റിലീസ് ചെയ്യപ്പെടുന്ന ഓഗസ്റ്റ് 10 ന് തലേന്ന്, ഒന്‍പതാം തീയതിയാണ് യുഎസ് പ്രീമിയറുകള്‍

ഇന്ത്യന്‍ സിനിമയിലെ തന്നെ ഈ മാസത്തെ പ്രധാന റിലീസുകളിലൊന്നാണ് തമിഴ് ചിത്രം ജയിലര്‍. രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും അഭിനയിച്ചിരിക്കുന്നുവെന്നത് മലയാളികളെ സംബന്ധിച്ച് കൌതുകം കൂട്ടുന്ന ഘടകമാണ്. ചിത്രത്തിന് ഇതിനകം ലഭിച്ചിരിക്കുന്ന പ്രീ റിലീസ് ഹൈപ്പ് എത്രയെന്ന് വ്യക്തമാക്കുന്നതാണ് യുഎസ്എയിലെ പെയ്ഡ് പ്രീമിയര്‍ ഷോകള്‍ക്കായുള്ള അഡ്വാന്‍സ് ടിക്കറ്റ് റിസര്‍വേഷനില്‍ ലഭിച്ചിരിക്കുന്ന പ്രേക്ഷക പ്രതികരണം.

റിലീസ് ചെയ്യപ്പെടുന്ന ഓഗസ്റ്റ് 10 ന് തലേന്ന്, ഒന്‍പതാം തീയതിയാണ് യുഎസ് പ്രീമിയറുകള്‍. ടിക്കറ്റ് നിരക്ക് കൂടിയ ഈ ഷോകള്‍ക്കായി വലിയ തോതിലുള്ള ബുക്കിംഗ് ആണ് ലഭിച്ചിരിക്കുന്നത്. 1.8 ലക്ഷം മുതല്‍ 2 ലക്ഷം ഡോളര്‍ വരെയാണ് യുഎസ് പ്രീമിയര്‍ പ്രീ സെയില്‍സ് വഴി ചിത്രം ഇതിനകം സമാഹരിച്ചിരിക്കുന്നതെന്ന് വിവിധ ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ ഒന്നര കോടി മുതല്‍ 1.65 കോടി വരെ. പ്രീമിയര്‍ പ്രദര്‍ശനങ്ങള്‍ക്ക് ഒരാഴ്ച ശേഷിക്കെയാണ് ഈ പ്രതികരണമെന്ന് ഓര്‍ക്കണം. വിജയ് നായകനായ വാരിസിന്‍റെ യുഎസ് പ്രീമിയര്‍ കളക്ഷനെ ഇതിനകം നടന്ന ടിക്കറ്റ് വില്‍പ്പനയിലൂടെത്തന്നെ രജനി ചിത്രം മറികടന്നിട്ടുണ്ട്. പൊന്നിയിന്‍ സെല്‍വന്‍ 2, തുനിവ് എന്നിവയാണ് നിലവില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍. വരുന്ന ഒരാഴ്ചത്തെ ബുക്കിംഗ് കൊണ്ട് ഈ ചിത്രങ്ങളുടെ കളക്ഷനെയും ജയിലര്‍ മറികടന്നേക്കുമെന്നാണ് വിലയിരുത്തല്‍.

Scroll to load tweet…

പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ജയിലറുടെ വേഷത്തിലാണ് ചിത്രത്തില്‍ രജനി എത്തുന്നത്. ജാക്കി ഷ്രോഫ്, സുനില്‍, ശിവ രാജ്‍കുമാര്‍, തമന്ന, രമ്യ കൃഷ്ണന്‍, വസന്ത് രവി, യോഗി ബാബു, റെഡിന്‍ കിംഗ്സ്‍ലി തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ജയിലര്‍. രജനിയുടെ കരിയറിലെ 169-ാം ചിത്രവും.

ALSO READ : 'അവര്‍ക്ക് 400 തിയറ്ററുകള്‍, ഞങ്ങള്‍ക്ക് 40 എണ്ണം മാത്രം'; പ്രതിഷേധവുമായി മലയാളം 'ജയിലറി'ന്‍റെ സംവിധായകന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക