നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്‍ത ചിത്രം

രജനികാന്തിന്‍റെ കരിയറിലേത് മാത്രമല്ല, തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു ജയിലര്‍. രജനികാന്തിനെ ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യനായി ബിഗ് സ്ക്രീനില്‍ ആരാധകസമക്ഷം അവതരിപ്പിച്ചത് നെല്‍സണ്‍ ദിലീപ്‍കുമാര്‍ ആയിരുന്നു. രജനിക്കൊപ്പമെത്തിയ താരനിരയും ചിത്രത്തിന്‍റെ വിജയത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. വിനായകന്‍ പ്രതിനായകനായി എത്തിയ ചിത്രത്തില്‍ മോഹന്‍ലാലും ശിവ രാജ്‍കുമാറും ജാക്കി ഷ്രോഫും അടക്കമുള്ളവര്‍ അതിഥി താരങ്ങളായും എത്തി. ഇപ്പോഴിതാ ചിത്രം മറ്റൊരു വിദേശ മാര്‍ക്കറ്റില്‍ പുതുതായി റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.

രജനികാന്തിന് ഏറെ ആരാധകരുള്ള സ്ഥലമാണ് ജപ്പാന്‍. രജനികാന്തിന്‍റെ മുത്തു അവിടെ വലിയ വിജയമായിരുന്നു. ജാപ്പനീസ് നിരൂപകനായ ജുണ്‍ എഡോക്കി നിര്‍ദേശിച്ചതനുസരിച്ചാണ് അന്ന് വിതരണക്കാര്‍ മുത്തു റിലീസ് ചെയ്യാന്‍ തയ്യാറായത്. മുത്തു നേടിയ ജാപ്പനീസ് കളക്ഷന്‍ ഒരു റെക്കോര്‍ഡ് ആയിരുന്നു, രാജമൗലിയുടെ ആര്‍ആര്‍ആര്‍ 2022 ല്‍ എത്തുന്നത് വരെ. നാളയാണ് (21) ചിത്രം ജപ്പാനില്‍ റിലീസ് ചെയ്യുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതിനകം 650 കോടിയോളം നേടിയ ചിത്രമാണ് ജയിലര്‍. ചിത്രത്തിന്‍റെ വിദേശ വിതരണക്കാരായിരുന്നു അയ്ങ്കരന്‍ ഇന്‍റര്‍നാഷണലിന് മാത്രം 33 കോടിയുടെ വരുമാനം നേടിക്കൊടുത്തിരുന്നു. ജപ്പാന്‍ റിലീസ് ക്ലിക്ക് ആയാല്‍ ചിത്രത്തിന്‍റെ ലൈഫ് ടൈം ഗ്രോസില്‍ ഇനിയും മാറ്റമുണ്ടാകും.

സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ രമ്യ കൃഷ്ണന്‍, തമന്ന, വസന്ത് രവി, യോഗി ബാബു, മിര്‍ണ മേനോന്‍, സുനില്‍ തുടങ്ങിയവരും അഭിനയിച്ചിരുന്നു. അതേസമയം ജയിലറിന്‍റെ രണ്ടാം ഭാഗം അണിറയില്‍ തയ്യാറെടുക്കുകയാണ്. ജനുവരി 14 നാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. 

ALSO READ : 'റോക്കട്രി' ടീം വീണ്ടും; ഇത്തവണയും ബയോപിക്, ചിത്രീകരണം തുടങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം