ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക

പഠാന് ശേഷം ബോളിവുഡിന് ഏറ്റവും പ്രതീക്ഷ പകര്‍ന്ന് എത്തുന്ന ചിത്രമാണ് ജവാന്‍. പഠാന്‍ നേടിയ റെക്കോര്‍ഡ് വിജയത്തിന് ശേഷമെത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്നതുതന്നെ കാരണം. റിലീസിന് ഒരു ദിവസം മാത്രം അവശേഷിക്കെ അഡ്വാന്‍സ് ബുക്കിംഗില്‍ ചിത്രത്തിന് വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. രാജ്യമൊട്ടാകെയുള്ള ഈ ട്രെന്‍ഡ് കേരളത്തിലും ദൃശ്യമാണ്. 

ദിവസങ്ങള്‍ക്ക് മുന്‍പ് രാജ്യമൊട്ടാകെ ഒരുമിച്ചാണ് ചിത്രത്തിന്‍റെ അഡ്വാന്‍സ് റിസര്‍വേഷന്‍ ആരംഭിച്ചത്. ശ്രീ ഗോകുലം മൂവീസിനാണ് ചിത്രത്തിന്‍റെ കേരളത്തിലെയും തമിഴ്നാട്ടിലെയും വിതരണാവകാശം. വന്‍ വിജയം നേടിയ തമിഴ് ചിത്രം ജയിലറിന് ശേഷം ഗോകുലം കേരളത്തിലെത്തിക്കുന്ന ഇതരഭാഷാ ചിത്രവുമാണ് ജവാന്‍. കേരളത്തിലെ പ്രധാന സെന്‍ററുകളിലെല്ലാം ബിഗ് കപ്പാസിറ്റി തിയറ്ററുകളാണ് ജവാന് ലഭിച്ചിരിക്കുന്നത്. ഏഴാം തീയതി പുലര്‍ച്ചെ ആറ് മണിക്കാണ് ആദ്യ പ്രദര്‍ശനങ്ങള്‍. റിസര്‍വേഷന്‍ ആരംഭിച്ച ദിവസം തന്നെ പ്രധാന കേന്ദ്രങ്ങളിലെ പല ഷോകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. റിലീസിന് ഒരു ദിവസം മാത്രം ശേഷിക്കെ ആദ്യദിനത്തിലെ വലിയ വിഭാഗം പ്രദര്‍ശനങ്ങള്‍ ഏറെക്കുറെ ഫുള്‍ ആയിട്ടുണ്ട്.

Scroll to load tweet…
Scroll to load tweet…

അഡ്വാന്‍സ് റിസര്‍വേഷനിലൂടെ ആദ്യദിനം കേരളത്തില്‍ നിന്ന് ചിത്രം ഇതുവരെ 70-75 ലക്ഷം നേടിയതായാണ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. പ്രീ റിലീസ് ബുക്കിംഗിലൂടെ പഠാന്‍ നേടിയത് 73 ലക്ഷം ആയിരുന്നു. പ്രീ ബുക്കിംഗിന് ഒരു ദിവസം കൂടി ശേഷിക്കുന്നതിനാല്‍ കേരളത്തിലെ ആദ്യദിന കളക്ഷനില്‍ ചിത്രം പഠാനെ മറികടക്കുമെന്നാണ് തിയറ്റര്‍ മേഖലയുടെ കണക്കുകൂട്ടല്‍. പോസിറ്റീവ് അഭിപ്രായം വരുന്നപക്ഷം കാണികളെ കൂട്ടമായി തിയറ്ററിലേക്ക് ആകര്‍ഷിക്കാന്‍ ചിത്രത്തിന് കഴിയും. ബോളിവുഡ് താരങ്ങളില്‍ കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാന്‍. പഠാന് ലഭിച്ച തിയറ്റര്‍ പ്രതികരണത്തില്‍ അത് വ്യക്തമായിരുന്നു. ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റമെന്ന പ്രത്യേകതയുമുണ്ട്.

ALSO READ : ഓണം കഴിഞ്ഞുള്ള തിങ്കളാഴ്ചയും ബോക്സ് ഓഫീസില്‍ നിവര്‍ന്നുനിന്ന് ആര്‍ഡിഎക്സ്; 11 ദിവസത്തെ കളക്ഷന്‍

Jawan | Promotions at Kerala | Shah Rukh Khan | Atlee | Anirudh | Vijay Sethupathi | Gokulam Gopalan