2004ൽ ജയരാജിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രം. 

ഴിഞ്ഞ രണ്ട് മൂന്ന് വർഷമായി സിനിമാ മേഖലയിൽ എത്തിയ ട്രെന്റ് ആണ് റി റിലീസ്. മുൻകാലങ്ങളിൽ റിലീസ് ചെയ്ത സിനിമകൾ പുത്തൻ സാങ്കേതിക മികവിൽ തിയറ്ററുകളിൽ എത്തിക്കും. അത്തരത്തിൽ ഒരുപിടി സിനിമകൾ മലയാളത്തിലും റി റിലീസ് ചെയ്തിരുന്നു. ഛോട്ടാ മുംബൈ ആയിരുന്നു ഇക്കൂട്ടത്തിൽ അവസാനമെത്തിയ ചിത്രം. ഈ അവസരത്തിൽ മലയാളികൾ ഒന്നടങ്കം കൊണ്ടാടിയൊരു സിനിമ റി റിലീസ് ചെയ്യുമോ എന്ന ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

2004ൽ ജയരാജിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയമായി മാറിയ ഫോർ ദി പീപ്പിൾ ആണ് ആ സിനിമ. അനീതിക്കെതിരെ പോരാടിയ ഈ ചിത്രം അന്നത്തെ ട്രെന്റ് സെറ്ററായിരുന്നു. സിനിമയ്ക്ക് ഒപ്പം തന്നെ ജാസി ​ഗിഫ്റ്റിന്റെ ലജ്ജാവതി അടക്കമുള്ള പാട്ടുകൾ വൻ ഓളം തീർത്തു. തീയറ്ററിനുള്ളിൽ ഫോർ ദി പീപ്പിൾ സെലിബ്രേറ്റ് ചെയ്യപ്പെട്ടു. ഇന്നും പറഞ്ഞ പ്രമേയം കൊണ്ട് ശ്രദ്ധേയമായി നിൽക്കുന്ന സിനിമയെ കുറിച്ച് നടൻ അരുൺ ചെറുകാവിൽ പറഞ്ഞ കാര്യങ്ങളാണ് റി റിലീസ് ചർച്ചയിലേക്ക് എത്തിച്ചിരിക്കുന്നത്. ദി ക്യു സ്റ്റുഡിയയോട് ആയിരുന്നു അരുൺ ഫോർ ദി പീപ്പിളിനെ കുറിച്ച് പറഞ്ഞത്.

"ഫോർ ദ പീപ്പിളിൽ ഏറ്റവും അവസാനം വന്ന ആളാണ് ഞാൻ. പനമ്പള്ളി ന​ഗറിൽ വച്ചായിരുന്നു ഒഡിഷൻ. അങ്ങനെ ഒഡിഷൻ കഴിഞ്ഞു. സെലക്ട് ആയി. അടുത്ത ദിവസം തന്നെ ജോയിൻ ചെയ്യാനും പറഞ്ഞു. ഞാൻ അത്ഭുതപ്പെട്ടു പോയി അന്ന്. മുപ്പത്തി രണ്ട്, മുപ്പത്തി നാല് ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു. റിലീസിന് മുന്നേ സിനിമയിലെ പാട്ടുകൾ ഹിറ്റായി. അപ്പോഴേക്കും തിയറ്ററിൽ എങ്ങനെ എങ്കിലും ഈ പാട്ട് കണ്ടാൽ മതി എന്നായിരുന്നു. അത്ഭുതകരമായ പ്രതികരണങ്ങളായിരുന്നു തിയറ്ററിൽ നിന്നും ലഭിച്ചതും. തിയറ്റർ വിസിറ്റ് ആദ്യം ചെയ്ത സിനിമയാണ് ഫോർ ദ പീപ്പിൾ എന്ന് തോന്നുന്നു. ഫുൾ കേരള തിയറ്റർ വിസിറ്റ് ഉണ്ടായിരുന്നു", എന്ന് അരുൺ പറയുന്നു.

"ഇപ്പോ എന്നോട് ഒരുപാട് പേര് ചോദിക്കുന്നുണ്ട്. ചേട്ടാ ഫോർ ദ പീപ്പിൾ റി റിലീസ് ചെയ്യുമോന്ന്. അന്നത്തെ ചെറിയ കുട്ടികൾ ഇന്ന് വലിയവരായി. നിർമാതാക്കളോ സംവിധായകനോ ഒക്കെ ഉത്തരം പറയേണ്ട കാര്യമാണത്", എന്നും അരുൺ ചെറുകാവിൽ കൂട്ടിച്ചേർത്തു.

അരുൺ, ഭരത്, പദ്മകുമാർ, അർജുൻ ബോസ്, നരേൻ, ഗോപിക തുടങ്ങിയ താരനിര അണിനിരന്ന സിനിമയായിരുന്നു ഫോർ ദി പീപ്പിൾ. ആനന്ദഭൈരവിയുടെ ബാനറിൽ സാബു ചെറിയാൻ ആയിരുന്നു നിർമ്മാണം. ജാസി ​ഗിഫ്റ്റ് ആയിരുന്നു സം​ഗീത സംവിധാനം.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്