ഡ്രൈവിംഗ് ലൈസന്‍സിനു ശേഷം പൃഥ്വിരാജും സുരാജും

പൃഥ്വിരാജിന്‍റെ (Prithviraj Sukumaran) അടുത്ത ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിജോ ജോസ് ആന്‍റണിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാവുന്ന ജന ഗണ മനയുടെ (Jana Gana Mana) റിലീസ് തീയതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ഒരു പ്രധാന അപ്ഡേറ്റ് ഇന്ന് രാവിലെ എത്തുമെന്ന് അണിയറക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ഏപ്രില്‍ 28നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തുക.

2018ല്‍ പുറത്തിറങ്ങിയ ക്വീന്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ഡിജോ ജോസ് ആന്‍റണി. 2021 ജനുവരിയില്‍ പ്രോമോ പുറത്തെത്തിയ സമയത്ത് ശ്രദ്ധ നേടിയ പ്രോജക്റ്റ് ആണിത്. ഷാരിസ് മുഹമ്മദിന്‍റേതാണ് ചിത്രത്തിന്‍റെ രചന. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിരാജിനൊപ്പം സുരാജ് വെഞ്ഞാറമ്മൂട് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തിയറ്ററുകളില്‍ വിജയം നേടിയ ഡ്രൈവിംഗ് ലൈസന്‍സിനു ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്.

ശ്രീ ദിവ്യ, ധ്രുവന്‍, ശാരി, ഷമ്മി തിലകന്‍, രാജ കൃഷ്ണമൂര്‍ത്തി, പശുപതി, അഴകം പെരുമാള്‍, ഇളവരശ്, വിനോദ് സാഗര്‍, വിന്‍സി അലോഷ്യസ്, മിഥുന്‍, ഹരി കൃഷ്ണന്‍, വിജയകുമാര്‍, വൈഷ്ണവി വേണുഗോപാല്‍, ചിത്ര അയ്യര്‍, ബെന്‍സി മാത്യൂസ്, ധന്യ അനന്യ, നിമിഷ, ദിവ്യ കൃഷ്ണ, ജോസ്കുട്ടി ജേക്കബ്, പ്രസാദ് അരുമനായകം, ശുഭ വെങ്കട്, രാജ് ബാബു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സഹ നിര്‍മ്മാണം ജസ്റ്റിന്‍ സ്റ്റീഫന്‍. യുവഛായാഗ്രാഹകരില്‍ ശ്രദ്ധേയനായ സുദീപ് ഇളമണ്‍ ആണ് സിനിമാറ്റോഗ്രാഫര്‍. അയ്യപ്പനും കോശിയും ക്യാമറയില്‍ പകര്‍ത്തിയത് സുദീപ് ആയിരുന്നു. എഡിറ്റിംഗും ഡിഐയും ശ്രീജിത്ത് സാരംഗ്, ലൈന്‍ പ്രൊഡ്യൂസര്‍മാര്‍ ഹാരിസ് ദേശം, സന്തോഷ് കൃഷ്ണന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി തോമസ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കിരണ്‍ റാഫേല്‍, കലാസംവിധാനം ദിലീപ്നാഥ്, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ, സ്റ്റില്‍സ് സിനറ്റ് സേവ്യര്‍, ഡിസൈന്‍ ഓള്‍ഡ്മങ്ക്സ്.

മോഹന്‍ലാലിനെ നായകനാക്കി സംവിധാനവും നിര്‍വ്വഹിച്ച ബ്രോ ഡാഡിയിലാണ് പൃഥ്വിരാജിനെ പ്രേക്ഷകര്‍ അവസാനം കണ്ടത്. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ടൈറ്റില്‍ കഥാപാത്രത്തിന്‍റെ മകന്‍റെ വേഷത്തിലായിരുന്നു രാജു. ഷാജി കൈലാസ് ചിത്രം കടുവ, ബ്ലെസ്സിയുടെ ആടുജീവിതം എന്നിവയാണ് അഭിനയിക്കുന്നവയില്‍ പൃഥ്വിരാജിന്‍റേതായി പുറത്തെത്താനുള്ള ചിത്രങ്ങള്‍. ലൂസിഫറിന്‍റെ രണ്ടാംഭാഗമായ, മോഹന്‍ലാല്‍ നായകനാവുന്ന എമ്പുരാന്‍ അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രവുമാണ്.