ഗോസ്റ്റ് പ്രൊമോഷണല്‍ പ്രസ് മീറ്റില്‍ ജയറാമിന്‍റെ പ്രതികരണം

വിജയ് നായകനാവുന്ന ലിയോയ്ക്ക് സമാനമായി സമീപകാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ പ്രീ റിലീസ് ഹൈപ്പ് സൃഷ്ടിച്ച ഒരു ചിത്രമില്ല. തെന്നിന്ത്യന്‍ സിനിമാലോകത്തെ ആകെ അമ്പരപ്പിക്കുന്ന തരത്തിലാണ് ലിയോയ്ക്ക് ലഭിക്കുന്ന അഡ്വാന്‍സ് റിസര്‍വേഷന്‍. ജയിലറില്‍ മോഹന്‍ലാല്‍ സാന്നിധ്യമായിരുന്നതുപോലെ ലിയോയില്‍ മലയാളികള്‍ പലരുണ്ട്. മാത്യു തോമസ്, ബാബു ആന്‍റണി, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് അത്. എന്നാല്‍ ലിയോയ്ക്ക് ശേഷമെത്തുന്ന വിജയ് ചിത്രത്തിലും ഒരു മലയാളി താരമുണ്ട്. ജയറാം ആണ് അത്.

ലിയോയ്ക്ക് ശേഷം വിജയ് നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കട് പ്രഭുവാണ്. ദളപതി 68 എന്ന് താല്‍ക്കാലികമായി നാമകരണം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ജയറാം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് രണ്ടാഴ്ച മുന്‍പ് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണം എത്തിയിരുന്നില്ല. ഇപ്പോള്‍ ഇതാ അത് സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. ജയറാം തന്നെയാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അക്കാര്യം പറഞ്ഞത്.

വെങ്കട് പ്രഭുവിന്‍റെ വിജയ് ചിത്രത്തില്‍ ജയറാം ഒപ്പം അഭിനയിക്കുന്നെന്ന് പ്രചരണമുണ്ടല്ലോ എന്ന ചോദ്യത്തിന് ഞങ്ങള്‍ ഒരുമിച്ച് ഒരു സീന്‍ അഭിനയിച്ചുകഴിഞ്ഞു അതില്‍ എന്നായിരുന്നു ജയറാമിന്‍റെ പ്രതികരണം. വിജയ്ക്കൊപ്പമുള്ള അഭിനയാനുഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് മുന്‍പും ഒരുമിച്ച് ചെയ്തിട്ടുണ്ടല്ലോ എന്നായിരുന്നു ജയറാമിന്‍റെ മറുപടി. എ ആര്‍ മുരുഗദോസിന്‍റെ സംവിധാനത്തില്‍ 2012 ല്‍ പുറത്തിറങ്ങിയ തുപ്പാക്കിയിലാണ് ഇതിനുമുന്‍പ് വിജയിയും ജയറാമും ഒരുമിച്ച് അഭിനയിച്ചത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ ചോദ്യങ്ങള്‍ക്ക്, വരട്ടെ ആ സിനിമ വരുമ്പോള്‍ പറയാമെന്നായിരുന്നു ജയറാമിന്‍റെ മറുപടി. വെങ്കട് പ്രഭുവുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നും ഒരു കുടുംബസുഹൃത്തിനെപ്പോലെയാണ് അദ്ദേഹമെന്നും ജയറാം പറഞ്ഞു.

ശിവ രാജ്‍കുമാര്‍ നായകനാവുന്ന പാന്‍ ഇന്ത്യന്‍ കന്നഡ ചിത്രം ഗോസ്റ്റിന്‍റെ പ്രചരണാര്‍ഥമുള്ള വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു ജയറാം. ശിവ രാജ്‍കുമാറും ഒപ്പമുണ്ടായിരുന്നു. ഹെയ്സ്റ്റ് ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഈ ചിത്രത്തിന്‍റെ റിലീസ് ഒക്ടോബര്‍ 19 ന് ആണ്.

ALSO READ : ത്രില്ലറിന് പുതിയ മുഖവുമായി 'എസ്‍ജി'; 'ഗരുഡന്‍' ട്രെയ്‍ലര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക