'പട്ടാഭിരാമന്' ശേഷം ജയറാം അഭിനയിക്കുന്നത് തെലുങ്ക് ചിത്രത്തില്‍. അല്ലു അര്‍ജുന്‍ നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. അല്ലു അര്‍ജുന്റെ കരിയറിലെ 19-ാം ചിത്രമാണിത്. മുന്‍പ് അല്ലുവിനെ നായകനാക്കി സണ്‍ ഓഫ് സത്യമൂര്‍ത്തിയും രവീന്ദ്ര രവി നാരായണുമൊക്കെ ഒരുക്കിയ സംവിധായകനാണ് ത്രിവിക്രം ശ്രീനിവാസ്.

പുതിയ ഗെറ്റപ്പിലാണ് ജയറാം ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചതായും ജയറാം ഫേസ്ബുക്കിലൂടെ അറിയിച്ചു. തെലുങ്കില്‍ കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ 'ഭാഗ്മതി'യിലും ജയറാം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു അത്.

അതേസമയം വിജയ് സേതുപതിക്കൊപ്പമെത്തിയ 'മാര്‍ക്കോണി മത്തായി'യാണ് ജയറാമിന്റേതായി അവസാനം തീയേറ്ററുകളിലെത്തിയ ചിത്രം. കണ്ണന്‍ താമരക്കുളത്തിന്റെ പട്ടാഭിരാമനാണ് അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.