'ജവാന്റെ' വിതരണാവകാശവും ശ്രീഗോകുലം മൂവീസിന്.
പഴശ്ശിരാജ അടക്കമുള്ള ബിഗ് ബജറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ബാനര്‍ ആണ് ഗോകുലം ഗോപാലന്‍റെ ശ്രീഗോകുലം മൂവീസ്. ഇതര ഭാഷാ ചിത്രങ്ങളുടെ കേരളത്തിലെ വിതരണത്തിലും സജീവമാണ് ഈ ബാനര്‍. 'പൊന്നിയിന്‍ സെല്‍വന്‍ 2', ഇപ്പോള്‍ തിയറ്ററുകളില്‍ വന്‍ പ്രതികരണം നേടിക്കൊണ്ടിരിക്കുന്ന 'ജയിലര്‍' എന്നിവയൊക്കെ കേരളത്തില്‍ വിതരണം ചെയ്‍തത് ശ്രീഗോകുലം മൂവീസ് ആണ്. ഇപ്പോഴിതാ വന്‍ പ്രീ റിലീസ് ഹൈപ്പ് നേടിയിരിക്കുന്ന ഒരു ബോളിവുഡ് ചിത്രത്തിന്‍റെ വിതരണാവകാശവും ഈ കമ്പനി സ്വന്തമാക്കിയിരിക്കുകയാണ്.
ഇതുവരെ മറുഭാഷാ ചിത്രങ്ങളുടെ വിതരണാവകാശം കേരളത്തില്‍ മാത്രമാണ് ശ്രീഗോകുലം നേടിയിരുന്നതെങ്കില്‍ 'ജവാ'ന്‍റെ കേരളത്തിലെയും തമിഴ്‍നാട്ടിലെയും വിതരണം അവര്‍ക്കാണ്. പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള അറിയിക്കുന്നതനുസരിച്ച് ഗോകുലം തമിഴ്‍നാട്ടില്‍ ചിത്രം വിതരണം ചെയ്യുക ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസിന്‍റെ സഹകരണത്തോടെയാണ്. ചിത്രത്തിന്‍റെ തമിഴ്, ഹിന്ദി പതിപ്പുകള്‍ തമിഴ്നാട്ടില്‍ ഇറങ്ങും. കേരളത്തിലെ വിതരണം ഡ്രീം ബിഗ് ഫിലിംസുമായി ചേര്‍ന്നാണ് ഗോകുലം ചെയ്യുകയെന്ന് ബോക്സ് ഓഫീസ് ട്രാക്കറായ എ ബി ജോര്‍ജും ട്വീറ്റ് ചെയ്തിട്ടുണ്ട്. വന്‍ തുകയ്ക്കാണ് കേരള, തമിഴ്നാട് വിതരണാവകാശം ഗോകുലം സ്വന്തമാക്കിയിരിക്കുന്നതെന്ന് ശ്രീധര്‍ പിള്ള പറയുമ്പോള്‍ 50 കോടിയാണ് ബാനര്‍ ആകെ മുടക്കിയിരിക്കുന്നതെന്ന് എ ബി ജോര്‍ജ് പറയുന്നു.
വ്യാപകമായ ട്വിറ്ററിലെ പ്രചരണത്തിന് പിന്നാലെ സിനിമാ പ്രേമികളുടെ ശ്രദ്ധ നേടുന്ന 'റെഡി' എന്ന ഒരു ട്വീറ്റും ശ്രീഗോകുലം മൂവീസിന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ഉണ്ടായി. ഔദ്യോഗിക പ്രഖ്യാപനം തുടര്‍ന്ന് നടത്തുകയായിരുന്നു. 'പഠാന്‍റെ' വിജയത്തിന് ശേഷം ഷാരൂഖ് ചിത്രമായി എത്തുന്നതാണ് 'ജവാന്‍'. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ഗൗരി ഖാന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആറ്റ്ലി ആണ്. നയന്‍താരയാണ് നായിക.
