയറ്റര്‍ ഒക്കുപ്പന്‍സി ഉണ്ടായിരുന്നുവെന്ന് ഉടമകള്‍ അറിയിക്കുന്നു. 40-ാം ദിവസം തിയറ്ററില്‍ നിന്നുള്ള പ്രേക്ഷകരുടെ ഒരു ചിത്രവും ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

 

രജനിയുടെ താരമൂല്യത്തെ കാലത്തിന് യോജിച്ച രീതിയില്‍ അവതരിപ്പിച്ച ചിത്രത്തിലെ വിനായകന്‍റെ പ്രതിനായക വേഷവും ഗംഭീരമായിരുന്നു. ഒപ്പം അതിഥിതാരങ്ങളായെത്തിയ മോഹന്‍ലാല്‍, ശിവ രാജ്‍കുമാര്‍ എന്നിവര്‍ക്കും തിയറ്ററുകളില്‍ വലിയ കൈയടിയാണ് ലഭിച്ചത്. കേരളത്തിലും വന്‍ കളക്ഷനാണ് ചിത്രം നേടിയത്. മോഹന്‍ലാലിന്‍റെയും വിനായകന്‍റെയും സാന്നിധ്യത്തിന് ഇതില്‍ കാര്യമായ പങ്കുണ്ട്. 

ALSO READ : തിയറ്ററുകളിലെ കൈയടി ഒടിടിയില്‍ ലഭിച്ചോ? 'ആര്‍ഡിഎക്സി'ന്‍റെ നെറ്റ്ഫ്ലിക്സ് റിലീസിലെ പ്രതികരണം ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios