ബീസ്റ്റിന് ശേഷം നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം

തെന്നിന്ത്യന്‍ സിനിമയില്‍ അടുത്ത കാലത്ത് സംഭവിക്കുന്ന ഏറ്റവും വലിയ റിലീസ് ഈ മാസം പത്തിനാണ്. നെല്‍സണ്‍ ദിലീപ്‍കുമാറിന്‍റെ സംവിധാനത്തില്‍ രജനികാന്ത് നായകനാവുന്ന ജയിലര്‍ ആണ് ചിത്രം. ജാക്കി ഷ്രോഫ്, ശിവ രാജ്‍കുമാര്‍, രമ്യ കൃഷ്ണന്‍, തമന്ന, യോഗി ബാബു എന്നിവര്‍ക്കൊപ്പം മോഹന്‍ലാലും അഭിനയിക്കുന്നു എന്നത് മലയാളി പ്രേക്ഷകരില്‍ വലിയ ആവേശം സൃഷ്ടിച്ചിരിക്കുന്ന ഘടകമാണ്. ഒപ്പം ഒരു പ്രധാന റോളില്‍ വിനായകനുമുണ്ട്. മോഹന്‍ലാലിന്‍റേത് അതിഥിവേഷമാണെങ്കിലും കഥാഗതിയില്‍ ഏറെ പ്രാധാന്യമുള്ള റോള്‍ ആണെന്നാണ് സൂചന. മാത്യു എന്നാണ് ഈ കഥാപാത്രത്തിന്‍റെ പേര്. കഥാപാത്രത്തിന്‍റെ ലുക്ക് നേരത്തേ പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ പുതിയ പോസ്റ്റര്‍ അവതരിപ്പിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ്.

രജനികാന്തും മോഹന്‍ലാലും ഒരു സോഫയില്‍ ഒരുമിച്ചിരുന്ന് സംസാരിക്കുന്ന തരത്തിലാണ് പുതിയ പോസ്റ്റര്‍. ഇരുവരുടെയും ചിത്രത്തിലെ ഗെറ്റപ്പുകള്‍ കാണികള്‍ക്ക് സുപരിചിതമാണെങ്കിലും ഒരുമിച്ചൊരു പോസ്റ്റര്‍ ആദ്യമായാണ്. മോഹന്‍ലാലും രജനികാന്തും ആദ്യമായാണ് ബിഗ് സ്ക്രീനില്‍ ഒരുമിച്ചെത്തുന്നത് എന്നതാണ് ജയിലറിന്‍റെ ഏറ്റവും വലിയ പ്രത്യേകത. 

Scroll to load tweet…

ബീസ്റ്റിന് ശേഷം നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. രജനിയുടെ കരിയറിലെ 169-ാം ചിത്രവുമാണ് ഇത്. വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ആര്‍ നിര്‍മ്മല്‍, സംഗീതം അനിരുദ്ധ് രവിചന്ദര്‍. സുനില്‍, മിര്‍ണ മേനോന്‍, വസന്ത് രവി, നാഗ ബാബു, യോഗി ബാബു, ജാഫര്‍ സാദ്ദിഖ്, കിഷോര്‍, ബില്ലി മുരളി, സുഗുന്തന്‍, കരാട്ടെ കാര്‍ത്തി, മിഥുന്‍, അര്‍ഷാദ്, ജി മാരിമുത്തു, നമോ നാരായണ, റിത്വിക്, അനന്ത്, ശരവണന്‍, ഉദയ് മഹേഷ് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ALSO READ : 'എന്‍റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ അയാള്‍ പരിഹസിച്ചു, അത് ചോദിക്കാനാണ് പോയത്'; ബാലയ്ക്ക് പറയാനുള്ളത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക