ജെയിംസ് ബോണ്ട് ചിത്രം 'ക്വാണ്ടം ഓഫ് സൊളൈസി'സിലൂടെ ശ്രദ്ധേയയായ നടി ഓള്‍ഗ കുറിലെങ്കോയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ ഓള്‍ഗ തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവച്ചത്. ഒരാഴ്ചയായി അനാരോഗ്യം നേരിട്ടിരുന്നുവെന്നും പനിയും ക്ഷീണവുമായിരുന്നു പ്രധാന ലക്ഷണങ്ങളെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ജാലകത്തിലൂടെയുള്ള പുറത്തെ ദൃശ്യത്തിനൊപ്പമാണ് ഓള്‍ഗയുടെ കുറിപ്പ്.

'കൊറോണ വൈറസ് പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് വീട്ടില്‍ അടച്ചിരിക്കുകയാണ് ഞാന്‍. ശരിക്കും ഒരാഴ്ചയായി അനാരോഗ്യത്തില്‍ ആയിരുന്നു. പനിയും ക്ഷീണവുമായിരുന്നു പ്രധാന ലക്ഷണങ്ങള്‍. നിങ്ങള്‍ സ്വയം സൂക്ഷിക്കുക. ഇത് ഗൗരവമായി എടുക്കുക', എന്നാണ് ഓള്‍ഗയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള കൊവിഡ് ബാധിതരില്‍ സിനിമാമേഖലയില്‍ നിന്നുള്ളവരും ഉള്‍പ്പെടും. നേരത്തേ ഹോളിവുഡ് സൂപ്പര്‍താരം ടോം ഹാങ്ക്‌സിനും ഭാര്യ റിത വില്‍സണും കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. യൂണിവേഴ്‌സല്‍ മ്യൂസിക് ചെയര്‍മാന്‍ ലൂസിയന്‍ ഗ്രെയിന്‍ജ് ആണ് കൊവിഡ് 19 ചികിത്സയിലുള്ള മറ്റൊരാള്‍. 

അതേസമയം ഓള്‍ഗ കുറിലെങ്കോ 'ദി ബേ ഓഫ് സൈലന്‍സ്' എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഈയിടെ പൂര്‍ത്തിയാക്കിയതേയുള്ളൂ. അര്‍മാന്‍ഡോ ലന്നൂച്ചിയുടെ 'ദി ഡെത്ത് ഓഫ് സ്റ്റാലിന്‍', ടെറി ഗില്യത്തിന്റെ 'ദി മാന്‍ ഹു കില്‍ഡ് ഡോണ്‍ ക്വിക്‌സോട്ട്' എന്നിവയാണ് സമീപകാലത്തിറങ്ങിയ ചിത്രങ്ങളില്‍ ഓള്‍ഗയുടേതായി ശ്രദ്ധിക്കപ്പെട്ടത്.