കേരളത്തില്‍ ചിത്രം റിലീസ് ചെയ്യപ്പെട്ടത് 150 തിയറ്ററുകളില്‍ ആയിരുന്നെങ്കില്‍ രണ്ടാം വാരത്തിലേക്ക് എത്തുമ്പോള്‍ തിയറ്ററുകളുടെ എണ്ണം 180 ആയി വര്‍ധിപ്പിച്ചിരുന്നു

വന്‍ താരനിരയോ പ്രീ റിലീസ് പബ്ലിസിറ്റിയോ ഒന്നുമല്ല സിനിമാപ്രേമികളുടെ മനസില്‍ ഇടംനേടാനുള്ള വഴിയെന്ന് തെളിയിച്ച് മറ്റൊരു ചിത്രം കൂടി തിയറ്ററുകളില്‍ മികച്ച വിജയം നേടുകയാണ്. ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്‍ത ജയ ജയ ജയ ജയ ഹേ ആണ് ആ ചിത്രം. ഒക്ടോബര്‍ 28 ന് ആയിരുന്നു ചിത്രത്തിന്‍റെ കേരള റിലീസ്. ജിസിസി ഉള്‍പ്പെടെയുള്ള വിദേശ മാര്‍ക്കറ്റുകളിലെ റിലീസും ഇതേ ദിവസമായിരുന്നു. ആദ്യ ദിനം മുതല്‍ മികച്ച മൌത്ത് പബ്ലിസിറ്റി നേടിയെടുത്ത ചിത്രം തിയറ്ററുകള്‍ നിറച്ചു. 

കേരളത്തില്‍ ചിത്രം റിലീസ് ചെയ്യപ്പെട്ടത് 150 തിയറ്ററുകളില്‍ ആയിരുന്നെങ്കില്‍ രണ്ടാം വാരത്തിലേക്ക് എത്തുമ്പോള്‍ തിയറ്ററുകളുടെ എണ്ണം 180 ആയി വര്‍ധിപ്പിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ റെസ്റ്റ് ഓഫ് ഇന്ത്യ റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ്. നവംബര്‍ 11 ന് ആണ് ചിത്രം കേരളത്തിന് പുറത്ത് മറ്റു സംസ്ഥാനങ്ങളില്‍ പ്രദര്‍ശനത്തിന് എത്തുക. ഈ വാരാന്ത്യത്തിലും അടുത്ത വാരത്തിലുമായി ഇനിയും പല രാജ്യങ്ങളിലും ചിത്രം പുതുതായി പ്രദര്‍ശനത്തിന് എത്തുമെന്ന് അണിയറക്കാര്‍ അറിയിച്ചിരുന്നു. മികച്ച മൌത്ത് പബ്ലിസിറ്റി നേടിയെടുത്ത ചിത്രം കൂടുതല്‍ മാര്‍ക്കറ്റുകളിലേക്ക് എത്തുന്നതോടെ കളക്ഷനില്‍ കാര്യമായ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

ALSO READ : മൂന്നാം ദിനവും അധിക പ്രദര്‍ശനങ്ങള്‍; ആസിഫ് അലിയുടെ ബോക്സ് ഓഫീസ് തിരിച്ചുവരവായി 'കൂമന്‍'

ജാനെമൻ എന്ന ചിത്രം നിര്‍മിച്ച ചിയേഴ്‍സ് എന്റര്‍ടെയ്‍ൻമെന്റ് ആണ് ഈ ചിത്രത്തിന്‍റെയും നിര്‍മ്മാണം. ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് നിര്‍മ്മാതാക്കള്‍. അമൽ പോൾസന്‍ ആണ് സഹനിർമ്മാണം. വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കലാസംവിധാനം ബാബു പിള്ള, ചമയം സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം അശ്വതി ജയകുമാർ, നിർമ്മാണ നിർവ്വഹണം പ്രശാന്ത് നാരായണൻ, മുഖ്യ സഹസംവിധാനം അനീവ് സുരേന്ദ്രൻ, ധനകാര്യം അഗ്നിവേഷ്, നിശ്ചല ചായാഗ്രഹണം ശ്രീക്കുട്ടൻ, വാർത്താ പ്രചരണം വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.