ജയരാജ് സംവിധാനം ചെയ്‍ത 'ഹാസ്യം' ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നവരസ പരമ്പരയില്‍ ജയരാജ് ഒരുക്കിയ എട്ടാമത്തെ സിനിമയാണിത്.  മെഡിക്കൽ വിദ്യാർത്ഥികൾക്കായി കഡാവർ എത്തിക്കുന്നതടക്കം പല ജോലികൾ ചെയ്തു ജീവിക്കുന്ന 'ജപ്പാൻ' എന്നയാളുടെ കഥയാണ് ചിത്രത്തിന്‍റെ പ്രമേയം. കറുത്ത ഹാസ്യം എന്ന രീതിയിൽ എടുത്തിരിക്കുന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഹരിശ്രീ അശോകൻ ആണ്.

ജൂലൈ 18 മുതൽ 27 വരെയാണ് ഷാങ്ഹായ് ചലച്ചിത്രമേളയുടെ നേരത്തെ പ്രഖ്യാപിച്ചിരിക്കുന്ന സമയം. മേളയുടെ പനോരമ വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുത്തിരിക്കുന്നത്. കോവിഡ് 19 മഹാമാരിയെ തുടർന്ന് കർശനമായ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും ചലചിത്രമേള നടക്കുക. സബിത ജയരാജ്, ഉല്ലാസ് പന്തളം, ഷൈനി സാറ, കെപിഎസി ലീല, ഡോ. പി എം മാധവൻ, വാവച്ചൻ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ജയരാജിന്‍റേതാണ് രചനയും.

എപ്പോക്ക് ഫിലിംസിന്‍റെ ബാനറിൽ ജഹാംഗീർ ഷംസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഛായാഗ്രഹണം വിനോദ് ഇല്ലമ്പള്ളി. എഡിറ്റിംഗ് വിപിൻ മണ്ണൂർ. നിശ്ചലചിത്രങ്ങള്‍ ജയേഷ് പാടിച്ചാൽ.