വിടവാങ്ങിയ സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ ജീവിതകഥ പറയുന്ന അനന്തരം എന്ന പുസ്തകം ഓഡിയോ രൂപത്തില്‍ പുറത്തിറക്കി പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റ്. ബാലഭാസ്‌കറിന്റെ അമ്മ, അച്ഛന്‍, അമ്മാവന്‍, ഗുരുനാഥന്‍, എന്നിങ്ങനെ അദ്ദേഹവുമായി ഏറ്റവും അടുത്ത ബന്ധമുള്ള വ്യക്തികളിലൂടെ കഥ പറയുന്ന പുസ്തകമാണ് ഓഡിയോ രൂപത്തിലാക്കിയിരിക്കുന്നത്. ജാസി ഗിഫ്റ്റ് പ്രൊഡക്ഷന്‍സാണ് ഓഡിയോ ബുക്ക് പുറത്തിറക്കിയത്. 

ബാലഭാസ്‌കറിന്റെ ജീവിതത്തിലെയും അദ്ദേഹത്തിന്റെ സംഗീത വഴികളിലെയും യാഥാര്‍ത്ഥ്യങ്ങള്‍ വിശദമായി പ്രതിപാദിക്കുന്ന 'അനന്തരം' എന്ന പുസ്തകം അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും എഴുത്തുകാരനുമായ ജോയ് തമലമാണ് രചിച്ചിരിക്കുന്നത്. സൈന്ദവ പബ്ലിക്കേഷന്‍സാണ് പുസ്തകത്തിന്റെ പ്രസാധകര്‍. ജോയ് തമലം തന്നെ രചിച്ച 'ബാലഭാസ്‌കര്‍ സൗഹൃദം, പ്രണയം, സംഗീതം' എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗമാണ് 'അനന്തരം'.